
ഫീനിക്സ്, അരിസോണ: കോവിഡിനെത്തുടർന്ന് ഞായറാഴ്ച നിര്യാതനായ ജോർജ് ഡി ചാക്കോയുടെ, 48, കുടുംബത്തിനായി ഫിനിക്സിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു.

പിതാവ് 78 വയസുള്ള എൻ.ജി. ചാക്കോയുടെയും 14 വയസുള്ള പുത്രൻ ജബിൻ ജോർജിന്റെയും ഏക ആശ്രയമായിരുന്നു. ഭാര്യ ബിബി ജോർജ് 2011ൽ അപകടത്തിൽ മുങ്ങിമരിക്കുമ്പോൾ ഏക മകൻ ജബിന് നാല് വയസ്സ് മാത്രമായിരുന്നു പ്രായം.
രണ്ടിടത്തായി ജോലി ചെയ്താണ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിരുന്നത്.
ജബിനിപ്പോൾ ഹൈലാൻഡ് ഹൈസ്‌കൂളിൽ വിദ്യാർത്ഥിയാണ്. അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ താങ്ങായി നിന്ന അച്ഛൻ കൂടി ലോകത്തുനിന്ന് ഇല്ലാതായതോടെ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടിയുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രതിസന്ധിയിലായത്.
പഠനത്തിൽ മിടുക്കനായ മകനെക്കുറിച്ച് അച്ഛൻ കണ്ട സ്വപ്‌നങ്ങൾ പൂവണിയണമെങ്കിൽ നമ്മളിൽ ഓരോരുത്തരും മനസ്സറിഞ്ഞ് സഹായിച്ചേ തീരൂ. നമ്മളിൽപ്പെട്ട, നമ്മുടെ ഒരു സഹോദരനുവേണ്ടി കഴിയുന്ന വിധത്തിൽ എല്ലാവരും സഹായം നൽകാൻ അപേക്ഷിക്കുകയാണ്. ഈ പുണ്യപ്രവൃത്തിക്കായി നമുക്ക് കൈകോർക്കാം.
ചില സമയങ്ങളിൽ ജീവിതത്തിന്റെ ദുരിതക്കയങ്ങൾ വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാതെ വരും. നമ്മുടെ പ്രിയങ്കരനായ സഹോദരൻ ജോർജ് ഡി ചാക്കോയുടെയും കുടുംബത്തിന്റെയും അവസ്ഥയും അത്തരത്തിലൊന്നാണ്-ഫണ്ട് സമാഹരണ പേജിൽ ചൂണ്ടിക്കാട്ടുന്നു.
Fundraiser by ST. THOMAS ORTHODOX CHURCH PHOENIX AZ : Helping hand for George’s family (gofundme.com)
