THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, October 4, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകര്‍; ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രതിഷേധ മുന്നേറ്റം

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകര്‍; ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രതിഷേധ മുന്നേറ്റം

ഡയസ് ഇടിക്കുള
(ജനറല്‍ സെക്രട്ടറി, പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു.എ.ഇ ചാപ്റ്റര്‍)

adpost

ഇന്ത്യന്‍ സമ്പദ്ഘടനയെ നിലനിര്‍ത്തുന്നതില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ കര്‍ഷക സമൂഹം അതിജീവനത്തിനായി പൊരുതുന്ന കാഴ്ചയാണ് നാം അനുദിനം കാണുന്നത്. നമ്മുടെ രാജ്യത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ഉപജീവനമാര്‍ഗം കൃഷിയാണ്.

adpost

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുന്ന മൂന്ന് ബില്ലുകളും അക്ഷരാര്‍ത്ഥത്തില്‍ കോര്‍പറേറ്റുകള്‍ക്ക് കോളനി വാഴ്ച നടത്തുവാന്‍ ഉപയുക്തമായ വിധം ക്രമീകരിയ്ക്കപെട്ടതാണ്. കാര്‍ഷിക കുത്തകകളുടെ അധിനിവേശത്തിനെതിരെ പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകരുടെ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോപം.

ലോക്‌സഭയും രാജ്യസഭയും പാസാക്കി നിയമമാക്കപ്പെടുന്ന 3 ബില്ലുകളും ഇന്ത്യയിലെ സമസ്ത ജനതയെയും ബാധിക്കുന്ന വിഷയമാണ്. അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം നമുക്കു വേണ്ടിയാണെന്ന് നാം തിരിച്ചറിയണം.

കര്‍ഷകരുടെ ഉന്നമനത്തിനാണ് ഈ ബില്ലുകള്‍ അവതരിപ്പിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഏത് കാലഘട്ടത്തിലും ചൂഷണത്തിന് വിധേയനാകാന്‍ വിധിയ്ക്കപ്പെട്ട സമൂഹമാണ് കര്‍ഷകര്‍. ഭക്ഷ്യ സുരക്ഷ നിലനിര്‍ത്തുവാന്‍ ജീവിതാന്ത്യം വരെ കൃഷി ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകനു വേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരാണ് ജനാധിപത്യ രാജ്യത്ത് ഉണ്ടാകേണ്ടത്.

ജനകീയ സ്പന്ദനങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയുന്ന ഭരണാധികാരിയെയാണ് രാജ്യം കാംക്ഷിയ്ക്കുന്നത്. ജനകീയ സ്പന്ദനങ്ങളേക്കാള്‍ കോര്‍പറേറ്റുകളുടെ സ്പന്ദനങ്ങള്‍ ഇഷ്ടപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ഇറക്കിയ മൂന്ന് ഓര്‍ഡിനന്‍സുകളും ജനകീയ വിചാരണയ്ക്ക് വിധേയമാക്കപ്പെടണം.

ജനകീയ വിചാരണയ്ക്ക് വിധേയമാക്കപ്പെടേണ്ട ഓര്‍ഡിനന്‍സുകള്‍

i) ദി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് 2020.

ii) ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ െ്രെപസ് അഷ്വറന്‍സ് ഫാം സര്‍വ്വീസസ് ഓര്‍ഡിനന്‍സ് 2020.

iii) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമന്‍മെന്റ്) ഓര്‍ഡിനന്‍സ് 2020.

കോവിഡ് മഹാമാരിയില്‍ ലോക സമ്പദ്ഘടനയില്‍ ഉണ്ടായിരിയ്ക്കുന്ന പ്രതിസന്ധി ഏറ്റവും അധികം ബാധിക്കുന്നത് രാജ്യത്തെ സാധാരണക്കാരെയാണ്. സാധാരണ ജനവിഭാഗം ഏറ്റവും കൂടുതല്‍ ആശ്രയിയ്ക്കുന്ന കാര്‍ഷിക മേഖലയെ അക്ഷരത്തില്‍ സ്തംഭിപ്പിയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഈ മൂന്ന് ഓര്‍ഡിനന്‍സുകള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാര്‍ഷിക വിഭവങ്ങളുടെ സംഭരണ വിതരണ കേന്ദ്രങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതാണ് ഈ ഓര്‍ഡിനന്‍സുകള്‍.

കാര്‍ഷിക വിഭവങ്ങളുടെ വിപണി ഇന്ത്യയില്‍ നിലനിര്‍ത്തുന്നത് കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതികളും (Agriculture Produce Market Committee), ചെറുകിട വ്യാപാരികളുമാണ്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് സഹകരണ ചന്തകള്‍ നല്‍കുന്ന സേവനം വളരെ വലുതാണ്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണ ചന്തകളില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുമ്പോള്‍ ചൂഷണരഹിതമായ സമ്പദ്ഘടന ഗ്രാമീണതലത്തില്‍ ശക്തി പ്രാപിയ്ക്കുന്നു.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നല്‍കി, സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുന്നതും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാണ്. ചെറുകിട വ്യാപാരികള്‍ മുഖേനയുള്ള കച്ചവടം ഗ്രാമീണ കര്‍ഷകര്‍ക്ക് വലിയ സഹായമാണ് നല്‍കുന്നത്. കര്‍ഷകനെ അറിയുന്ന ചെറുകിട വ്യാപാരികള്‍ക്ക് പകരം കോര്‍പറേറ്റുകള്‍ വിപണി കീഴടക്കുന്ന സാഹചര്യം അത്യന്തം അപകടകരമാണ്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കുവാനും, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ആക്കി വിതരണം ചെയ്യുവാനും പ്രാപ്തി ഇല്ലാത്ത കര്‍ഷകര്‍, കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നല്‍കേണ്ട സാഹചര്യമാണ് ഉളവാകുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാര്‍ഷിക വിപണന മാര്‍ക്കറ്റ് ഇന്ത്യയില്‍ ആരംഭിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പരുത്തി ബ്രിട്ടണിലെ തുണി മില്‍ ഉടമകള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് 1886 ല്‍ ഹൈദരാബാദിലാണ് ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക വിപണന മാര്‍ക്കറ്റിന് തുടക്കം കുറിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍, താങ്ങുവിലയും, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണ സംവിധാനവും സംസ്ഥാനങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തി. ഇന്ന് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിയ്ക്കുന്ന കാര്‍ഷിക വിപണന കേന്ദ്രങ്ങളും, സര്‍ക്കാര്‍ സംഭരണ സംവിധാനവും ഈ നിയമം മൂലം ഉണ്ടായതാണ്.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഈ ഓര്‍ഡിനന്‍സുകള്‍ പ്രാവര്‍ത്തികം ആകുന്ന അവസരത്തില്‍, കാര്‍ഷിക ഉല്‍പന്നങ്ങളുടെ താങ്ങുവിലയും, സര്‍ക്കാര്‍ ഏജന്‍സികളുടെ സംഭരണവും നിലയ്ക്കുമെന്നാണ് കര്‍ഷകര്‍ ആകുലപ്പടുന്നത്. കോര്‍പറേറ്റുകള്‍ ഒരുക്കുന്ന വ്യാപാര ശൃംഖലകള്‍ക്ക് മുന്നില്‍ ചെറുകിട വ്യാപാരികളും, കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതികളും തകര്‍ന്ന് പോകും. ഇത്തരം സാഹചര്യത്തെ അതിജീവിയ്ക്കുവാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം.

ചെറുകിട കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്നും കുടിയിറക്കുന്ന സാഹചര്യമാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യമിടുന്നത്. ലാഭം മാത്രമാണ് കോര്‍പറേറ്റുകളുടെ ലക്ഷ്യം. ഹരിത സമ്പന്നമായ കൃഷി ഭൂമികള്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തില്‍ എത്തുകയും, സര്‍ക്കാര്‍ നല്‍കുന്ന കാര്‍ഷിക സബ്‌സിഡികള്‍ കോര്‍പറേറ്റുകള്‍ക്ക് ലഭ്യമാവുകയും ചെയ്യുന്ന അത്യന്തം അപകടകരമായ സാഹചര്യമാണ് വരാന്‍ പോകുന്നത്.

കാര്‍ഷിക വികസനത്തിന്, പാശ്ചാത്യ മാതൃക ഇന്ത്യയില്‍ നടപ്പാകുമ്പോള്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള വന്‍കിട കൃഷി ഭൂമിയില്‍ അതിജീവനത്തിനായി പണിയെടുക്കുന്ന അടിമകളായി ഗ്രാമീണ കര്‍ഷകര്‍ മാറും. കാര്‍ഷിക വിപണന മാര്‍ക്കറ്റില്‍ നിന്ന് പ്രാദേശിക സര്‍ക്കാരുകളെ പിന്‍വലിക്കുന്ന ബില്ല് നമ്മുടെ രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കുന്നതാണ്.

ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റുകളുടെ കോളണി വാഴ്ച്ച ഉറപ്പിയ്ക്കുന്നതാണ്, കാര്‍ഷിക വിപണന ബില്ലിനൊപ്പം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ (കരാര്‍ കൃഷിയ്ക്ക് സൗകര്യമൊരുക്കുന്ന ബില്ല് & കാര്‍ഷിക വിഭവങ്ങള്‍ ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന ബില്ല്).

ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

കരാര്‍ കൃഷി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ വലുതാണ്. ജനങ്ങളുടെ ഭക്ഷ്യ താല്പര്യമുള്ള വിളകള്‍ കൃഷി ചെയ്യുന്ന രീതി മാറുകയും, ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ നമ്മുടെ കൃഷി ഭൂമികളില്‍ കൃഷി ചെയ്യുന്നത് പരിസ്ഥിതി മേഖലയിലും, ആരോഗ്യ മേഖലയിലും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വലുതാണ്.

പ്രകൃതി സമ്പന്നമായ നമ്മുടെ കൃഷി ഭൂമിയുടെ ജൈവഘടന തകര്‍ക്കുന്നതാണ് ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍. കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന കൃഷി രീതിയും, ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ നിശ്ചയിക്കുന്ന ഭക്ഷണവും രാജ്യത്ത് നടപ്പാകാന്‍ പോകുമെന്നാണ് പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയുന്നത്. കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ പരിസ്ഥിതി സൗഹൃദ ബദല്‍ നയം രൂപീകരിക്കണം.

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനും, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ഉപജീവനമാര്‍ഗമായ കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ പരിസ്ഥിതി സൗഹൃദ ബദല്‍ നയം രൂപീകരിയ്ക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. കര്‍ഷക കേന്ദ്രീകൃത ബഡ്ജറ്റുകള്‍ അടിസ്ഥാന തലത്തില്‍ ഉണ്ടാകണം. നമ്മുടെ ആരോഗ്യം കുത്തക കമ്പിനികള്‍ക്ക് പണയം വെയ്ക്കാനുള്ളതല്ല. പൈതൃകമായി നമ്മുടെ കര്‍ഷകര്‍ നിലനിര്‍ത്തുന്ന കൃഷി രീതികളും, നാട്ടറിവുകളും അന്യം നില്‍ക്കരുത്.

മണ്ണിനെ സ്‌നേഹിയ്ക്കുന്ന കര്‍ഷകനും, കര്‍ഷകനെ നിലനിര്‍ത്തുന്ന ഗോശാലകളും അന്യമാകരുത്. വിഷരഹിത വിളകള്‍ കൃഷി ചെയ്യുന്നതിനും, മണ്ണിന്റെ ജൈവഘടന നിലനിര്‍ത്തുന്നതിനും നാടന്‍ പശുക്കളുടെ ഗോശാലകള്‍ സംരക്ഷിയ്ക്കപ്പെടണം. രാസവള കമ്പനികള്‍ക്കും കീടനാശിനി കമ്പനികള്‍ക്കും നല്‍കുന്ന സര്‍ക്കാര്‍ സബ്‌സീഡി, മണ്ണിനെ സ്‌നേഹിയ്ക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

രാജ്യാന്തര നിലവാരമുള്ള വിഷരഹിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി കര്‍ഷകനെ പ്രാപ്തമാക്കുകയും, രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കര്‍ഷകന് നേരിട്ട് വിറ്റഴിയ്ക്കാന്‍ കഴിയുന്ന വിപുലമായ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തിയാല്‍ ഇന്ത്യന്‍ സമ്പദ്ഘടന ശക്തമാകും.

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകരുടെ ശബ്ദമാണ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം. ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള പതിനായിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കേണ്ടത് നമ്മുടെ ധാര്‍മ്മിക ചുമതലയാണ്. അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകരുടെ ശബ്ദമാണ് അവരിലൂടെ നാം ശ്രവിക്കുന്നത്.

കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. ഇന്ത്യന്‍ കര്‍ഷര്‍ക്ക് സംരക്ഷണം നല്‍കുന്ന ശബ്ദമാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയില്‍ നിന്നും ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത്. അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്കൊപ്പം നമുക്കും പോരാടാം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com