അജു വാരിക്കാട്.
ഹ്യൂസ്റ്റൺ : 70 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഫെബ്രുവരി ആണ് ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിലും ഹ്യൂസ്റ്റൺ പ്രദേശം അനുഭവിക്കുവാൻ പോകുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. എല്ലാവരും അതിനു മുന്നോടിയായുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ എല്ലാം നടത്തിക്കഴിഞ്ഞു. കടകളിൽ ഒന്നും ജനറേറ്ററുകളും സ്പേസ് ഹീറ്ററുകളും ഇപ്പോൾ ലഭ്യമല്ല. എന്തെങ്കിലും കാരണവശാൽ വൈദ്യുതി ബന്ധം ഇല്ലാതായാൽ ഒരു കരുതൽ എന്നോണം ആണ് ജനറേറ്ററുകൾ ആവശ്യമായി വരുന്നത്. ഡാലസിൽ കഴിഞ്ഞദിവസം നടന്ന നൂറുകണക്കിന് വാഹനങ്ങളുടെ അപകടം പോലെ ഒന്ന് ഹ്യൂസ്റ്റണിൽ ഉണ്ടാവാതിരിക്കാനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനായി ഉപ്പും മണലും നിറഞ്ഞ മിശ്രിതം നിറച്ച വണ്ടികൾ തയ്യാറായിട്ടുണ്ട് എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഹ്യൂസ്റ്റണിലെ പ്രധാനപ്പെട്ട എല്ലാ നിരത്തുകളിലും ഈ മിശ്രിതം വിതറാൻ ആണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പാലങ്ങൾ ഓവർ പാസുകൾ വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ വെള്ളം തണുത്തുറഞ്ഞ് വലിയ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ മിശ്രിതം സഹായിക്കും. പരമാവധി ആളുകൾ വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് നിർദേശം നൽകിയിട്ടുള്ളത്. പ്രത്യേകിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലെ ഉള്ള സമയങ്ങളിലും . മലയാളികളുടെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ അതിശൈത്യത്തിന്റെ വിശദാംശങ്ങളും വിശദീകരണങ്ങളും പ്രതിരോധ നടപടികളും ഒക്കെയും കൊണ്ട് നിറഞ്ഞു നിൽക്കുന്നു. സ്പ്രിംഗ്ലർ സിസ്റ്റം ഉള്ളവർ അത് ഓഫ് ചെയ്തു വെള്ളം ഒഴുക്കി കളയണം. അല്ലെങ്കിൽ അത് തണുത്തുറഞ്ഞ് സ്പ്രിംഗ്ലർ സിസ്റ്റം പൊട്ടി പോകാൻ സാധ്യതയുണ്ട്. അത് എങ്ങനെ ഓഫ് ചെയ്യണം എന്ന് വിശദീകരിക്കുന്ന പല യൂട്യൂബ് വീഡിയോകളും പലരും ഷെയർ ചെയ്യുന്നു. അതുപോലെതന്നെ വീടിൻറെ പുറം ഭാഗത്തുള്ള പൈപ്പുകളും മറ്റും തണുപ്പിനെ പ്രതിരോധിക്കത്തക്ക രീതിയിൽ പൊതിഞ്ഞു വെക്കേണ്ടതാണ്. തണുപ്പിനെ പ്രതിരോധിക്കാൻ സാധ്യതയില്ലാത്ത എല്ലാ ചെടികളും വൃക്ഷങ്ങളും കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മൂടുന്ന ചിത്രങ്ങൾ വാട്സാപ്പിലൂടെ പലരും പങ്കുവയ്ക്കുന്നു. പുറത്തു വളർത്തു നായ്ക്കളേയും മറ്റും രണ്ടുദിവസത്തേക്ക് എങ്കിലും അകത്തേക്ക് കൊണ്ടുവരുന്ന കാര്യം പലരും മനസ്സില്ലാമനസ്സോടെ എങ്കിലും സമ്മതിച്ചു പോരുന്നു. എന്തായാലും ഒരു കാര്യം വ്യക്തമാണ് ഹ്യൂസ്റ്റണിൽ ഉള്ളവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തണുത്ത കാലാവസ്ഥയാണ് ഈ ദിവസങ്ങളിൽ ഇവിടെ എത്തുന്നത്. ഹോസ്പിറ്റലിൽ തിങ്കളാഴ്ചയും മറ്റും ജോലിയുള്ളവർ ഞായറാഴ്ച രാത്രിയിലെ അവിടെയെത്തി കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട് എന്ന് ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ അറിയിച്ചു.
സമാന നിർദേശങ്ങളുമായി മറ്റ് ഹോസ്പിറ്റലുകളും അറിയിപ്പുകൾ കൊടുത്തിട്ടുണ്ട്. ഭവനരഹിതരായ ആളുകൾക്ക് ജോർജ് ആർ ബ്രൗൺ കൺവെൻഷൻ സെൻറർ ഞായറാഴ്ച വൈകുന്നേരം മുതൽ കോവിഡ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടകരമായ കാലാവസ്ഥ മുൻനിർത്തി ഹ്യൂസ്റ്റൻ പ്രദേശങ്ങളിലുള്ള എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി നൽകിയിട്ടുണ്ട്.

