ന്യൂജേഴ്‌സി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. സുധാകരന്‍ തുടങ്ങി നിരവധി രാഷ്ട്രീയ സാമുദായിക സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഫൊക്കാനയുടെ അധികാരകൈമാറ്റം പ്രൗഢ ഗംഭീരമായി. 201820 ല്‍ ഫൊക്കാനയെ നയിച്ച ബി.മാധവന്‍ നായരുടെ നേതൃത്വത്തിലുള്ള ടീമില്‍ നിന്നും 2020- 22 കാലയളവില്‍ ഫൊക്കാനയെ നയിക്കുന്ന ജോര്‍ജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് കഴിഞ്ഞ ദിവസം അധികാരം കൈമാറിയത്.

കോവിഡ് മാനദണ്ഡം പാലിച്ച് ന്യൂജേഴ്‌സി ന്യൂയോര്‍ക്ക് മേഖലയിലെ ഏതാനും നേതാക്കള്‍ നേരിട്ടും ഫൊക്കാനയിലെ മറ്റു മേഖലയിലെ നേതാക്കന്മാര്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയും പങ്കെടുത്ത് നടത്തിയ ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്നും തുടര്‍ന്നും ഫൊക്കാന കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ സജീവമാകട്ടെ എന്നും ഉദ്ഘാടനപ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി ആശംസിച്ചു.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ, സാമൂഹ്യ, സാംസ്‌കാരിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ശ്ലാഘനീയമാണന്ന് അദ്ദേഹം പറഞ്ഞു. ഫാ.ഡേവിസ് ചിറമേലിന്റെ അനുഗ്രഹ പ്രഭാഷണം ശ്രദ്ധേയമായി.
മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍ ഫൊക്കാന അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവില്‍ ഉണ്ടായിരുന്ന വിഷയങ്ങളെ സംബന്ധിച്ചും അവ രമ്യമായി പരിഹരിച്ചതിനെക്കുറിച്ചും ആമുഖമായി സംസാരിച്ചു. ഫൊക്കാനയില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ക്ഷണികമായിരുന്നു എന്നും ഫൊക്കാന ജോര്‍ജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പുതിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മുന്‍കാല നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാനായില്‍ ഉണ്ടായിരുന്ന ചില തര്‍ക്കങ്ങള്‍ പരിഹരിക്കുകയും 2018- 2020 ടീമില്‍ നിന്നും പുതിയ ഭരണസമിതിക്ക് പരമാധികാരം കൈമാറുന്നതായി മുന്‍ പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു. പുതിയ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിന് ഫ്‌ളോറിഡയില്‍ നിന്നും എത്താന്‍ സാധിക്കാഞ്ഞത് മൂലം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് രേഖകള്‍ ഏറ്റു വാങ്ങി സെക്രട്ടറി സാജിമോന്‍ ആന്റണിയെ ഏല്‍പ്പിച്ചു.
കേരളാ ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു മന്ത്രിമാരും നേതാക്കളും പങ്കെടുത്ത തിരുവന്തപുരത്തു വച്ച് നടത്തിയ കേരളാ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മാധവന്‍ നായര്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. ജൂലൈയില്‍ അറ്റ്‌ലാന്റിക് സിറ്റിയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന കണ്‍വെന്‍ഷന്‍ കോവിഡ് പ്രതിസന്‌സി മൂലം റദ്ദു ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് 2020- 22 കാലയളവിലെ ഭാരവാഹികളെ പരിചയപ്പെടുത്തുവാന്‍ മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി ജേക്കബിനെ ക്ഷണിച്ചു. ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് തന്റെ നേതൃത്വത്തിലുള്ള നാല്‍പ്പതംഗ ടീമിനെ പരിചയപ്പെടുത്തി.
ഫൊക്കാനയിലെ ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും പൂര്‍ണ്ണമായും പരിഹരിച്ച് വളരെ ആര്‍ജ്ജവമുള്ള ഒരു ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. എല്ലാ സംഘടനകളുടെയും വളര്‍ച്ചകള്‍ക്ക് പിന്നില്‍ ഇത്തരം ചില തര്‍ക്കങ്ങളും മറ്റും ഉണ്ട്. അവ രമ്യമായി പരിഹരിക്കുന്നതോടെ സംഘടന കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ജനോപകാരപ്രദങ്ങളായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ജനകീയമാകും. 2020 22 കാലയളവില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അമേരിക്കയിലും കേരളത്തിലും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
വിഘടിച്ചു നിന്ന രണ്ട് ചേരികളെ ദീര്‍ഘനാളത്തെ ചര്‍ച്ചയ്ക്ക് ശേഷം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിന് പോള്‍ കറുകപ്പിള്ളില്‍, ഡോ.മാമ്മന്‍ സി. ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജി വര്‍ഗീസ്, മാധവന്‍ ബി നായര്‍,രഞ്ജിത്ത് പിള്ള, ലീലാ മാരേട്ട്, ഏബ്രഹാം ഈപ്പന്‍, ജോയി ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളും, ഓര്‍ത്തഡോക്‌സ് ടി.വി ഡയറക്ടറും, ഓര്‍ത്തഡോക്‌സ് സഭ ഹ്യൂസ്റ്റണ്‍ ഇടവക വികാരിയുമായ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ മദ്ധ്യസ്ഥതയും ഫൊക്കാനയിലെ നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമായതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
മാധവന്‍ ബി നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഫിലിപ്പോസ് ഫിലിപ്പ്, ഡോ.രഞ്ജിത്ത് പിള്ള എന്നിവര്‍ എം.സിമാരായി. വി.എസ്.ശിവകുമാര്‍ എം.എല്‍ എ, ഓര്‍ത്തഡോക്‌സ് ടി.വി ഡയറക്ടര്‍ റവ. ഫാദര്‍ ജോണ്‍സണ്‍ പുഞ്ചക്കോണം, ലീലാ മാരേട്ട്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റ്റി.എസ്.ചാക്കോ, മുന്‍ പ്രസിഡന്റുമാരായ ജി.കെ. പിള്ള, മറിയാമ്മ പിള്ള, കമ്മാണ്ടര്‍ ജോര്‍ജ് കോരത്, ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന ,കുര്യന്‍ പ്രക്കാനം, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി സജി പോത്തന്‍, ഏഷ്യാനെറ്റ് ‘എന്റെ മലയാളം’ പ്രോഗ്രാം ഡയറക്ടര്‍ സുബ്ര ഐസക്‌സ്‌റ്റെയ്ന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 2018- 20 ലേ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍ സ്വാഗതവും ഫൊക്കാനാ സെക്രെടറി സാജിമോന്‍ ആന്റണി നന്ദിയും പറഞ്ഞു.
പ്രശസ്ത ഗായകന്‍ കല്ലറ ഗോപന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികളോടെ ഫൊക്കാന അധികാരക്കൈമാറ്റ ചടങ്ങിന് തിരശീല വീണു.