ഫിലഡല്‍ഫിയ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തേക്ക് തിളച്ചെത്തുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ യുവജന കൂട്ടായ്മയായ ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ പ്രവര്‍ത്തകര്‍ എല്ലാവിധ സഹായ സഹകരണങ്ങളോടും കൂടിയുള്ള പിന്തുണ പ്രഖ്യാപിച്ചു.

ഈ അതി ശൈത്യത്തിലും ഇന്ത്യയിലെ കര്‍ഷകര്‍ വീടും വയലും ഉപേക്ഷിച്ച് ഡല്‍ഹിക്ക് വന്നിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കരിനിയമത്തിനെതിരെ പ്രതിഷേധിക്കാനാണ്. എന്നാല്‍, കര്‍ഷകരുടെ വീറും വാശിയും നിറഞ്ഞ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് പോലീസിന്നെയും മറ്റു സന്നാഹങ്ങളും ഉപയോഗിച്ച് തടയുവാനും നിര്‍വീര്യമാക്കുവാനുമുള്ള സര്‍ക്കാര്‍ ശ്രമം പാളുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് . കര്‍ഷകരുടെ അത്യുജ്വല പോരാട്ടവീര്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്ന കാലം വിദൂരമില്ലെന്നും, പാവപ്പെട്ട കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ബഡി ബോയ്‌സ് ആവശ്യപ്പെട്ടു.

”സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ സര്‍വ്വ രാഷ്ട്രീയവും മറന്നു അന്നദാതാക്കളായ കര്‍ഷകര്‍ക്കൊപ്പമാണ് ഞങ്ങള്‍. അവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ഉള്ള സജ്ജീകരണങ്ങള്‍ ഞങ്ങള്‍ ഇതിനോടകം ചെയ്തുകഴിഞ്ഞു…” ബഡി ബോയ്‌സ് വക്താക്കള്‍ അറിയിച്ചു.