വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം പെണ്ണിനെ ഉപേക്ഷിക്കുക, ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വീണ്ടും കല്യാണം കഴിക്കുക, വിവാഹപ്പിറ്റേന്ന് ഭാര്യയുടെ സ്വര്‍ണം മുഴുവന്‍ കൈക്കലാക്കി മുങ്ങുക, കാമുകിക്കൊപ്പം ജീവിക്കാന്‍ നവവധുവിനെ കൊലപ്പെടുത്തുക…ഇത്തരത്തില്‍ പണത്തിനും കാമ പൂര്‍ത്തീകരണത്തിനുമായി വിവാഹത്തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ഇന്നും പഞ്ഞമില്ല. നാട്ടില്‍ നിന്ന് അമേരിക്കയെന്ന സ്വപ്ന ഭൂമികയിലെത്താനും ഗ്രീന്‍ കാര്‍ഡും പൗരത്വവും നേടാനും മാത്രമായി നടത്തുന്ന ‘അഡ്ജസ്റ്റ്‌മെന്റ് കല്യാണ’ങ്ങളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്.

ഇപ്പോള്‍ വിവാഹത്തട്ടിപ്പ് നടത്തിയ നരാധമനായ ഒരു അമേരിക്കന്‍ മലയാളി യുവാവിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നത്. നോര്‍ത്ത് കരോലിനയില്‍ മുങ്ങി നടക്കുന്ന ബെന്നി മാത്യു ആണ് ഈ നെറികേട് കാട്ടിയിരിക്കുന്നത്. കോതമംഗലം നെല്ലിമറ്റം മാറാഞ്ചേരി പുത്തത്ത് എം.സി മത്തായിയുടെ മകനാണ് ഈ ഞരമ്പ് രോഗി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് നോര്‍ത്ത് കരോലിന പോലീസ്. ഈ കല്ല്യാണ വീരനെ പറ്റി ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അക്കാര്യം പോലീസിനെ വേഗത്തില്‍ അറിയിക്കാന്‍ ഇവിടുത്തെ മലയാളി സമൂഹം തയ്യാറാകണമെന്ന എളിയ അപേക്ഷ മുന്നോട്ടു വയ്ക്കുകയാണ്.

വ്യാജ രേഖകള്‍ ഉണ്ടാക്കി ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റ് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വിസിറ്റിംഗ് വിസയില്‍ നോര്‍ത്ത് കരോലിനയിലെത്തിയ ബെന്നി മാത്യു തന്റെ ജന്മ സ്വഭാവമായ തട്ടിപ്പിന്റെ കണക്കു പുസ്തകം തുറക്കുകയായിരുന്നു. ഒരു റെസ്റ്റോറന്റില്‍ ജോലി നേടിയ ബെന്നിയുടെ മുഖ്യ കൃഷി പെണ്ണുപിടുത്തമായിരുന്നു എന്നാണ് ഇയാളെ അറിയാവുന്നവര്‍ പറയുന്നത്. തട്ടിപ്പു നടത്തിയതിന് ഇയാളെ റെസ്റ്റോറന്റില്‍ നിന്ന് പുറത്താക്കി. ബെന്നിയെ അറിയാവുന്ന ആരും ഇയാളെ ഏഴയല്‍പക്കത്ത് അടിപ്പിച്ചുമില്ല.
അങ്ങനെ പിടിച്ച് നില്‍ക്കാതായപ്പോള്‍ ഇയാള്‍ പോര്‍ട്ടോറിക്കന്‍ വംശജയായ വെനേസ ലി പെര്‍ഡോമോ എന്ന യുവതിയെ 2014 മാര്‍ച്ച് 14-ാം തീയതി ഓറഞ്ച് കൗണ്ടിയില്‍ വച്ച് വിവാഹം കഴിച്ചു. തുടര്‍ന്ന് 2015ല്‍ ബെന്നിക്ക് കണ്ടീഷണല്‍ ഗ്രീന്‍ കാര്‍ഡ് ലഭിച്ചു. താമസിയാതെ നാട്ടിലെത്തിയ ഇയാള്‍ ‘എം ഫോര്‍ മാരി’ എന്ന മാട്രിമോണിയല്‍ സൈറ്റിലൂടെ എറണാകുളത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. താന്‍ ഒരു ‘അഡ്മിനിസ്‌ട്രേറ്റര്‍’ ആണെന്ന് ബെന്നി പെണ്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. ബി.എസ്.സി നേഴ്‌സ് ആയ പെണ്‍കുട്ടി സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ രജിസ്‌ട്രേഡ് നേഴ്‌സായി ജോലി ചെയ്യുമ്പോഴായിരുന്നു വിവാഹം.
15 ദിവസത്തെ അവധിക്കു ശേഷം ബെന്നി നോര്‍ത്ത് കരോലിനയില്‍ തിരിച്ചെത്തി. ഒരു വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ നാട്ടിലേയ്ക്ക് പോയയത്. തന്നെയും കൂടി അമേരിക്കയിലേക്ക് കൊണ്ടു പോകണം എന്നാവശ്യപ്പെട്ട ഭാര്യയെ ഇയാള്‍ അധിക്ഷേപിക്കാനും ദേഹോപദ്രവമേല്‍പ്പിക്കാനും തുടങ്ങി. ”എന്റെ അപ്പനേയും അമ്മയെയും നോക്കുവാനാണ് ഞാന്‍ നിന്നെ വിവാഹം കഴിച്ചത്…മര്യാദയ്ക്കിവിടെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞോണം…” എന്നു പറഞ്ഞ ബെന്നി ഭാര്യയെ തന്റെ വീട്ടില്‍ പൂട്ടിയിടുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇതിനിടെ ഗര്‍ഭിണിയായ അവള്‍ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. കുട്ടിയുടെ ഫോട്ടോ, അമേരിക്കയിലേക്ക് തിരിച്ചു പോയ ബെന്നിക്ക് അയച്ചുകൊടുത്തു. ഇക്കാര്യമറിഞ്ഞ ബെന്നിയുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും നാത്തൂനുമൊക്കെ ഹാലിളകി. ബെന്നിയുടെ ഒത്താശയോടു കൂടി അവരെ മാനസികമായി പീഡിപ്പിച്ചു. കുട്ടിയുടെ ഫോട്ടോ ആരെങ്കിലും കണ്ടാല്‍ അത് ബെന്നിയുടെ ഗ്രീന്‍ കാര്‍ഡിനെ ബാധിക്കുമെന്നു പറഞ്ഞായിരുന്നു നിരന്തരമായ കുറ്റപ്പെടുത്തലും പീഡനവും. കാരണം ബെന്നിയുടെ കണ്ടീഷണല്‍ ഗ്രീന്‍ കാര്‍ഡില്‍ മാരിറ്റല്‍ സ്റ്റാറ്റസ് ‘സിംഗിള്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതത്രെ.
ഇതേ സമയം ബെന്നി വിവാഹ മോചനത്തിന് ശ്രമിച്ചു. എന്നാല്‍ യഥാര്‍ത്ഥ വിവരം മനസ്സിലാക്കിയ കോടതി ഡൈവോഴ്‌സ് പെറ്റീഷന്‍ തള്ളി. തന്റെ സ്ത്രീധനമായി കൊടുത്ത 72 പവന്‍ സ്വര്‍ണ്ണം വിറ്റ് ആ പണം അമേരിക്കയിലേക്ക് കടത്തി ഫാമിലി ഡോളര്‍ എന്ന സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചു എന്നും ഭാര്യ മനസ്സിലാക്കി. ഇതോടെ ചതി ബോധ്യപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ചേര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ കേസു കൊടുത്തു. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
എഫ്.ഐ.ആറിലെ ഉള്ളക്കം ഇങ്ങനെ…
”ഒന്നാം പ്രതി വിവാഹിതനാണെന്നുള്ള വിവരം മറച്ചു വച്ച് ആവലാതിക്കാരിയെ ചതി ചെയ്ത് വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ഒന്നുമുതല്‍ അഞ്ച് കൂടിയ പ്രതികള്‍ കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തി 16.07.2015 തീയതി ഒന്നാം പ്രതി ആവലാതിക്കാരിയെ മതാചാരപ്രകാരം വിവാഹം കഴിച്ചും തുടര്‍ന്ന് 02.06.2020 വരെയുള്ള കാലയളവില്‍ രണ്ടും മൂന്നും പ്രതികള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറവാണെന്നും കറുത്തതാണെന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചും നാലാം പ്രതി ആവലാതിക്കാരിയുടെ കവിളത്ത് കൈ കൊണ്ട് അടിച്ച് വേദനിപ്പിച്ചും വിവാഹ മോചനം നടത്തിയില്ലെങ്കില്‍ ഒന്നാം പ്രതി ജയിലില്‍ പോകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചതി ചെയ്ത് അഞ്ചാം പ്രതി വിവാഹ മോചന ഹര്‍ജിയില്‍ ആവലാതിക്കാരിയെക്കൊണ്ട് ഒപ്പിടുവിപ്പിച്ചും പൊതു ലക്ഷ്യപ്രാപ്തിക്കായി പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവര്‍ത്തിച്ചു… ”
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പോലീസ് ബെന്നിയുടെ കോതമംഗലത്തെ വീട്ടില്‍ എത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരിക്കുകയാണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ വിവാഹത്തട്ടിപ്പു നടത്തിയ സാമൂഹിക വിരുദ്ധനും അസാന്മാര്‍ഗിയുമായ ബെന്നിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്‍.ആര്‍.ഐ സെല്ലിന് കൈമാറിയിരിക്കുകയാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റു ചെയ്ത് നാട്ടിലെത്തിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. വനിതാ കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്.
സ്ത്രീയെ മാസികവും ശാരീരികവുമായി പീഡിപ്പിച്ചതിനും സ്വത്തു വകകള്‍ പിടിച്ചെടുത്തതിനും വ്യാജ വിവാഹത്തില്‍ പെടുത്തി വഞ്ചിച്ചതിനും ബെന്നിയുടെ പിതാവ്, മാതാവ്, സഹോദരി, നാത്തൂന്‍, അളിയന്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചനയ്ക്കു പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട ്. മധുരപ്രതീക്ഷകളോടു കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ഒരു സാധു പെണ്‍കുട്ടി കൂടി ചതിക്കപ്പെട്ടിരിക്കുന്നു. ബെന്നിയെന്ന കൊടും ക്രിമിനലിനെ നിയമത്തിനു മുന്നില്‍ വിട്ടുകൊടുത്തില്ലെങ്കില്‍ അയാള്‍ നീതിവ്യവസ്ഥയെ തൃണവല്‍ഗണിച്ച് കടന്നുപോകും. ജാഗ്രതൈ…
അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ തങ്ങാന്‍ സഹായമൊരുക്കുന്ന വ്യാജ വിവാഹ റാക്കറ്റ് നടത്തിയതിന് പിടിയിലായ ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സംഭവം ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. ഫ്‌ളോറിഡയിലെ പനാമയില്‍ താമസിച്ചിരുന്ന 47കാരന്‍ രവി ബാബു കൊല്ലയെ 2019 മെയ് 22ന് ശിക്ഷിക്കുകയും ചെയ്തു. 2017 ഫെബ്രുവരിക്കും 2018 ഓഗസ്റ്റിനുമിടയ്ക്കാണ് രവി ബാബു കൊല്ല വ്യാജ കുടിയേറ്റ വിവാഹ കച്ചവടം നടത്തിയിരുന്നത്. ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നതിനായി യു.എസ് പൗരന്മാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാള്‍. ഇതുവഴി അനധികൃത കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ സഹായം നല്‍കിയെന്നായിരുന്നു കേസ്. രവി ബാബുവിന്റെ സ്ഥാപനം വഴി അലബാമയില്‍ 80ലേറെ വ്യാജ വിവാഹങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വാല്‍ക്കഷണം
വിവാഹമെന്നത് വധുവരന്മാരെ ദൈവം യോജിപ്പിച്ച് ഭാര്യഭര്‍ത്താക്കന്മാരാക്കുന്ന വിശുദ്ധ ചടങ്ങായി ക്രൈസ്തവ സഭകള്‍ കരുതുന്നു. ദൈവിക സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാവുകയും പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തു കൊണ്ട് തങ്കള്‍ക്ക് ഉണ്ടാകുന്ന മക്കളെ പുണ്യമായ മാര്‍ഗ്ഗത്തില്‍ വളര്‍ത്തി മരണം വരെ വേര്‍പിരിയാന്‍ ആവാത്ത വിധം ബന്ധിപ്പിക്കുന്ന കൂദാശയാകുന്നു ക്രിസ്തീയ വിവാഹം.