THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America അമേരിക്കന്‍ മലയാളി സമൂഹത്തിലെ കള്ള കോര്‍പ്പറേറ്റുകളെയും വ്യക്തികളെയും തിരിച്ചറിയുക, വഞ്ചിതരാവാതിരിക്കുക

അമേരിക്കന്‍ മലയാളി സമൂഹത്തിലെ കള്ള കോര്‍പ്പറേറ്റുകളെയും വ്യക്തികളെയും തിരിച്ചറിയുക, വഞ്ചിതരാവാതിരിക്കുക

ജെയിംസ് കൂടല്‍

adpost

ജനിച്ച മണ്ണും ജീവിക്കുന്ന ദേശവും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം കച്ചവടത്തിനും പ്രശസ്തിക്കും വേണ്ടി വഴിവിട്ട് വാണിഭം ചെയ്യുന്ന ചിലരുടെ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. കേവലമായ സാമ്പത്തിക-കസേര നേട്ടത്തിനായി കേരള സര്‍ക്കാരിനെയും നാട്ടിലെ മാധ്യമങ്ങളെയും മറ്റും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാന്‍ ഇത്തരക്കാര്‍ ചെയ്യുന്ന ദുഷ്പ്രവര്‍ത്തികള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിനിടയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

adpost

കേരള രാഷ്ട്രീയത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമുണ്ടാക്കിയ ആഴക്കടല്‍ മത്സ്യ ബന്ധനവുമായി അമേരിക്കന്‍ കമ്പനി ഇ.എം.സി.സി കേരള സര്‍ക്കാരുമായി ഒപ്പിട്ട എം.ഒ.യു നിവൃത്തിയില്ലാതെ റദ്ദാക്കപ്പെട്ടിരിക്കുന്നു. കേരളം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സുപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ സംഭവിച്ച കരാര്‍ ഒപ്പിടീലും പൊടുന്നനെയുള്ള റദ്ദാക്കലും ചില കേന്ദ്രങ്ങളുടെ ബുദ്ധിപൂര്‍വമായ അജണ്ടയുടെ ഭാഗമായിരുന്നു.

ഭരണകൂടങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കാലാകാലങ്ങളില്‍ കോട്ടും സൂട്ടും ധരിച്ചെത്തിയ വ്യാജന്‍മാരുടെ അഭിനിവേശമാണ് ആഴക്കടല്‍ മത്സ്യ ബന്ധനവുമായുള്ള വിവാദങ്ങള്‍ക്കും ആധാരം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ പദ്ധതിയുമായി രംഗപ്രവേശം ചെയ്തത് സരിത നായര്‍ ആയിരുന്നെങ്കില്‍ പിണറായി ഗവണ്മെന്റിനെ തകര്‍ക്കാന്‍ വേഷം കെട്ടിയിറക്കിയത് സ്വപ്ന സുരേഷിനെയാണ്.

ഇത്തരത്തില്‍ കേരളീയരുടെ പാരമ്പര്യത്തിനും പ്രശസ്തിക്കും പൈതൃകത്തിനും ധാര്‍മികതയ്ക്കും തുരങ്കം വയ്ക്കുന്ന അമേരിക്കന്‍ മലയാളി കോര്‍പ്പറേറ്റുകളും വ്യക്തികളും കേരള സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രങ്ങളില്‍ കയറിച്ചെന്ന് മന്ത്രിമാരെയും മറ്റും സ്വാധീനിച്ചുകൊണ്ട് പേപ്പര്‍ സംഘടനകളുണ്ടാക്കി സ്വയം ഞെളിയുന്ന സംഭവങ്ങള്‍ അടുത്തിടെയുണ്ടായി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുപ്രധാനമായ ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയുണ്ടായി. തന്റെ പേരില്‍ ചില ‘അവതാരങ്ങള്‍’ രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആ മുന്നറിയിപ്പ്. പക്ഷേ, അധികാരത്തിന്റ ലൂപ്പ് ഹോളിലൂടെ സ്വപ്ന സുരേഷ് നടത്തിയ ‘ഇടപാടുകള്‍’ സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കി.

കാലാകാലങ്ങളില്‍ അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ പ്രവാസിമലയാളികളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് അവര്‍ക്കായുള്ള ക്ഷേമസംരക്ഷണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. അത്തരം ആഗ്രഹങ്ങളുടെ പിന്നാമ്പുറം പറ്റി കേരള സര്‍ക്കാരിന്റെ വികസന അജണ്ടയിലേക്ക് നുഴഞ്ഞു കയറിയ ഒരു അമേരിക്കന്‍ കമ്പനിയായിരുന്നു സ്പ്രിംഗ്ലര്‍. ആ ഇടപാടിന് കേരള ഹൈക്കോടതി ഇടപെട്ട് സര്‍ക്കാരിന് ആശ്വാസം നല്‍കി.

മാസങ്ങള്‍ക്കു ശേഷം നടത്തിയ മറ്റൊരു ഇടപാടാണ് ന്യൂയോര്‍ക്കിലെ കമ്പനിയായ ഇ.എം.സി.സിയുമായുള്ള ട്രോളര്‍ കരാര്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷനുമായി (കെ.എസ്.ഐ.എന്‍.സി) 2950 കോടിയുടെ കരാറായിരുന്നു അത്. ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട ആ എം.ഒ.യുവും റദ്ദാക്കപ്പെട്ടു.

കേരള സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ദൗത്യം നിര്‍വഹിക്കുന്നത് കേരള രാഷ്ട്രീയം സശ്രദ്ധം നിരീക്ഷിച്ചു. പക്ഷെ, വിവാദങ്ങള്‍ ഉയരുമ്പോള്‍ അതിനെ പ്രതിരോധിച്ചു കൊണ്ട് പിണറായി സര്‍ക്കാരും രംഗത്തു വന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാറിന്റെ എം.ഒ.യു വസ്തുതകള്‍ കൃത്യ സമയത്ത് ശ്രദ്ധയില്‍ പെടുത്തിയതിനാല്‍ കേരള സര്‍ക്കാര്‍ പ്രതിപക്ഷ നേതാവിനോട് കടപ്പെട്ടിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

മറ്റൊരു ഗൗരവതരമായ വിഷയം സൂചിപ്പിക്കട്ടെ. അമേരിക്കന്‍ മലയാളികള്‍ അവരുടെ ജന്മനാടിന്റെ സമഗ്രമായ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്നവരാണ്. ജീവകാരുണ്യപരവും വികസനപരവുമായ അവരുടെ ഇടപെടലുകള്‍ക്ക് മലയാള നാട് മനസ്സിന്റെ അംഗീകാര പത്രം കൊടുത്തിട്ടുണ്ട്. എന്നാല്‍ ചില സ്ഥാനമോഹികള്‍ തങ്ങളുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കുന്നതിനായി വ്യാജ വേഷം കെട്ടി നാട്ടിലിറങ്ങിയത് അറിയേണ്ടവര്‍ അറിഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ മാധ്യമധാര്‍മ്മികതയുടെ പ്രതീകമാണ് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ). സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനകള്‍ ഒരുപാടുള്ള അമേരിക്കന്‍ മലയാളി കൂട്ടായ്മയില്‍ മാധ്യമ സംസ്‌കൃതികളിലൂടെ ദീപശിഖയുമായാണ് ഐ.പി.സി.എന്‍.എ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പിറവിയെടുത്തത്. പരിണിതപ്രജ്ഞരായ മാധ്യമപ്രവര്‍ത്തകരുടെ ചിന്തയില്‍ നിന്നാണ് ഈ സംഘടന ജനിച്ചത്.

എന്നാല്‍ മുന്‍ഗാമികള്‍ അക്ഷരവെളിച്ചം കുറിച്ച, വായനാ വസന്തം തെളിയിച്ച വഴികളിലൂടെ പോകാന്‍ ചിലര്‍ക്ക് സാധിച്ചില്ല. ആ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ സംഘടനയ്ക്കും സാധിച്ചില്ല. അമേരിക്കയില്‍ ഇരുന്നുകൊണ്ട് കേരളത്തില്‍ സമാന്തര പ്രസ്സ് ക്ലബ് രൂപീകരിച്ചുകൊണ്ട് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ അപമാനപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഒരു നേതാവിനെ ഈയിടെ സംഘടന പുറത്താക്കുകയുണ്ടായി. ഇതൊരു ശുദ്ധികലശത്തിന്റെ തുടക്കമാണ്.

മേല്‍പ്പറഞ്ഞ നേതാവ് കേരളത്തിന്റെ അധികാര സിരാകേന്ദ്രങ്ങളില്‍ കയറിയിറങ്ങി മാധ്യമ കുലപതികളെ കൂട്ടുപിടിച്ചുകൊണ്ട് താനാണ് അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിളയാട്ടം നടത്തിയത്. അതിന് തക്കതായ നടപടിയും ഈ മാന്യന് നേരിടേണ്ടി വന്നു. അല്പം താമസിച്ചെങ്കിലും ഐ.പി.സി.എന്‍.എ ഒരു കള്ള നാണയത്തെ തിരിച്ചറിഞ്ഞ് തങ്ങളുടെ പ്രതിഛായയ്ക്കുമേല്‍ വീണ കളങ്കം മാറ്റിയതില്‍ ഏറെ സന്തോഷം ഉണ്ട്.

മറ്റൊരു പ്രസക്തമായ വിഷയം അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വിവാഹ തട്ടിപ്പുകളാണ്. ഇത് പുതിയ സംഭവമല്ല. വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മില്‍ ജീവിതാവസാനം വരെ കൈകോര്‍ത്ത് പിടിച്ചുകൊണ്ട് സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പരസ്പര ധാരണയുടെയും വിട്ടുവീഴ്ചയുടെയും പാലത്തിലൂടെ നടക്കാനുള്ള ജീവിത കരാറാണ്. പക്ഷെ നാട്ടില്‍ നിന്ന് അമേരിക്കയില്‍ എത്തിപ്പെടാനുള്ള ഒരു ക്വട്ടേഷന്‍ മാത്രമായി വിവാഹങ്ങള്‍ അരങ്ങേറുന്നു. ഇതും ഒരു എം.ഒ.യു ആണ്. വിവാഹ കച്ചവടം നടത്തുന്ന ബ്രോക്കര്‍മാര്‍ നാട്ടിലും അമേരിക്കയിലുമായി നിരവധിയുണ്ട്. ഇതിന്റെ വേദനിപ്പിക്കുന്ന പിന്നാമ്പുറക്കഥകള്‍ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസും പുറത്തുവിടാനൊരുങ്ങുകയാണ്.

വാല്‍ക്കഷണം

അമേരിക്കയില്‍ നിന്നും നാട്ടിലെത്തുന്ന വ്യാജന്മാരെ തിരിച്ചറിയണം. അതിന് കേരള സര്‍ക്കാര്‍ കൃത്യമായ ഒരു മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കുകയും വേണം. ലോകപ്രശസ്ത ഓങ്കോളജിസ്റ്റായ എം.വി പിള്ളയും ജനപ്രിയ സാഹിത്യകാരനായ ചെറിയാന്‍ കെ ചെറിയാനും ഒട്ടനേകം ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും തങ്ങളുടെ കര്‍മ്മഭൂമിയില്‍ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആതിഥ്യമര്യാദയുടെയും പതാക വഹിക്കുമ്പോള്‍, നമ്മുടെ നാടിന്റെ പച്ചപ്പ് കെടുത്തുന്ന കള്ളന്മാര്‍ക്കെതിരെ ജാഗ്രത പാലിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com