മഹത്തരമായ ജനാധിപത്യ സംസ്‌കാരമുള്ള അമേരിക്കയെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തിക്കൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങുന്നത് എന്ന വാദമുഖങ്ങളെ ഒന്നു തിരുത്തിപ്പറയാം. ഇവിടെ നാണം കെടുന്നത് അമേരിക്കയല്ല. നാലു വര്‍ഷക്കാലം അമേരിക്കയെ മാന്യമായി ഭരിച്ചുവെന്ന് അവകാശപ്പെടുന്ന ട്രംപ് തന്നെയാണ് ലോകജനതയ്ക്കു മുമ്പില്‍ അപഹാസ്യനായിരിക്കുന്നത്. ഏബ്രഹാം ലിങ്കനെ പോലെയുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയിലേക്ക് ട്രംപ് എന്ന പക്കാ ബിസിനസ്സുകാരന്‍ എത്തപ്പെട്ടപ്പോള്‍ മുതല്‍ വിവാദങ്ങളുടെ തിരശ്ശീലയും ഉയര്‍ന്നുകഴിഞ്ഞിരുന്നു. ക്യാപ്പിറ്റോള്‍ കലാപത്തിലൂടെ ഇനി ഇംപീച്ചുമെന്റും നേരിട്ട് ട്രംപ് ചരിത്രത്തിലെ വലിയ കലാപകാരി എന്ന മുദ്ര നേടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഷിങ്ടണ്‍ ഡിസിയിലെ അതി നിര്‍ണായകമായ പ്രദേശമാണ് ക്യാപിറ്റോള്‍ ഹില്‍. സുപ്രീം കോടതി, കോണ്‍ഗ്രസിന്റെ അമൂല്യ രേഖകള്‍ തുടങ്ങിയവ സൂക്ഷിക്കുന്ന ലൈബ്രറി എന്നിവയും ഇവിടെയുണ്ട്. നിയമനിര്‍മാണം നടത്തുകയും അത് പാസാക്കുകയും ചെയ്യുന്ന സെനറ്റും ജനപ്രാതിനിധ്യ സഭയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന്റെ ഹൃദയഭൂമിയാണ് ക്യാപിറ്റോള്‍. വരുന്ന ഇരുപതാം തീയതി ഇവിടെ വച്ചു തന്നെയാണ് ജോ ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

അമേരിക്കയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം ക്യാപിറ്റോള്‍ ഹില്ലില്‍ അരങ്ങേറിയത്. സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ അമേരിക്കയുടെ പ്രസിഡന്റായി ജനങ്ങള്‍ മനസ്സമതം കൊടുത്ത ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം അലങ്കോലപ്പെടുത്താനാണ് ട്രംപ് അനുകൂലികള്‍ ശ്രമിച്ചത്. അത് നിഷ്പ്രയാസം പരാജയപ്പെടുത്താനും കഴിഞ്ഞു.
ഈ അതിക്രമത്തില്‍ ഇന്ത്യന്‍ പതാകയുമേന്തി ഒരു മലയാളി പ്രത്യക്ഷപ്പെട്ടു എന്നുള്ളതാണ് ഇന്ത്യക്കാരെയും മലയാളികളെയും നാണം കെടുത്തുന്നത്. അമേരിക്ക പോലെയുള്ള ജനാധിപത്യ രാജ്യങ്ങളില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രതിഷേധിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ പൊതുജനസമക്ഷം ഉന്നയിച്ച് അത് അധികാര കേന്ദ്രങ്ങളില്‍ വേണ്ടും വിധം എത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട് അവകാശവുമുണ്ട്. കുടിയേറ്റക്കാരായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ അമേരിക്കയില്‍ ജീവിക്കുന്നുണ്ട്. അവരില്‍ അമേരിക്കന്‍ പൗരത്വം ഉള്ളവരും ഇല്ലാത്തവരുമുണ്ട്.
അവര്‍ക്കാര്‍ക്കും തോന്നാത്ത ചേതോവികാരത്തിന്റെ ഉള്‍പ്രേരണ കൊണ്ട് ഇന്ത്യന്‍ ദേശീയ പതാകയുമായി ഒരു മലയാളി അവിടെയെത്തിയത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഇയാള്‍ക്ക് ഒരു കലാപ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിപ്പിടിക്കാനുള്ള യാതൊരു യോഗ്യതയുമില്ല. ദേശാഭിമാന ബോധമുള്ള ഇന്ത്യക്കാര്‍ നമ്മുടെ ത്രിവര്‍ണ പതാകയെ ഏറെ ആദരവോടെയാണ് കാണുന്നത്. ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും കൈയിലേന്തുന്നതിനും ഒക്കെ കൃത്യമായ സമയവും കാലക്രമവും നിശ്ചയിച്ചിട്ടുണ്ട്. അതൊന്നും പാലിക്കാതെ കേവലം പബ്ലിസിറ്റിക്കു വേണ്ടി ഒരു ‘മഹാന്‍’ നടത്തിയ ഷോയ്ക്ക് അയാള്‍ ഉത്തരം നല്‍കേണ്ടിവരും. തിരഞ്ഞെടുപ്പു തോല്‍വി അംഗീകരിക്കാതെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ട്രംപിന് സാധിക്കുകയില്ല. ക്യാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് തന്റെ പരാജയം സമ്മതിച്ചെങ്കിലും അദ്ദേഹത്തെ പുറത്താക്കാന്‍ അമേരിക്കയിലെ നിയമം അനുവദിക്കുന്നുണ്ട്.
രണ്ട് മാര്‍ഗങ്ങളാണ് ഇക്കാര്യത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത്. അതായത് ഇംപീച്ച് മെന്റും അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതി നടപ്പാക്കലും ജനുവരി 20ന് ഇനി അധികം ദിവസങ്ങളില്ല. ട്രംപിനെ പുറത്താക്കിയാല്‍ ജോ ബൈഡന്‍ അധികാരം ഏല്‍ക്കുന്നതു വരെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സായിരിക്കും പ്രസിഡന്റ്. രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കല്‍ യു.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ട്രംപിനു മേല്‍ ചുമത്തപ്പെട്ടേക്കാം. ഏതായാലും ഇംപീച്ച്‌മെന്റിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
തോറ്റിട്ടും തോറ്റിട്ടില്ല എന്ന് ആവര്‍ത്തിച്ച് കോടതിവിധികളെ സ്വന്തം ഇഷ്ടാനുസരം തള്ളിയ ഡൊണാള്‍ഡ് ട്രംപ് ലോകത്തിലെ ഏറ്റവും വലിയ നുണയനായ പ്രസിഡന്റ് എന്ന കുപ്രസിദ്ധി നേടിക്കൊണ്ടാണ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയത്. അമേരിക്കന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ അപ്രതീക്ഷിതമായ ആക്രമണം ലോകത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വോട്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത ഭീഷണി തന്നെയാണ്. ലോകത്തെ ഏറ്റവും ശക്തമായ ഒരു രാജ്യത്തിന്റെ ക്രമസമാധാനത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ പ്രക്ഷോഭം അടിച്ചമര്‍ത്തിയെങ്കിലും അത് ട്രംപ് എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായം തന്നെയായിരിക്കും.
കലാപങ്ങള്‍ ഒരുപാട് കണ്ട രാജ്യമാണ് അമേരിക്ക. 200 വര്‍ഷം മുമ്പാണ് ഇവിടെ രേഖപ്പെടുത്തപ്പട്ട ഒരു കലാപമുണ്ടായത്. 1814ല്‍ ബ്രിട്ടീഷ് സൈനികര്‍ ക്യാപിറ്റോള്‍ കെട്ടിടത്തിന് തീ കൊളുത്തുകയും ബോംബെറിയുകയും ചെയ്തു. പ്രസ്തുത ആക്രമണങ്ങളില്‍ നിയമനിര്‍മാണം നടത്തുകയായിരുന്ന സുപ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം പാടെ നശിപ്പിക്കപ്പെട്ടു. വ്യക്തമായ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍ അക്രമികളെ യഥാസമയം തുരത്തുവാനും ആളപായമില്ലാതാക്കുവാനും സാധിച്ചു.
ക്യാപിറ്റോള്‍ പിന്നീടും ചെറിയ ചെറിയ ആക്രമണങ്ങള്‍ക്ക് വേദിയായി. 1835ല്‍ ഒരു മൃതദേഹ സംസ്‌കാര ചടങ്ങിനിടെ പ്രസിഡന്റ് ആന്‍ഡ്രൂ ജാക്‌സണിനെതിരെ ചിത്രകാരനായ റിച്ചാര്‍ഡ് ലോറന്‍സ് വെടിയുതിര്‍ത്തു. പക്ഷേ, പ്രസിഡന്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 1954ല്‍ ആയുധധാരികളായ നാല് പ്യൂര്‍ട്ടോറിക്കര്‍ വിഘടനവാദികള്‍ ജനപ്രാതിനിധ്യ സഭയില്‍ വെടിവച്ചപ്പോള്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. 1983 നവംബറില്‍ ഗ്രനഡയിലെയും ലബനനിലെയും അമേരിക്കന്‍ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് ക്യാപിറ്റോള്‍ ഹില്ലില്‍ ബോംബ് പ്ലാന്റ് ചെയ്‌തെങ്കിലും ആര്‍ക്കും ജീവഹാനിയോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല.
ഏതൊരു രാജ്യത്തിന്റെയും തന്ത്രപ്രധാനമായ മേഖലകളില്‍ ആക്രമണം അഴിച്ചു വിടുക എന്നത് തീവ്രവാദികളുടെയും പ്രക്ഷോഭകരുടെയും ലക്ഷ്യമാണ്. പല രാജ്യങ്ങളിലും പല കാലഘട്ടങ്ങളിലും അത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയും ആക്രമണം ഉണ്ടായി. 2020 നവംബര്‍ 21ന് ഗ്വാട്ടിമാലയില്‍ ബജറ്റുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് കെട്ടിടത്തിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തീയിട്ടു. തിരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്നാരോപിച്ച് ഒക്‌ടോബര്‍ നാലിന് കിര്‍ഗിസ്ഥാനിലെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തി. കഴിഞ്ഞ ജൂലായ് മാസത്തില്‍ മാലിയിലും ലബനനിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തി. ജര്‍മനിയിലും സെര്‍ബിയയിലും ഫെയ്‌സ് മാസ്‌കിനു നേരെ പ്രക്ഷോഭം നടത്തിയവര്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ വാളോങ്ങിയതും ലോകശ്രദ്ധ നേടിയ സംഭവങ്ങളാണ്. എന്നാല്‍ അമേരിക്ക സ്വതന്ത്രവും സൂക്ഷ്മവും സുതാര്യവുമായ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയികളെ പ്രഖ്യാപിച്ച ശേഷം നടന്ന ഈ അക്രമത്തിന് ഒരേയൊരു ഉത്തരവാദി ഡൊണാള്‍ഡ് ട്രംപ് മാത്രമാണ്. അതിന് നിയമം കൊടുക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ ട്രംപ് യോഗ്യനാണ് താനും.
ക്യാപിറ്റോള്‍ മന്ദിരത്തിലുണ്ടായ അക്രമത്തിനു കാരണക്കാരനെന്നാരോപിച്ച് ടിറ്റ്വറും ഫെയ്‌സ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകള്‍ താത്ക്കാലികമായി മരവിപ്പിച്ച സംഭവത്തില്‍ ലോകജനത തന്നെ ട്രംപിനെ നോക്കി മൂക്കത്ത് വിരല്‍ വച്ചു. ട്രംപ് തെറ്റായ സന്ദേശങ്ങള്‍ നല്‍കി ആക്രമണത്തെ പ്രോത്സാഹിപ്പിച്ചുവെന്നാണ് ട്വിറ്ററും ഫെയ്‌സ്ബുക്കും വിലയിരുത്തിയത്.
വാല്‍ക്കഷണം
ക്യാപിറ്റോള്‍ കലാപം ട്രംപിനെ നാണം കെടുത്തുമ്പോള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തിളക്കമാര്‍ന്ന മുഖത്തോടെയും ഏവരെയും ആകര്‍ഷിക്കുന്ന പുഞ്ചിരിയോടെയും തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഒരുങ്ങുകയാണ്. കോവിഡിനോടുള്ള യുദ്ധം ശക്തിപ്പെടുത്തുകയും വാക്‌സിന്‍ വിതരണം ഭംഗിയായി നടത്തുകയുമാണ് ബൈഡന്റെ ഏറ്റവും പ്രധാന ദൗത്യം. പുതിയ തരം കൊറോണ വൈറസ് പ്രചരിക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായിരിക്കയാണ്.
ഏറ്റവുമധികം ജീവിതങ്ങള്‍ നഷ്ടപ്പെട്ട ദിവസം തന്നെയായിരുന്നു കോണ്‍ഗ്രസിലെ ആക്രമണം. ആഭ്യന്തര കാര്യങ്ങളില്‍ മാത്രമല്ല വിദേശനയത്തിലും ബൈഡന്‍ ഇടപെട്ടു തുടങ്ങിയിരിക്കുന്നു. പശ്ചിമേഷ്യയിലെ പുതിയ സൗഹൃദങ്ങള്‍ക്കു പിന്നില്‍ ട്രംപായിരുന്നു എന്നതില്‍ സംശയമില്ല. ഇസ്രയേല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ അവസരത്തില്‍ ഖത്തറിനുള്ള ഉപരോധവും ഇറാന്‍ ആണവക്കരാറിന്റെ പതനവും അപകടകരമാണെന്ന് ബൈഡന്‍ മനസ്സിലാക്കി. സൗദി അറേബ്യയും മറ്റും മുന്നോട്ടുവച്ച ഉപാധികളൊന്നും പാലിക്കാതെ തന്നെയാണ് ഖത്തര്‍ ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. ഇറാന്റെ കാര്യത്തില്‍ 2015 ലെ കരാറുകള്‍ അംഗീകരിക്കുമെങ്കില്‍ ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ബൈഡന്‍ അറിയിച്ചുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും അദ്ദേഹം പ്രധാന തീരുമാനങ്ങളെടുത്തു.
ബൈഡന്‍ ഭരണത്തിലേക്ക് പ്രധാന നിയമനങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. ഒബാമ ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പരായവരാണ് ഇതില്‍ ഭൂരിപക്ഷവും. അതിനാല്‍, എല്ലാ മേഖലകളിലും പെട്ടെന്ന് ഇടപെടാന്‍ ബൈഡനു കഴിയും. അത് അമേരിക്കയ്ക്കും ഇന്ത്യക്കും ലോകത്തിനു തന്നെയും സഹായകമായിരിക്കും.