വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പങ്കെടുത്തത് കൊച്ചിക്കാരനായ മലയാളി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സെന്റിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പത്തുലക്ഷത്തോളം പേര് പങ്കെടുത്ത മാന്യമായ സമരത്തില്‍ നുഴഞ്ഞുകയറിയ അമ്പതു പേരാണ് പ്രശ്നമുണ്ടാക്കിയതെന്ന് വിന്‍സന്റ് വ്യക്തമാക്കി. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയ പതാകയുമായി വരാറുണ്ടെന്നും വിന്‍സെന്റ് പറഞ്ഞു.
”സമരത്തിന് പോയ എല്ലാവരെയും കലാപകാരികളാക്കി മാറ്റരുത്. സമാധാനപരമായി നടന്ന പ്രതിഷേധമാണ്. ഏകദേശം ഒരു മില്യണ്‍ ആളുകള്‍ അണിനിരന്ന സമരം. ഇതിനിടയിലേക്ക് പരിശീലനം ലഭിച്ച ചില ആളുകള്‍ നടത്തിയ അക്രമമാണ് ഈ പ്രശ്നം വഷളമാക്കിയത്. അവരാണ് അക്രമം നടത്തിയത്. അവരെ പറ്റി അന്വേഷിക്കണം…” വിന്‍സെന്റ് സേവ്യര്‍ പറഞ്ഞു.
എന്തിന് ഇന്ത്യന്‍ പതാകയുമായി സമരത്തിന് പോയത് എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെ. ”ഇവിടെ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുണ്ട്. ഇങ്ങനെ ഒരു സമരത്തില്‍ പങ്കെടുമ്പോള്‍ അവരെല്ലാം അവരുടെ രാജ്യത്തിന്റെ പതാക കയ്യില്‍ കരുതും. ഇത്തവണ ഞാനും അങ്ങനെ ഇന്ത്യന്‍ പതാക ഉയര്‍ത്തിപ്പിടിച്ചു. ആദ്യമായിട്ടാണ് നമ്മുടെ ദേശീയ പതാകയുമായി ഞാന്‍ സമരത്തിന് പോകുന്നത്. ആ ചിത്രങ്ങളാണ് അവിടെ വൈറലാകുന്നത്…” വിന്‍സെന്റ് പറഞ്ഞു.