THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America 'ആന'കളുടെ കലപിലയും സൂം മീറ്റിങ് മലിനീകരണങ്ങളും പിന്നെയൊരു ഹാന്‍ഡിക്യാപ്ഡ് വര്‍ഷവും (പി.പി ചെറിയാന്‍)

‘ആന’കളുടെ കലപിലയും സൂം മീറ്റിങ് മലിനീകരണങ്ങളും പിന്നെയൊരു ഹാന്‍ഡിക്യാപ്ഡ് വര്‍ഷവും (പി.പി ചെറിയാന്‍)

പുതു വര്‍ഷത്തിലെ ആദ്യ ശനിയാഴ്ച രാവിലെ തുടങ്ങിയതാണല്ലോ ഈ സൂം കോണ്‍ഫ്രന്‍സുകള്‍. ഇന്നേ ദിവസം എത്ര കോണ്‍ഫ്രന്‍സുകളില്‍ ഇനിയും നിങ്ങള്‍ക്കു പങ്കെടുക്കണം. വൈകിട്ട് പള്ളിയുടെ ഒരു മീറ്റിങ് ഉണ്ടെന്നുള്ളത് ഓര്‍മയുണ്ടല്ലോ. അപ്പോഴേക്കും ഒരു കംപ്യൂട്ടറെങ്കിലും ഒന്നു ഒഴിവാക്കി തരണേ, അതിനെന്താ വീട്ടിലുള്ള മൂന്നാമത്തെ കമ്പ്യൂട്ടര്‍ നിനക്കു ഉപയോഗിക്കാമല്ലോ. രാജന്റെ മറുപടിയില്‍ സംതൃപ്തയായി ഭാര്യ അടുക്കളയിലേക്കു പോയി.

adpost

രാവിലെ ‘ആന’കളുടെ ഗ്രൂപ് തിരിഞ്ഞുള്ള മീറ്റിങ്ങുകള്‍. രണ്ടു മുറികളിലുള്ള രണ്ട് കമ്പ്യൂട്ടറുകളും ഓണ്‍ ചെയ്തിരിക്കുന്നു. അതിലൂടെ മാറി മാറി ആനകളുടെ വിഴുപ്പലക്കുകള്‍ കേള്‍ക്കാം. രണ്ടു കൂട്ടരും മുന്നമേ വിളിച്ചു പങ്കെടുണമെന്നു ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കാന്‍ പറ്റുകയില്ല.മനോഹരമായി സെറ്റ് ചെയ്ത ചിത്രമാണ് ഇതെല്ലാം കേള്‍ക്കുന്നത് എന്നൊരു ആശ്വാസം മാത്രം.

adpost

മീറ്റിംഗ് നടക്കുന്നതിനിടയില്‍ പ്രഭാത ക്രത്യങ്ങള്‍ എല്ലാം നിര്‍വഹിച്ചു. പ്രഭാത. ഭക്ഷണം ശരിയായിട്ടുണ്ട് വന്നു കഴിക്കണം എന്ന ഭാര്യയുടെ വിളിവരുന്നതിനിടയിലാണ് ഫോണിന്റെ ബെല്‍ അടിക്കുന്ന ശബ്ദം. നമ്പര്‍ പരിചയമുള്ളതാണ്. ആന ഗ്രൂപ്പിലെ ഒരു നേതാവാണ് വിളിക്കുന്നത് ”രാജന്‍, മീറ്റിങ്ങില്‍ എന്റെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടായിരുന്നു…”

”നീ കലക്കിയില്ലേ…” രാജന്റെ മറുപടി.

അത്രയും കേട്ടപ്പോള്‍ തന്നെ നേതാവിനൊരു സംതൃപ്തി. ”മീറ്ററിംഗില്‍ തുടരണേ…” എന്ന ഒരു അഭ്യര്‍ത്ഥനയും. ഡൈയ്‌നിങ് ടേബിളില്‍ തയാറാക്കി വെച്ചിരിക്കുന്ന ചൂടുള്ള ദോശയും സാമ്പാറും കഴിക്കുവാന്‍ തുടങ്ങിയതിനിടയില്‍ വീണ്ടും മറ്റൊരു കാള്‍. മറ്റേ ഗ്രൂപ് നേതാവാണു വിളിക്കുന്നത്. ചോദ്യവും മറുപടിയും സെയിം. ഇവര്‍ക്കു വേറെ പണിയൊന്നും ഇല്ലേ. പെട്ടെന്ന് ഭാര്യ തയാറാക്കിയ രുചികരമായ ഭക്ഷണം അകത്താക്കി. ഞാന്‍ പുറത്തേക്കുപോകുന്നു കമ്പ്യൂട്ടര്‍ ഓഫ് ചെയ്യല്ലേ എന്നൊരു നിര്‍ദേശ നല്‍കുന്നതിനും മറന്നില്ല.

കാറില്‍ കയറി നേരെപോയതു ഇടവക പള്ളിയിലെ സുപ്രധാന മെമ്പറുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ്. ചുരുക്കം ചിലര്‍ മാത്രമേ പള്ളിയിലുള്ളൂ. അകത്തേക്കു കടന്നതും ആദ്യം കണ്ണുകള്‍ പരതിയത് ലൈവ് സ്ട്രീമിങ് ഉണ്ടോ എന്നായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ മുഖം മറച്ചാണ് അകത്തു കയറിയയത്.

ഒരു നിരയിലെ ബെഞ്ചില്‍ അല്‍പനേരം ഇരുന്നു. വ്യൂയിങ് സമയമായപ്പോള്‍ ക്യാമറ എവിടെയാണെന്ന് ഉറപ്പുവരുത്തി മുഖത്തു കഴിയാവുന്ന ദുഃഖ ഭാവവും വരുത്തി ശവ മാഞ്ചത്തിനരികെ എത്തി. മാസ്‌ക് വലിച്ചൂരി കയ്യില്‍ പിടിച്ചു.ജീവിച്ചിരിക്കുമ്പോള്‍ പള്ളിയില്‍ വെച്ചോ പുറത്തു വെച്ചോ കുശലാന്വഷണം നടത്തുവാന്‍ ഒരു നിമിഷം പോലും സമയം കണ്ടെത്താത്ത രാജന്‍ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ശവമഞ്ചത്തിലേക്കു നോക്കി നില്‍കുകയാണ്. പുറകില്‍ ആളുകള്‍ നില്കുന്നു എന്നതൊന്നും രാജന് പ്രശ്‌നമായിരുന്നില്ല രാജന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ ക്യാമറാഓപ്പറേറ്റര്‍ക് എന്തോ പന്തികേടുള്ളതായി തോന്നി ക്യാമറ വേറൊരു ദിശയിലേക്കു മാറ്റിയതും രാജന്‍ അതി വേഗം പുറത്തു പോയതും ഒന്നിച്ചായിരുന്നു.

ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവഴിക്കുന്നതിനിടയില്‍ എല്ലാവരെയും വിഷ് ചെയ്യന്നതിനും സമയം കണ്ടെത്തി. സംസ്‌കാരവും ഇന്ത്യന്‍ കടയില്‍ നിന്നും അത്യാവശ്യ പര്‍ച്ചെയ്‌സിംഗും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ വൈകിട്ട് നാല് മണിയായിരുന്നു. കൊറോണാകാലമല്ലേ, പുറത്തുപോയിവന്നാല്‍ കുളിക്കാതെ മറ്റുകാര്യങ്ങളിലൊന്നും ഇടപെടരുതെന്ന ഭാര്യയുടെ കര്‍ശന നിര്‍ദേശം ശിരസ്സാ വഹിച്ചു നല്ലൊരു കുളിയും പാസാക്കി. അടുക്കളയില്‍ കയറി സ്വയം നല്ലൊരു ചായ ഉണ്ടാക്കി കുടിച്ചു. കുറച്ചു നേരം ഫോണില്‍ ചിലവഴിച്ചു. സമയം പോയതറിഞ്ഞില്ല.

വീണ്ടും കംപ്യൂട്ടറിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കി. രണ്ടു കംപ്യൂട്ടറിലും രാജന്റെ ചിരിച്ച മുഖം നിശ്ചലമായിരിക്കുന്നു. സൂം മീറ്റിംഗ് എത്രയോ മുന്‍പ് അവസാനിച്ചിരിക്കുന്നു. ബെഡ്‌റൂമിലേക്ക് നോക്കിയപ്പോള്‍ ഭാര്യ പള്ളിയിലെ മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുകയാണ്. ചുരുക്കം ചിലരുടെ മുഖങ്ങള്‍ മാത്രം കാണാം. പലരും വീഡിയോ ഓഫ് ചെയ്തിട്ടുണ്ട്. പട്ടക്കാരന്‍ ഓരോ പോയിന്റുകളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൈയിലിരിക്കുന്ന പേപ്പറുകളിലേക്കു നോക്കി അതിഗംഭീരമായ പ്രഭാഷണം തുടരുന്നു .കുറച്ചുനേരം അത് ശ്രദ്ധിക്കുകയും ചെയ്തു.

പ്രസംഗം അവസാനിക്കുന്നതിനു മുന്‍പ് പാര്‍ട്ടിസിപ്പന്‍സിന്റെ സംഖ്യ എത്രയാണെന്ന് വെറുതെ ഒന്ന് നോക്കി .ഇരുപത്തിയെട്ടില്‍ ആരംഭിച്ചത് വെറും ആറില്‍ എത്തിനില്‍ക്കുന്നു. എല്ലാം അവസാനിക്കുമ്പോള്‍ സമയം രാത്രി ഒന്പതുമണിയായി. പ്രസംഗത്തിനിടയില്‍ രാത്രിയിലെ ഭക്ഷണവും കഴിച്ചു. ഇതിനിടയില്‍ ഭാര്യ അടുക്കളയില്‍ എത്തി അവിടെ തന്നെയിരുന്നു അല്പസമയം ഭാര്യയുമായി കുശലപ്രശ്‌നവും നടത്തിയശേഷം ഇരുവരും ശയനത്തിനായി ബെഡ്‌റൂമില്‍ എത്തി ബെഡില്‍ തരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കണ്‍പോളകള്‍ തഴുകാന്‍ വിസമ്മതിച്ചു.

മനസ് എവിടെയോ ഉടക്കി കിടക്കുന്നതുപോലെ. എന്താണ് ഇവിടെ സംഭവിചു കൊണ്ടിരിക്കുന്നത്. ജനജീവിതം സ്തംഭിചിരികുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഫാക്ടറികളില്‍ നിന്നും പുറത്തേക്കു പ്രവഹിച്ചുകൊണ്ടിരുന്ന കറുത്ത പുകപടകങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നില്ല. ഇടതടവില്ലാതെ സ്തുതി ഗീതികള്‍ ഉയര്‍ന്നിരുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നു. പുറത്തിറങ്ങാന്‍ കഴിയാതെ കൂട്ടിലിട്ട പുലികളെപോലെ ആബാലവൃദ്ധം ജനം വീട്ടില്‍ തന്നെ കഴിയുന്നു. രാവിലെ സ്‌കൂളിലേക്കു പോയിരുന്ന കുട്ടികള്‍ പഠനത്തിനായി കംപ്യൂട്ടറിന്റെ മുന്‍പില്‍ സമയം ചിലവഴിക്കുന്നു. ഇതിനെല്ലാം പുറമെ പുറത്തുള്ള അതിഭയങ്കരമായ ശൈത്യത്തെ താങ്ങാന്‍ കഴിയാത്ത ശാരീരികാവസ്ഥയും.

കലിയുഗം എന്ന് കേട്ടിട്ടുണ്ട്. ഇതു അതിനേക്കാള്‍ കഠോരമാണെന്നാണ് തോന്നുന്നത്. എന്നാണിതിനെല്ലാം ഒരവസാനം കണ്ടെത്തുവാന്‍ കഴിയുക. തികച്ചും ഹാന്‍ഡിക്യാപെനു വിശേഷിപ്പിക്കാവുന്ന ഒരു വര്‍ഷം പിന്നിട്ടു. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുനെല്കുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ പുതു വര്‍ഷത്തെ പ്രതീക്ഷിക്കാനാകുമൊ..? രാജന്റെ ചിന്തകള്‍ ചിറകുവിരിച്ചു അനന്ത വിഹായസിലേക് ഒരു ചരടില്‍ പറന്നുയരുന്ന പട്ടത്തെപ്പോലെ ലക്ഷ്യബോധമില്ലാതെ തത്തികളിക്കുവാനാരംഭിച്ചു.

പെട്ടെന്ന് ഇടിമുഴക്കം പോലെ ഒരു ശബ്ദം കര്‍ണപുടങ്ങളില്‍ തുളച്ചു കയറി.

”മനുഷ്യാ നിന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് ഇപ്പോഴെങ്കിലും നിനക്ക് ബോധ്യമായില്ലേ. ഇനിയെങ്കിലുമൊന്നു നിര്‍ത്തിക്കൂടെ നിന്റെ …”

പറഞ്ഞു മുഴുവിപ്പികുംമുമ്പ് പാതിയടിഞ്ഞ കണ്ണിമകളിലൂടെ കണ്ണുനീര്‍ ധാരയായി ഒഴുകുവാനാരംഭിച്ചു. ഇല്ല, ഇനി ഞാന്‍ പഴയതിലേക്കില്ല. പ്രവര്‍ത്തികളിലും, കാഴ്ചപാടുകളിലും സമൂല പരിവര്‍ത്തനം ആഗ്രഹിക്കുന്നു. ഇത്രയും പറഞ്ഞുകഴിഞ്ഞതോടെ മനസിന്റെ വലിയൊരു ഭാരം നീങ്ങി പോയതുപോലെ. ഉറക്കത്തിലേക്കു വഴുതി വീണതെന്ന് എപ്പോളെന്നറിയില്ല. നേരം വെളുത്തപ്പോള്‍ രാത്രിയിലുണ്ടായ അനുഭവങ്ങളെ ഒന്ന് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ അതുവരെ എന്നെ അസ്വസ്ഥനാക്കിയിരുന്ന ആ സത്യം ”മനുഷ്യന്‍ ലോകത്തെ വിരല്‍ത്തുമ്പില്‍ ഒതുക്കിയപ്പോള്‍, ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിലാണ്…”

എന്റെ മനസിലേക്കു ആ സത്യം സാവകാശം കടന്നുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com