ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

‘ഒഹായോയും ഫ്‌ളോറിഡായും കിട്ടുന്നവര്‍ അമേരിക്കന്‍ പ്രസിഡന്റ്…’ എന്നതായിരുന്നു പണ്ടത്തെ ആപ്തവാക്യം. പക്ഷേ തൊടുന്ന സകലത്തിലും റിക്കോര്‍ഡ് തകര്‍ക്കുന്ന പ്രസിഡന്റ് ട്രമ്പ് , ഒഹായോയും ഫ്‌ളോറിഡായും ടെക്‌സാസും ജോര്‍ജിയായും പെന്‍സില്‍വേനിയായും കീഴടക്കിയിട്ടും, കിതച്ചു നില്‍ക്കെയാണ്. ബൈഡന്‍ ബഹുദൂരം മുമ്പില്‍ എന്ന് കാണിക്കുന്നതില്‍ മാധ്യമങ്ങള്‍ വിജയിച്ചു നില്‍ക്കുന്നു.

ആമയും മുയലും കളിപോലെയാകാം, ട്രമ്പ് ബൈഡന്‍ മത്സരഫലങ്ങള്‍ എന്ന് വെറുതേ മോഹിപ്പിച്ചു, ഒരിക്കലെങ്കിലും ബൈഡന്‍ ഒപ്പമോ ഓരോ വോട്ടിനെങ്കിലും ട്രമ്പ് മുന്നേറി കാണാന്‍ ലോകം കൊതിച്ച കുറെ മണിക്കൂറുകള്‍ ഉറക്കം ഇളച്ചിരുന്നത് മിച്ചം.
ഇപ്പോഴും വോട്ടുകള്‍ എണ്ണിത്തീര്‍ക്കാത്ത 7 സ്‌റ്റേറ്റുകള്‍ ഇരു കൂട്ടരുടെയും ഹൃദയമിടിപ്പുകള്‍ കൂട്ടി കൂട്ടി , കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടിരിക്കുന്നു. മാജിക്ക് നമ്പറായ 270 ലെത്താന്‍ ബൈഡനു വിസ്‌കോണ്‍സിന്, മിഷിഗണ്‍, നെവാഡ എന്ന മൂന്നു സ്‌റ്റേറ്റുകള്‍ ഫലം പ്രഖ്യാപിച്ചാല്‍ മാത്രം മതി. അവ മൂന്നും ലഭിക്കാനും ബൈഡനു ഭാഗ്യമുണ്ട് താനും.
ബൈഡനും അതിന് പുറകെ തന്നെ ട്രമ്പും പൂര്‍ണ്ണ വിജയം അവകാശപ്പെട്ടുകൊണ്ടു ടീവീ ചാനലുകളില്‍ തിളങ്ങി നിന്നതും ലോകമാസകലം കണ്ടത് ശരി തന്നെ. പക്ഷേ ഇലക്റ്ററല്‍ കോളേജോ, കോടതി വിധിയോ വാ തുറക്കുന്നതുവരെ എല്ലാം മായ മായ..!
എന്നാല്‍ കട്ടയ്ക്കു കട്ടയ്ക്കു നില്‍ക്കുമെന്നതില്‍ ഒട്ടും സംശയിക്കേണ്ട, കാരണം ട്രമ്പിന് പെന്‌സില് വേനിയാ, ജോര്‍ജ്ജിയാ , നോര്‍ത്ത് കരോലിന തുടങ്ങിയ മൂന്നു നാല് സ്‌റ്റേയ്റ്റ്കള്‍ തൂത്തുവാരിയെടുത്താല്‍ ബൈഡന്റെ തൊട്ടടുത്തു വരെ ചെന്നെത്താന്‍ സാധ്യതകള്‍ ഏറെയുണ്ട് താനും. അതിനിടെ പെന്‍സില്‍വേനിയാ പോലെയുള്ള സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ചവരെ വോട്ടെണ്ണല്‍ തുടരുമെന്നും, അതുവരെ റിസല്‍ട്ട് ഒന്നും പുറത്തുവിടില്ലെന്നും ഡെമൊക്രാറ്റിക് ഗവര്‍ണര്‍മാര്‍ വാശി പിടിക്കുന്നത് , പ്രസിഡന്റ് ട്രമ്പിനെ ശുണ്ഠി പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.
വോട്ടു ദിവസമായ നവംബര്‍ മൂന്നാം തീയതിക്ക് ശേഷം ഒറ്റ വോട്ടും സാധുവാക്കരുതെന്നും, എന്ത് വന്നാലും സുപ്രീം കോടതിയില്‍ പോകുമെന്നും ഇന്നലെ രാത്രി തന്നെ പ്രസിഡന്റ് ഭീഷണി നല്‍കിയതിനാല്‍, അടുത്ത ദിവസ്സങ്ങളില്‍ ഒന്നും, രണ്ടു കൂട്ടര്‍ക്കും ഉറങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ലോകം ഉറ്റു നോക്കിക്കൊണ്ടിരുന്ന വന്‍ വിജയമോ, നാണം കേട്ട മൂക്കു കുത്തലോ കാണാന്‍ കഴിയാതെ നേരിയ നിരാശയില്‍ നമ്മളെ തള്ളിവിട്ടിരിക്കുകയാണ്. പ്രവാചക ഗുരുക്കന്മാര്‍ക്കോ, കവിടി ജ്യോതിഷികള്‍ക്കോ പ്രസിഡന്റ് ട്രംപിന്റെ വിധിയെ വരുതിയില്‍ കൊണ്ട് വരുവാന്‍ സാധിക്കില്ല എന്ന് ഒരു റിക്കോര്‍ഡ് കൂടി പുതുതായി സൃഷ്ടിച്ചേക്കുമോ എന്ന് മാത്രമെ ഇനി കാണാനുള്ളൂ.
238, 213 എന്നീ രണ്ടു സംഖ്യകളില്‍ നോക്കിയിരുന്നു കണ്ണ് കഴച്ചതിനാല്‍; ഇന്ന് രാത്രി എല്ലാം തല്ലിത്തകര്‍ത്തില്ലെങ്കില്‍, ഇനി വരുന്നയിടത്തു വെച്ചുകാണാം. പിന്നെ അന്തിമ വിധി എന്തായാലും അനുഭവിച്ചോളൂ, ഞാന്‍ ഈ നാട്ടുകാരനെയല്ല.