ന്യൂയോര്‍ക്ക്: ജോ ബൈഡന് വേണ്ടി പ്രചാരണത്തിനിറങ്ങിയ ബറാക് ഒബാമ ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ജോലികള്‍ ഗൗരവമായി എടുക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ട്രംപ് തന്നെ തെളിയിച്ചതായി ബരാക് ഒബാമ പറഞ്ഞു. ”ഇതൊരു റിയാലിറ്റി ഷോയല്ല. ഇത് യാഥാര്‍ത്ഥ്യമാണ്, ജോലി ഗൗരവമായി എടുക്കാന്‍ തനിക്ക് കഴിവില്ലെന്ന് തെളിയിച്ചതിന്റെ അനന്തരഫലങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിഞ്ഞു…” ഒബാമ പെന്സുല്വാലിയയില് പറഞ്ഞു. ‘നേതാക്കള്‍ എല്ലാ ദിവസവും കള്ളം പറയുകയാണെങ്കില്‍’ രാജ്യത്ത് ജനാധിപത്യം പ്രാവര്‍ത്തികമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള ഡെമോക്രാറ്റിക് പ്രതീക്ഷകളുടെ പ്രധാന ഘടകമായ യുവ വോട്ടര്‍മാരിലും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കും ഇടയില്‍ പോളിംഗ് വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ബൈഡന് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

ഫ്ലോറിഡ സര്‍വകലാശാലയുടെ യുഎസ് തിരഞ്ഞെടുപ്പ് പ്രൊജക്ട് കണക്കനുസരിച്ച് കുറഞ്ഞത് 40 ദശലക്ഷം അമേരിക്കക്കാര്‍ ഇതിനകം വോട്ട് ചെയ്തു കഴിഞ്ഞു. 2016 ലെ മൊത്തം പോളിംങിന്റെ 30 ശതമാനം വരുമിത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയില്‍ താഴെ മാത്രം സമയം ശേഷിക്കെ, ദേശീയ തിരഞ്ഞെടുപ്പിലെ ശരാശരിയില്‍ ട്രംപിനെക്കാള്‍ 7.9 പോയിന്റ് ലീഡ് ബൈഡനുണ്ടെന്നാണ് റിയല്‍ക്ലിയര്‍ പോളിറ്റിക്സ് വെബ്സൈറ്റ് അവകാശപ്പെടുന്നത്.