വാഷിങ്ടണ്‍: പാര്‍ലമെന്റ് അതിക്രമിച്ച് കയറി റിപബ്ലിക്കന്‍ പ്രവര്‍ത്തകര്‍ കലാപം അഴിച്ചുവിട്ട സംഭവത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപ് അനുകൂലികളുടെ നടപടി രാജ്യത്തിന് തന്നെ നാണക്കേടായെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ കലാപം ആകസ്മികമായിരുന്നില്ലെന്നും നിയമപരമായ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് അടിസ്ഥാനരഹിതമായി നുണ പറയുന്ന ട്രംപാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്നും ഒബാമ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചുവെന്ന് അംഗീകരിക്കാന്‍ തയ്യാറാകാത്ത റിപബ്ലിക്കന്‍ പാര്‍ട്ടിയേയും റിപബ്ലിക്കന്‍ അനുകൂല മാധ്യമങ്ങളേയും ഒബാന രൂക്ഷമായി വിമര്‍ശിച്ചു. ഇപ്പോഴത്തെ ഈ അതിക്രമങ്ങള്‍ ഇതിന്റെയെല്ലാം അനന്തരഫലമാണെന്ന് ഒബാമ വിമര്‍ശിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡനും കലാപത്തെ അപലപിച്ചു. ജനാധിപത്യത്തിനെതിരായ ആക്രമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അണികളോട് കലാപം അവസാനിപ്പിക്കാന്‍ ടെലിവിഷനിലൂടെ ട്രംപ് ആഹ്വാനം ചെയ്യണമെന്ന് ബെഡന്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറുക, ജനലുകള്‍ തകര്‍ക്കുക, ഓഫീസുകള്‍ പിടിച്ചെടുക്കുക, സെനറ്റിലേക്ക് കയറി പ്രതിഷേധിക്കുക, ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതൊന്നും വെറും പ്രക്ഷോഭമല്ല, കലാപമാണ്, ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ മന്ദിത്തിലേക്ക് അതിക്രമിച്ച് കയറി കലാപം അഴിച്ചുവിട്ടത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് പ്രതിഷേധകര്‍ അക്രമം അഴിച്ചുവിട്ടത്. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.