ജെയിംസ് കൂടല്‍

കേരളാ കോണ്‍ഗ്രസിന്റെ സമാരാധ്യനായ നേതാവ് കെ.എം മാണി മണ്‍മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പല സിദ്ധാന്തങ്ങളും ഇന്നും ജനമനസില്‍ കക്ഷിഭേദമെന്യേ സജീവമാണ്. തന്റെ അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തില്‍ മാണിസാര്‍ സമര്‍ത്ഥിച്ചിരിക്കുന്നത് ‘പിളരും തോറും വളരും, വളരും തോറും പിളരും…’ എന്നാണ്. ആ സിദ്ധാന്തം അന്വര്‍ത്ഥമാണ്. കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പിനെയും വളര്‍ച്ചയെയും തളര്‍ച്ചയെയും ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനോടുപമിക്കാന്‍ അമേരിക്കന്‍ മലയാളികളുടെ മാതൃ ഫെഡറേഷന്‍ എന്നറിയപ്പെടുന്ന ഫൊക്കാനയാണ് മുന്നില്‍ വരുന്നത്.

ഒരുകാലത്ത് ഫൊക്കാന എന്ന വാക്ക് കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. ആ സംഘടനയുടെ സാമൂഹിക പ്രതിബദ്ധത കേരളത്തിന്റെ മണ്ണിലേക്കും അത്രമേല്‍ ആഴ്ന്നിറങ്ങിയിരുന്നു. മാതൃഭൂമിയോടുള്ള ആദരവിന്റെയും ഗൃഹാതുരത്വത്തിന്റെയും പ്രതീകമായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പിറവിയെടുത്ത ഫൊക്കാന എന്ന ബൃഹദ് സംഘടന തങ്ങളുടെ ജനപക്ഷ പ്രവര്‍ത്തനങ്ങളിലൂടെ മലയാള നാടിനെയും ഉള്‍ക്കൊണ്ടിരുന്നു. ഈ നാട് ഫോക്കാനയെയും…
ഫൊക്കാന അന്ന് ഒന്നായിരുന്നു. ആ ഒരുമയുടെ ബലത്തിലാണ് കര്‍മ്മഭൂമിയും ജന്മഭൂമിയുമായി സ്‌നേഹത്തിന്റെ പാലം അവര്‍ നിര്‍മ്മിച്ചത്. കേരളത്തിലെ ഒരുപാട് കലാ സാംസ്‌കാരിക രാഷ്ട്രീയ പ്രതിഭകള്‍ ഫൊക്കാനയുടെ പേരില്‍ അമേരിക്കയില്‍ അവരുടെ കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുകയും ഫൊക്കാനയുടെ നേതാക്കള്‍ കേരളത്തില്‍ എത്തി ഒട്ടേറെ വികസന-ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. ഒരിക്കലും മറക്കാനാവാത്ത ഒരു സുവര്‍ണ കാലഘട്ടം, അത്തരത്തില്‍ ഫൊക്കാന തങ്ങളുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി.
അങ്ങനെ കാലം മാറി. ആ സംഘടനയുടെ അമരത്തേക്കു വന്ന നേതാക്കളുടെ സ്വരവും ഭാവവും കാഴ്ചപ്പാടും ഒക്കെ മാറി. നമുക്കറിയാം ‘ഭാഷയ്‌ക്കൊരു ഡോളര്‍’ എന്ന ഏറ്റവും അഭിമാനകരമായ പദ്ധതിയിലൂടെ മലയാളത്തെയും അമേരിക്കന്‍ മലയാളി സമൂഹത്തെയും കോര്‍ത്തിണക്കിയ പ്രസ്ഥാനമാണ് ഫൊക്കാന. മഹാരഥന്മാരായ ഒട്ടേറെ നേതാക്കന്മാരുടെ മനസ്സില്‍ നിന്നും അവര്‍ക്കു നാടിനോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനത്തില്‍ നിന്നും ഉദിച്ച പദ്ധതികളിലൊന്നാണ് ഭാഷയ്‌ക്കൊരു ഡോളര്‍. അങ്ങനെ ഒട്ടനവധി പദ്ധതികളും പില്‍ക്കാലങ്ങളില്‍ ആവിഷ്‌ക്കരിക്കപ്പെട്ടു.
ഇങ്ങനെ പോകുമ്പോഴാണ് ഫൊക്കാനയുടെ നേതൃസരണിയില്‍ പടലപ്പിണക്കങ്ങള്‍ രൂപപ്പെടുന്നത്. ശരിയാണ്, ഒരു സംഘടനയില്‍ സ്വരച്ചേര്‍ച്ചയും അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ഉണ്ടാകും. എന്നാല്‍ ഫൊക്കാനയിലെ അസ്വാരസ്യങ്ങള്‍ ആ സംഘടനയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് ഹൃദയ വേദന ഉണ്ടാക്കി എന്നതാണ് സത്യം. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്കും അവരുടെ വിവിധങ്ങളായ പ്രശ്‌നപരിഹാരങ്ങള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനം പതിയെ വ്യക്തിപരമായ കിടമത്സരങ്ങളുടെ പോരാട്ടഭൂമിയില്‍ തളരുകയായിരുന്നു.
ഫൊക്കാന രൂപീകരിക്കപ്പെട്ടതുതന്നെ മികച്ച നേതൃത്വത്തിന്റെ ഉറച്ച തണലിലായിരുന്നു. സംഘടനയുടെ പിറവി മുതല്‍ ഒരു കാലഘട്ടം വരെ നേതാക്കന്മാരുടെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും സംഘടനയെ തകര്‍ക്കാനാവാത്ത ശക്തിയായി നിലനിര്‍ത്തി. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഉത്തരവാദിത്വവും വിവേകവും ഇല്ലാത്ത ഭരണകര്‍ത്താക്കള്‍ ഈ മഹത് സംഘടനയുടെ അധികാരക്കസേരയില്‍ ഇരുന്നതു മുതല്‍ അപചയവും സംഭവിച്ചു.
അവിടെ നിന്നാണ് ഫോമാ എന്ന സംഘടനയുടെ പിറവി. ഒരുപക്ഷേ അമേരിക്കയിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ശക്തിയാര്‍ജ്ജിക്കാന്‍ സാധിച്ചത് ഫൊക്കാനയിലെ പിളര്‍പ്പു മൂലമാണ് എന്ന് കരുതേണ്ടിവരും. വേള്‍ഡ് മലയാളി കൗണ്‍സിലിനെ തകര്‍ക്കാനും ഛിദ്രശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നുള്ളത് പകല്‍ സത്യമാണ്. അതുപോകട്ടെ, അടുത്ത കുറച്ചു ദിവസങ്ങളായി ഫൊക്കാനയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിസരമലിനീകരണം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇരു വിഭാഗങ്ങളിലുമായി നിന്നുകൊണ്ടുള്ള അപക്വവും ആദര്‍ശമില്ലാത്തതുമായ പ്രസ്താവനകള്‍ തീര്‍ത്തും അരോചകമായി മാറിയിരിക്കുന്നു. ഇതൊക്കെ ആരെ ബോധ്യപ്പെടുത്താനാണ് എന്ന് ചിന്തിച്ചു പോകുന്നു.
അധികാരവും അതുവഴിയുള്ള ഭൗതിക നേട്ടങ്ങളും പദവിയുടെ പ്രശസ്തിയും മാത്രം ലക്ഷ്യം വച്ചുകൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തൃണവല്‍ഗണിച്ചുകൊണ്ട് നടത്തുന്ന ചക്കളത്തിപ്പോരാട്ടങ്ങള്‍ക്ക് കാലം മാപ്പു കൊടുക്കുകയില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കണം ഇപ്പോള്‍ ചില കോംപ്രമൈസ് ഫോര്‍മുലയുമായി നേതാക്കള്‍ എത്തിയിരിക്കുന്നത്. അതിലേക്കു വരും മുമ്പ് ഒരു കാര്യം ഉറപ്പിക്കാം. ഫൊക്കാന അതിന്റെ ഊര്‍ജ്ജം എവിടെയോ നഷ്ടപ്പെടുത്തിയിരിക്കുന്നു. ചോര്‍ന്നു പോയ ആ ശക്തിയും ബഹുജന അടിത്തറയും വീണ്ടെടുക്കാന്‍ പുതിയ നീക്കുപോക്കുകള്‍ക്ക് കഴിയുമോ എന്നാണ് സംഘടനാസംവിധാനങ്ങളെ സ്‌നേഹിക്കുന്നവര്‍ ചിന്തിക്കുന്നത്.
ഫൊക്കാനയിലെ പിളര്‍പ്പിന്റെ വേദനയില്‍ പിറന്ന ഫോമാ ഇന്നതിന്റെ ജൈത്രയാത്രയിലാണ്. പരിണിതപ്രജ്ഞരായ നേതാക്കളുടെ ഊര്‍ജ്വസ്വലമായ സാമൂഹിക വീക്ഷണത്തിലും പ്രവര്‍ത്തന അജണ്ടകളിലും വേറിട്ടു നില്‍ക്കുന്ന വലിയ പ്രസ്ഥാനമായി ഫോമാ മാറിക്കഴിഞ്ഞിരിക്കുന്നു. ഫോമായിലെ പ്രൊഫഷണലിസം അമേരിക്കന്‍ മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങിയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. ജനാഭിമുഖ്യമുള്ള പുതിയ നയരേഖകളുമായി ഫോമാ അതിന്റെ വഴിത്താരയില്‍ മുന്നേറുമ്പോള്‍ ഫൊക്കാനയിലെ ഇരുപക്ഷങ്ങള്‍ ചില വിട്ടുവീഴ്ചകളുമായി ഒരു മേശയ്ക്കു ചുറ്റുമിരിക്കുകയാണ്.
അവരുടെ ആ ഉദ്യമത്തെ ഒരിക്കലും മോശമായി കാണുന്നില്ല. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇനി അതൊന്നും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കാനായി ഒരു അധികാര കൈമാറ്റച്ചടങ്ങ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിക്കാന്‍ പോകുന്നു എന്നാണ് ഇരുപക്ഷത്തിന്റെയും നേതാക്കള്‍ നല്‍കിയ സൂചന. തീര്‍ച്ചയായും ആ തീരുമാനത്തെ നമുക്ക് സര്‍വാത്മനാ സ്വാഗതം ചെയ്യാം. പശ്ചാത്തപിക്കുന്നത് നല്ലതാണ്, അത് മനുഷ്യസഹജമാണ്. തെറ്റുകളേറ്റു പറഞ്ഞ് ഇനിയതാവര്‍ത്തിക്കില്ലെന്ന് സ്ഥാപിച്ച ശേഷം വീണ്ടും ആ പോരായ്മകളുടെ പടുകുഴിയിലേക്ക് വീണുപോകുന്നത് അമേരിക്കന്‍ മലയാളികളെ വഞ്ചിക്കുന്നതിനു തുല്യവുമാണ്.
ഇവിടെ നാം മറന്നുപോകുന്നൊരു കാര്യമുണ്ട്. എന്താണ് സംഘടന…? അത് സംഘടിക്കാന്‍ വേണ്ടിയുള്ളതാണ്. സംഘടിക്കുക എന്നു പറഞ്ഞാല്‍ ഒന്നിച്ചു ചേരുക എന്നു മാത്രമല്ല, ഒന്നിച്ചു ചേരുന്നവരെ ഒരേ മനസുള്ളവരാക്കിമാറ്റുക എന്നുള്ളതാണ് ആ ഉദ്യമത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. പല ജീവിത സാഹചര്യങ്ങളിലും ചിന്താഗതികളിലും നിന്ന് വന്നവരെ ഒരു മുദ്രാവാക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് പൊതുവായ ഒരു ലക്ഷ്യപ്രാപ്തിയിലേക്കുള്ള സഞ്ചാരമാണ് സംഘടനാ പ്രവര്‍ത്തനം. ”സംഘടിച്ച് ശക്തരാകുക…” എന്ന ആപ്തവാക്യം നാം കേട്ടിട്ടുള്ളതാണ്. തീര്‍ച്ചയായും ഒരു മനസും ഒരേ ബോധവും ചിതറാത്ത നന്‍മയും ഉള്ളില്‍ ഉള്ളവര്‍ക്ക് ഒരിക്കലും സംഘടിക്കാതിരിക്കാനാവില്ല. അത്തരം കൂട്ടായ്മകളുടെ വിജയങ്ങള്‍ ചരിത്രത്തിന്റെ സുവര്‍ണ്ണ അദ്ധ്യായങ്ങളില്‍ കാലാകാലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തന്നെ.
വാല്‍ക്കഷണം
ലോകം ഏറ്റവും വലിയ ഒരു മാഹമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന വേളയില്‍ ആണ് ഒരുമയുടെ മഹത്വം നാം തിരിച്ചറിയേണ്ടത്. കോവിഡ് 19 എന്ന സൂക്ഷ്മാണുവിന്റെ ആക്രമണത്തില്‍ ദേശഭേദമെന്യെ ഏവരും ഭീതിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ പടലപ്പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും കിടമത്സരങ്ങളും ഒഴിവാക്കിക്കൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തെ ഒന്നായിക്കണ്ട് ജനകീയമാകാന്‍ ഫൊക്കാനയ്ക്ക് സാധിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും അത് സാധ്യമായെന്ന് വരികയില്ല. ഇത് പ്രവാസ ഭൂമിയിലെ എല്ലാ സാമൂഹിക സംഘടനകള്‍ക്കും ഒരു പാഠമാകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.