വാഷിങ്ടണ്‍: ഇന്ത്യ -യുഎസ് ബന്ധം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെറും ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എന്നാല്‍ എന്നെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതിലാണ് ശ്രദ്ധ. അതേസമയം താന്‍ അധികാരത്തിലേറിയാല്‍ ഭീകരതയെ ചെറുക്കാനും ചൈനയുടെ കടന്നുകയറ്റം തടയാനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ പണ്ട് മുതല്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കും. അമേരിക്കയും ഇന്ത്യയും ഭീകരതയ്‌ക്കെതിരെ എല്ലാവിധത്തിലും ഒരുമിച്ച് നില്‍ക്കുകയും ചൈനയോ മറ്റേതെങ്കിലും രാജ്യങ്ങളോ അയല്‍ക്കാരെ ഭീഷണിപ്പെടുത്താത്ത സമാധാനത്തിന്റെയും സുസ്ഥിരതയുടെയും മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

ഇന്ത്യന്‍-അമേരിക്കന്‍ വംശജരെ ഞങ്ങള്‍ ഏറെ വിലമതിക്കുന്നു. യുഎസ്-ഇന്ത്യ ബന്ധത്തെ ഞങ്ങള്‍ തുടര്‍ന്നും വിലമതിക്കും. ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് ഫോട്ടോ ഷൂട്ടുകള്‍ മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കലും, ബൈഡന്‍ പറഞ്ഞു.
ഇത്തവണ ഇന്ത്യന്‍ വംശജര്‍ ബൈഡനെ പിന്തുണയ്ക്കുമെന്നാണ് പുറത്തുവന്ന സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. മോദിയ്‌ക്കെതിരായ ഡെമോക്രാറ്റുകളുടെ വിമര്‍ശനവും ട്രംപ്-മോദി ബന്ധവും ഉയര്‍ത്തിക്കാട്ടി ഇക്കുറി 50 ശതമാനം ഇന്ത്യന്‍ വംശജരും ട്രംപിനെ പിന്തുണയ്ക്കുമെന്നായിരുന്നു റിപബ്ലിക്കന്‍സ് അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം തള്ളുന്നതാണ് സര്‍വ്വേ ഫലങ്ങള്‍.