ഇ. ശ്രീധരന്‍ എന്ന ലോകപ്രശസ്ത ഇന്ത്യന്‍ സാങ്കേതികവിദഗ്ദ്ധന്‍ അഥവാ മലയാളത്തിന്റെ സ്വന്തം ‘മെട്രോ മാന്‍’ ബി.ജെ.പിയുടെ ക്യാമ്പിലെത്തുന്നതുകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം..? മെട്രോമാന്റെ രാഷ്ട്രീയ പ്രവേശം കൊണ്ട് ബി.ജെ.പിക്ക് മാത്രമല്ല വികസന മോഹികളായ നാട്ടുകാര്‍ക്കും യാതൊരു തലത്തിലുമുള്ള പ്രയോജനവും ലഭിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം അദ്ദേഹത്തിന്റെ കഴിവും പ്രവര്‍ത്തന പരിചവും അപാരമാണെന്ന് സമ്മതിക്കുകയും വേണം.

ഇന്ത്യന്‍ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതില്‍ സുപ്രധാന പങ്കാണ്് ഇദ്ദേഹം വഹിച്ചിട്ടുള്ളത്. ഡല്‍ഹി മെട്രോ റെയില്‍വേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവെന്നത് മലയാളികള്‍ക്കഭിമാനമാണ്. ഡല്‍ഹി മെട്രോ റെയില്‍വേയ്ക്കു പുറമേ കൊല്‍ക്കത്ത മെട്രോ റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ, തകര്‍ന്ന പാമ്പന്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കി. ഇന്ത്യ ഗവര്‍മെന്റ് 2001 ല്‍ പത്മശ്രീയും 2008 ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 2005 ല്‍ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ ‘ഷെവലിയാര്‍ ഡി ലീജിയോണ്‍ ദ ഹൊന്നെര്‍’ പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി.

കേരളത്തിനായി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാണത്രെ ഇ ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത് എന്നാണ് പറയുന്നത്. മാറി മാറി ഭരിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും കേരളത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ മാത്രമാണ് ഇവര്‍ നടത്തി വരുന്നതെന്നും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തുന്നു.
കേരളം വികസനത്തില്‍ മുന്നേറാനും നീതി ഉറപ്പാക്കാനും ബി.ജെ.പി വരണമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ തനിക്ക് സത്‌പേരുള്ളതിനാല്‍ തന്റെ പാര്‍ട്ടിപ്രവേശം കൂടുതല്‍ പേരെ ബി.ജെ.പിയിലേക്കാകര്‍ഷിക്കാനും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇരട്ടി വോട്ടുകള്‍ നേടാനും സഹായകമാകുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
ഒരു കാര്യം സൂചിപ്പിക്കട്ടെ, ലോകം അംഗീകരിക്കുന്ന ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പൗരന്‍മാര്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. തീര്‍ച്ചയായും മെട്രോമാന് ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരു തടസവുമില്ല. അതിന്റെ പേരില്‍ പക്ഷേ കണ്ണടച്ചിരുട്ടാക്കുന്നതെന്തിന് എന്നാണ് ചോദ്യം. ശ്രീധരന് ബി.ജെ.പിയില്‍ അംഗത്വം എടുക്കാന്‍, മാറിമാറി വന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണത്തില്‍ കേരളം കൈവരിച്ച പുരോഗതി തള്ളിപ്പയേണ്ട കാര്യമില്ല.
‘കേരള മോഡല്‍’ എന്നൊരു പ്രയോഗം തന്നെയുണ്ടെന്ന കാര്യം ശ്രീധരന് അറിയാമല്ലോ. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യം, കുറഞ്ഞ ശിശു മരണനിരക്ക് തുടങ്ങിയ കാര്യങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ സൂചിപ്പിക്കുന്ന കേരള മോഡല്‍ വികസനം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തമാണ്. ഇന്ത്യയില്‍ സാമൂഹിക വികസനത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ സാധിച്ച ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ആറര പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ ഭരണചക്രം പിടിച്ച ഇടതു പക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയുമാണ് സംസ്ഥാനത്തെ ഈ മികച്ച നിലയിലേക്കുയര്‍ത്തിയത് എന്നകാര്യത്തില്‍ തര്‍ക്കമില്ല.
ആരോഗ്യ മേഖലയില്‍ അല്‍പ്പസ്വല്‍പ്പം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നിലവാരം പോക്കാണെന്നാണ് ശ്രീധരന്‍ പറയുന്നത്. എന്നാല്‍ 2019 ഒക്‌ടോബറില്‍ നിതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമതാണ്. ബി.ജെ.പി ഭരണത്തിലുള്ള ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. രാജ്യത്തെ സാക്ഷരതാ നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങളെ പുറന്തള്ളി പ്രഥമ സ്ഥാനത്ത് തുടരുന്നു. 96.2 ശതമാനമാണ് 201718 വര്‍ഷത്തില്‍ കേരളത്തിന്റെ സാക്ഷരതാ നിരക്ക്.
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ)തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അനൗപചാരിക വിദ്യാഭ്യാസത്തിലെ കേരള മോഡല്‍ ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിതി ആയോഗിന്റെ 2017ലെയും 2018ലെയും സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയിലും ഏറ്റം മുന്നില്‍ കേരളമാണ്. ആരോഗ്യം, ക്ഷേമം, മികച്ച വിദ്യാഭ്യാസം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളിലെ മുന്നേറ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയത്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഥമ സ്ഥാനത്ത് കേരളമാണ്. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി നാല് വര്‍ഷം കേരളമാണ് ഈ പദവി കൈവരിച്ചത്. തീര്‍ന്നില്ല. കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ട് അറ്റ് റാങ്കിംഗ് 2019ല്‍ കേരളം ടോപ് പെര്‍ഫോമറായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2017ലെ എ.ഡി.ബി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി ഒന്നാമതാണ്.
ഇ ശ്രീധരന്‍ സാങ്കേതിക വിദഗ്ധനാണെങ്കിലും കക്ഷി രാഷ്ട്രീയത്തില്‍ ഒട്ടും വൈദഗ്ധ്യം ഉള്ള ആളല്ല. തന്റെ സാന്നിധ്യത്തോടെ ബി.ജെ.പിയിലേക്ക് കേരളീയര്‍ ഒഴുകിയെത്തുമെന്നും പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം ഇരട്ടിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ അവകാശവാദത്തിലൂടെ ബോധ്യപ്പെടുന്നത് അതാണ്. മുരടിച്ചു നില്‍ക്കുന്ന കേരള ബി.ജെ.പിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം ഇതിനു മുമ്പും അല്‍ഫോന്‍സ് കണ്ണന്താനം പോലുള്ള ചിലരെയൊക്കെ ചാക്കിട്ടു പിടിച്ചിട്ടുണ്ട്.
മധ്യ കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമാകുമെന്ന കാഴ്ചപ്പാടിലാണ് കണ്ണന്താനത്തെ വലവീശിയതും കേന്ദ്രമന്ത്രി പദവി നല്‍കിയതും. എന്നാല്‍ അദ്ദേഹത്തെ കണ്ട് ഒരാള്‍ പോലും ബി.ജെ.പി അംഗത്വമെടുത്തില്ല എന്നത് പകല്‍ പോലെ സത്യമാണ്. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളീയര്‍ ബി.ജെ.പിയെക്കുറിച്ച് നന്നായി മനസിലാക്കിയിട്ടുണ്ട്. ശ്രീധരനെക്കൊണ്ട് എന്ത് പ്രയോജനം കേരളത്തിന് ലഭിക്കുമെന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം.
കേരളത്തെ ആതാമാര്‍ത്ഥമായി സേവിക്കാനാണ് ബി.ജെ.പിയില്‍ ചേരുന്നതെന്നാണ് ശ്രീധരന്‍ അവകാശപ്പെടുന്നതെങ്കിലും ഹിന്ദുത്വ ഫാസിസത്തോടുള്ള ആഭിമുഖ്യവും ഉന്നത അധികാര പദവിയുമാണ് യഥാര്‍ഥ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ബി.ജെ.പിയും ആര്‍.എസ്.എസുമാണ് ശ്രീധരന്റെ ഭാഷയില്‍ യഥാര്‍ഥ ദേശസ്‌നേഹികള്‍ എന്ന അതിശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന, ദേശീയ പതാകയെ നിന്ദിക്കുന്ന, ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന് വാദിക്കുന്ന ആര്‍.എസ്.എസില്‍ എന്ത് ദേശസ്‌നേഹമാണുള്ളതെന്ന് ശ്രീധരന്‍ വ്യക്തമാക്കണം.
വാല്‍ക്കഷണം
ഇ. ശ്രീധരന്‍ ഈയിടെ നടത്തിയ ഒരു പരാമര്‍ശം ട്രോളുകള്‍ക്കിടയാക്കി. തനിക്ക് ഗവര്‍ണര്‍ ആവേണ്ട, മുഖ്യമന്ത്രിയായാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന ശ്രീധരന്റെ അധികാരമോഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. പ്രശസ്തമായ ഒരു സിനിമാ ഡയലോഗ് പോലെ ”ഇത് ഒരിക്കലും നടക്കാത്ത സുന്ദര സ്പ്നമാണ്…” അടുത്ത കാലത്തൊന്നും കേരളത്തില്‍ അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷ ബി.ജെ.പിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ തന്നെ എത്രയെത്ര താപ്പാനകളാണ് അതിനായി വ്രതമെടുത്തു കാത്തുകഴിയുന്നത്. ഇ ശ്രീധരന് കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ അംഗീകാരവും ആദരവും പ്രതിഛായയുമുണ്ടായിരുന്നു ഇതുവരെ. കാവിരാഷ്ട്രീയ ഭ്രമത്തില്‍ അദ്ദേഹം അത് നഷ്ടപ്പെടുത്തിയിരിക്കുന്നു.