THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 6, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America 'എംപാഷ ഗ്ലോബല്‍' കുടുംബ ബന്ധങ്ങളുടെ ശാക്തീകരണത്തിന്റെ മാതൃകാ സംഘടന: മന്ത്രി കെ.കെ ശൈലജ

‘എംപാഷ ഗ്ലോബല്‍’ കുടുംബ ബന്ധങ്ങളുടെ ശാക്തീകരണത്തിന്റെ മാതൃകാ സംഘടന: മന്ത്രി കെ.കെ ശൈലജ

ചിക്കാഗോ: മലയാളി സമൂഹത്തിന്റെ ഉറപ്പുള്ള ചട്ടക്കൂടില്‍ ആത്മസംയമനം പാലിച്ച് കുടുംബത്തില്‍ സ്‌നേഹത്തിന്റെയും പരിലാളനയുടെയും സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി രൂപം കൊണ്ട എംപാഷ ഗ്ലോബല്‍, വ്യക്തി ബന്ധങ്ങളുടെ ശാക്തീകരണത്തിന് മഹനീയ മാതൃകയാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശംസിച്ചു. അറിഞ്ഞോ അറിയാതെയോ ഒരു നിമിഷത്തെ പ്രകോപനം കൊണ്ട് കുടുംബ ബന്ധങ്ങളുടെ വേരറക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് വ്യക്തികളെ ബോധവത്ക്കരണത്തിന്റെ വെളിച്ചത്തില്‍ നന്മയിലേക്ക് നയിക്കാന്‍ രൂപം കൊണ്ട എംപാഷ ഗ്ലോബല്‍ എന്ന ആഗോള മലയാളി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

adpost

”വളരെ പ്രസക്തമായ വിഷയം അവതരിപ്പിച്ചു കൊണ്ടാണ് എംപാഷ ഗ്ലോബല്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തനം ആരംഭിച്ച് മുഖ്യധാരയിലെത്തുന്നത്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്തതായ വിഷയമാണ് ഗാര്‍ഹിക പീഡനവും കുടുംബത്തില്‍ കലാപം നിറഞ്ഞ അന്തരീക്ഷവും. അനാവശ്യമായ ദുര്‍വാശി അവസാനിപ്പിക്കുക. ഈഗോ കളഞ്ഞ് അവനവന്റെ ഉത്തരവാദിത്വത്തില്‍ നിലകൊണ്ട് പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമാനവും നിലനിര്‍ത്തുക. നമ്മുടെ സമൂഹത്തിലെ വ്യക്തികളെല്ലാം രാജ്യം ഉറപ്പു നല്‍കുന്ന ഭരണഘടനാ തത്വങ്ങളില്‍ വിശ്വസിച്ചുകൊണ്ടാണ് ജീവിക്കേണ്ടത്. അവസര സമത്വത്തിന്റെ പരിപൂര്‍ണത നിലനിര്‍ത്താന്‍ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കുകയും ആരോഗ്യകരമായ ജീവിതം നിലനിര്‍ത്തുകയും വേണം…” മന്ത്രി തുടര്‍ന്നു.

adpost

”ഗാര്‍ഹിക പീഡനം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. നിസാര കാര്യങ്ങളില്‍ വെറുതേ തര്‍ക്കിച്ച് ജീവിതം പാഴാക്കാതെ ഉത്തരവാദിത്വമുള്ള ദമ്പതികളും രക്ഷാകര്‍ത്താക്കളുമായി കുട്ടികളെ നാളത്തെ പൗരന്മാരായി ശാക്തീകരിച്ചുകൊണ്ടു വരാന്‍ നിര്‍ബന്ധമായും നാം തുനിഞ്ഞിറങ്ങേണ്ടതുണ്ട്. ആ നിലയ്ക്ക് വളരെ ഗൗരവതരമായ വിഷയം ഉള്‍ക്കൊണ്ട് സ്‌നേഹനിധികളായ ഒരുപറ്റം ആള്‍ക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച എംപാഷ ഗ്ലോബലിന് എല്ലാ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം ഈ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നതായി അറിയിക്കുകയും ചെയ്യുന്നു…” മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു.

”ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ…” എന്ന ഏറെ പ്രസക്തമായ പ്രാര്‍ത്ഥനാ ഗാനം കല്യാണി പതിയേരിയുടെ ശബ്ദത്തില്‍ അലയടിച്ച സൂം മീറ്റിംഗിലാണ്, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ലോകപ്രശസ്തി നേടിയ കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ വേറിട്ട മുദ്രാവാക്യവുമായി രൂപംകൊണ്ട എംപാഷ ഗ്ലോബലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മലയാളി കുടുംബങ്ങളില്‍ ഗാര്‍ഹിക പീഡനം നടക്കുന്നുണ്ട് എങ്കില്‍ അത് അത്തരത്തിലുള്ള ഗുരുതരമായ കുറ്റമാണെന്ന തിരിച്ചറിവ് കൃത്യമായ ബോധവത്ക്കരണത്തിലൂടെ നല്‍കി അതില്‍ നിന്ന് ഏവരെയും മോചിപ്പിക്കാനുള്ള ഉദ്യമമാണ് എംപാഷ ഗ്ലോബല്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സംഘടനയുടെ വരുംകാല മുന്നേറ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ മനസ്സുകൊണ്ട് എത്തിയിരിക്കുന്നവര്‍ പല രാജ്യങ്ങളിലെയും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര നേടിയവരാണ്.

എംപാഷ ഗ്ലോബല്‍ ആരില്‍ നിന്നും പണപ്പിരിവ് നടത്തുന്നില്ല. അതോടൊപ്പം ആര്‍ക്കും സാമ്പത്തിക സഹായങ്ങളും നല്‍കുന്നില്ല. പകരം ഉപദേശങ്ങളിലൂടെയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികളുടെ ഊഷ്മള സമീപനങ്ങളിലൂടെയും നമ്മുടെയെല്ലാം കുടുംബങ്ങളില്‍ സ്‌നേഹത്തിന്റെ പ്രകാശം തെളിയിക്കുവാനായാണ് എംപാഷ ഗ്ലോബല്‍ പ്രതിജ്ഞ എടുത്തിരിക്കുന്നത് എന്ന് അറിയുക.

സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡര്‍, പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപാഷ ഗ്ലോബല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ സ്വാഗതം ആശംസിച്ചു. നാം പവിത്രമായി കരുതുന്ന, കുടുംബന്ധങ്ങളുടെ ഊഷ്മളതയും സ്‌നേഹവും നഷ്ടപ്പെടുന്നത് വേദനാജനകമാണെന്നും അത്തരം അവസ്ഥകളെ ഇല്ലാതാക്കി വീടുകളില്‍ ആഹ്‌ളാദിക്കുന്ന മുഖങ്ങളെ തിരികെ പ്രതിഷ്ഠിക്കാന്‍ എംപാഷ ഗ്ലോബലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പായും സാധിക്കുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

ഉറവ വറ്റി വാടിപ്പോകുന്ന ഒരു ചെടിയുടെ ചുവട്ടില്‍ അല്പം വെള്ളം ഒഴിച്ച് അതിനെ തളിര്‍പ്പിക്കുന്ന ഉത്തരവാദിത്വം ആണ് വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക പീഡനം എന്ന വിപത്തിനെ അകറ്റാന്‍ എംപാഷ ഗ്ലോബല്‍ നിര്‍വഹിക്കുന്നതെന്ന് ബെന്നിവാച്ചാച്ചിറ പറഞ്ഞു. ഈ സംഘടനയുടെ പ്രവര്‍ത്തനം മലയാളികള്‍ ജീവിക്കുന്ന എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനും എംപാഷ ഗ്ലോബല്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ എല്ലാ മലയാളി കുടുംബങ്ങളില്‍ എത്തിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട കമ്മറ്റികള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷക്കണക്കിന് കുട്ടികള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ എംപാഷ ഗ്ലോബലിന്റെ പ്രസക്തി വളരെ വലുതാണെന്ന് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു അഭിപ്രായപ്പെട്ടു. ആഗോള വത്ക്കരണത്തിന്റെ കാലഘട്ടത്തില്‍ നിന്നും അണുകുടുംബത്തിന്റെ വ്യക്ത്യാധിഷ്ഠിത ജീവിതത്തിലേക്ക് ലോകം മാറുന്ന പശ്ചാത്തലത്തില്‍ കൊച്ചു കുടുംബങ്ങളില്‍ ഉടലെടുക്കുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രൂപീകരിക്കപ്പെട്ട എംപാഷ ഗ്ലോബലിന് സാധിക്കുമെന്ന് ഫോമായുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് പ്രത്യാശ പ്രകടിപ്പിച്ചു.

”ഒരുപക്ഷേ, ഇന്ത്യയില്‍ ആദ്യമായി രൂപം കൊണ്ട പ്രശ്‌നാധിഷ്ഠിതമായ സംഘടനയാണ് എംപാഷ ഗ്ലോബല്‍. ഇത് ലോകത്തിന് തന്നെ മാതൃകയാകുന്ന കാലം വിദൂരമല്ല. ഗാര്‍ഹിക പീഡനത്തെ എങ്ങനെ അഭിമുഖീകരിക്കാം, അത് എപ്രകാരം പരിഹരിക്കാം എന്നൊക്കെ ചര്‍ച്ച ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദീനാനുകമ്പയുള്ള ഒരു കൂട്ടം മലയാളികള്‍ രൂപീകരിച്ച ഈ സംഘടനയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍…” ലോകപ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ള ആശംസിച്ചു.

മനസ്സിന്റെ ദുരഭിമാനം ഒഴിവാക്കി സമൂഹത്തില്‍ കുടുംബത്തിന്റെ അഭിമാനവും ഭ്രദതയും ഉറപ്പു വരുത്താന്‍ പിറവിയെടുത്ത എംപാഷ ഗ്ലോബലിന് ഫൊക്കാന മുന്‍ പ്രസിഡന്റ് മന്മഥന്‍ നായര്‍ ആശംസകള്‍ നേര്‍ന്നു. ഗാര്‍ഹിക പീഡനം ഉന്മൂലനം ചെയ്യാന്‍ എംപാഷ ഗ്ലോബലിന്റെ ബോധവത്ക്കരണ പരിപാടികള്‍ക്ക് കഴിയുമെന്ന് ഡോ. സാറാ ഈശോ പറഞ്ഞു. ജീവിത പങ്കാളിയെ ശാരീരികമായി മര്‍ദ്ദിക്കുകയും, സ്വന്തം രക്തത്തില്‍ പിറന്ന കുട്ടികളെ ശകാരിക്കുകയും അതൊക്കെ ശാരീരിക പീഡനങ്ങളിലേക്ക് വഴിമാറുകയും ചെയ്യുന്ന അവസ്ഥ വേദനാജനകമാണെന്നും അത്തരം പൈശാചിക കൃത്യങ്ങളെ മനസ്സില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്‌നേഹോപദേശങ്ങളിലൂടെ നിര്‍മാര്‍ജനം ചെയ്യാന്‍ രൂപീകരിക്കപ്പെട്ട എംപാഷ ഗ്ലോബലിന് എല്ലാവിധ പിന്തുണയും നേരുന്നുവെന്നും സാമൂഹിക പ്രവര്‍ത്തക തനൂജാ ഭട്ടതിരി വ്യക്തമാക്കി.

ഡോ. ദിവ്യാ വള്ളിപ്പടവില്‍, ഡോ. ഏഞ്ചലാ കോരുത്, ഡോ. ബോബി വര്‍ഗീസ്, ഡോ. അജിമോള്‍ പുത്തന്‍പുര, സ്മിത വെട്ടുപാറപ്പുറത്ത് തുടങ്ങിയവരും സമൂഹത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഗാര്‍ഹിക പീനത്തിന്റെ ഭീകരതയെക്കുറിച്ചും അതിന്റെ നിര്‍മാര്‍ജനത്തിനായി രൂപം കൊണ്ട എംപാഷ ഗ്ലോബലിന്റെ വീക്ഷണത്തെ കുറിച്ചും അത് ജനങ്ങളിലേക്ക് എത്തിക്കേണ്ട അടിയന്തിര ആവശ്യത്തെക്കുറിച്ചും സംസാരിച്ചു. ബബ്‌ലു ചാക്കോ എം.സിയായിരുന്നു. ചടങ്ങിന് പര്യവസാനം കുറിച്ചുകൊണ്ട് വിനോദ് കൊണ്ടൂര്‍ ഡേവിഡ് നന്ദി പ്രകാശിപ്പിച്ചു.

എംപാഷ ഗ്ലോബലിന്റെ വെബ്‌സൈറ്റ്:
empatiaglobal.com
empatiaglobal.org

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബെന്നി വാച്ചാച്ചിറ (ചിക്കാഗോ): 847 322 1973
വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com