വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പോര് മുറുകുന്ന അമേരിക്കയില്‍ തരംഗമായി മൈ നെയിം ഈസ്, ഐ സ്റ്റാന്‍ഡ് വിത്ത് കമല ഹാഷ്ടാഗുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ അവരുടെ പേരിന്റെ പേരില്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

ശനിയാഴ്ച ജോര്‍ജിയയിലെ മാകോണ്‍ സിറ്റിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയില്‍ വെച്ച് ജോര്‍ജിയയില്‍ നിന്നുളള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ആയ ഡേവിഡ് പെഡ്രു ആണ് കമല ഹാരിസിനെ അപമാനിച്ചത്. കമല ഹാരിസിന്റെ പേര് ഡേവിഡ് തെറ്റായി ഉച്ചരിച്ച് പരിഹസിക്കുകയായിരുന്നു.

കഹ്മാഹ്‌ലാ എന്നും കമലമലമല എന്താണ് അവരുടെ പേര്, തനിക്ക് അറിയില്ല, എന്തെങ്കിലുമാകട്ടെ എന്നാണ് ഡേവിഡ് പെഡ്രു ആയിരക്കണക്കിന് വരുന്ന റിപ്പബ്ലിക്കന്‍ അനുയായികളുടെ മുന്നില്‍ വെച്ച് പറഞ്ഞത്. ഇതോടെ കമല ഹാരിസിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. കമല ഹാരിസിന്റെ മാധ്യമ വക്താവ് സബ്രീന സിംഗ് തന്നെ ഡേവിഡ് പെഡ്രുവിന് ചുട്ട മറുപടിയുമായി എത്തി.
സബ്രീനയുടെ മറുപടി ഇങ്ങനെ താനത് വളരെ ലളിതമായി പറഞ്ഞ് തരാം. നിങ്ങള്‍ക്ക് മുന്‍ സെനറ്റര്‍ ഡേവിഡ് പെഡ്രു എന്ന് ഉച്ചരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഭാവി വൈസ് പ്രസിഡണ്ട് കമല ഹാരിസ് എന്നും ഉച്ചരിക്കാനാവും എന്നാണ് സബ്രീന പരിഹസിച്ചത്. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കമല ഹാരിസ് അണികള്‍ മൈ നെയിം ഈസ് എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ക്ക് നേരെ വലിയ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.