ചെന്നൈ: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ വേരുകള്‍ ഇന്ത്യയിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിഞ്ഞ കാര്യമാണല്ലോ. എന്നാല്‍ ഇപ്പോള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

തന്റെ പൂര്‍വികരുടെ ഇന്ത്യാ ബന്ധം ജോ ബൈഡന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2013 ല്‍ തന്റെ ആദ്യ മുംബൈ സന്ദര്‍ശനത്തിനിടെയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അഞ്ചാം തലമുറ മുത്തച്ഛന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിയിലെ ക്യാപ്റ്റനാണെന്നായിരുന്നു ബൈഡന്റെ വാക്കുകള്‍.

ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡന്‍ ആണ് ആ മുത്തച്ഛന്‍. ബൈഡന്‍ കുടുംബത്തിന്റെ വേരുകള്‍ തേടിയ ലണ്ടന്‍ കിങ്‌സ് കോളജിലെ വിസിറ്റിങ് പ്രൊഫസര്‍ ടിം വില്ലസിയും ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡനിലെത്തുന്നു. ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡനും നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ബന്ധമുണ്ടെന്നു ചരിത്രകാരന്മാരും പറയുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പല്‍ ജീവനക്കാരായാണു ബൈഡന്‍ സഹോദരന്മാരായ വില്യം ഹെന്റിയും ക്രിസ്റ്റഫറും 1800കളുടെ തുടക്കത്തില്‍ ചെന്നൈയിലെത്തുന്നത്. ക്യാപ്റ്റനായ ക്രിസ്റ്റഫര്‍ 1858 ഫെബ്രുവരി 25ന്, 68-ാം വയസ്സില്‍ ചെന്നൈയിലാണു മരിച്ചത്. സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടത്തിയത്.
ഇതിന്റെ ഓര്‍മയ്ക്കായി ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ ചുമരില്‍ ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ’19 വര്‍ഷം മദ്രാസിന്റെ മാസ്റ്റര്‍ അറ്റന്‍ഡന്റായിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡന്റെ ഓര്‍മയ്ക്ക്’ എന്ന് എഴുതിയിട്ടുണ്ട്.
ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേല്‍നോട്ട ചുമതലയുള്ള മാസ്റ്റര്‍ അറ്റന്‍ഡന്റായിരുന്നു ക്രിസ്റ്റഫര്‍ ബൈഡന്‍. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്ന ബൈഡന്റെ പേരില്‍, റോയപുരത്തു പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി അതിഥി മന്ദിരവുമുണ്ടായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നതും ഇന്ത്യക്കാരിയെയാണ്.