ന്യൂഡല്‍ഹി: പോപ്പ് താരം റിഹാനയ്ക്കും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂന്‍ബര്‍ഗിനും പിന്നാലെ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസും രംഗത്ത്. ട്വിറ്ററിലൂടെയാണ് മീന കര്‍ഷകസമരത്തെ പിന്തുണച്ചത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സഹോദരി മായ ഹാരിസിന്റെ മകളാണു മീന. കമലയുടെ പ്രചാരണങ്ങളിലും തീരുമാനങ്ങളിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നയാളാണ് മീന.

ജനുവരി ആദ്യം യുഎസ് ക്യാപ്പിറ്റലില്‍ നടന്ന കലാപത്തെയും ഇന്ത്യയില്‍ കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനെയും മീന താരതമ്യപ്പെടുത്തി. ‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം ആക്രമിക്കപ്പെട്ടത് ഒരു മാസം മുന്‍പല്ല. ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യവും ആക്രമിക്കപ്പെടുകയാണ്. ഇതു രണ്ടും ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷക സമരത്തിനെതിരെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിരോധനവും അര്‍ധസൈനികരുടെ അക്രമങ്ങളും പ്രതിഷേധാര്‍ഹമാണ്’ മീന ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഉള്ളതുപോലെ യുഎസ് രാഷ്ട്രീയത്തിലും ആക്രമണോത്സുക ദേശീയതയ്ക്കു ശക്തിയുണ്ട്. ഫാഷിസ്റ്റ് ഏകാധിപതികള്‍ എവിടെയും പോകുന്നില്ല എന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് ആളുകള്‍ ഉണര്‍ന്നാലേ ഇതു നിര്‍ത്താനാകൂയെന്നും മീന വ്യക്തമാക്കി. അതിനിടെ ഇന്ത്യന്‍ സര്‍കാരിനെതിരായ ആഗോള സെലിബ്രിറ്റികളുടെ പിന്തുണ, ആരാണു സമരത്തിന്റെ ദീപശിഖ പിടിക്കുന്നത് എന്ന സംശയമുണ്ടാക്കുന്നുവെന്നു ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.