ഒട്ടാവ: ഫെഡറല്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഈ ആഴ്ച്ച അവസാനം അഡ്വാന്‍സ് വോട്ടിങ് ആരംഭിക്കും. വെള്ളിയാഴ്ച മുതല്‍ തിങ്കള്‍ വരെ വോട്ടര്‍മാര്‍ക്ക് അവരുടെ പോളിങ് സ്റ്റേഷനുകളില്‍ മുന്‍കൂര്‍ വോട്ട് ചെയ്യാന്‍ സാധിക്കും. വോട്ടര്‍മാര്‍ക്ക് ഇ-മെയില്‍ വഴിയും വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷന്‍സ് കാനഡ അറിയിച്ചു. എന്നാല്‍ ഏപ്രില്‍ 22-ന് വൈകിട്ട് ആറു മണിക്ക് മുമ്പ് അതിന് അപേക്ഷിക്കണം. ഇങ്ങനെ അപേക്ഷിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു പ്രത്യേക പാക്കേജ് അവരുടെ വിലാസത്തിലേക്ക് അയയ്ക്കും. പാക്കേജിനുള്ളിലെ ഫോമുകള്‍ പൂരിപ്പിച്ച് വോട്ടര്‍മാര്‍ക്ക് മെയില്‍ വഴി തിരികെ നല്‍കാം. എന്നാല്‍, ഏപ്രില്‍ 28-ന് വൈകിട്ട് ആറു മണിക്കുള്ളില്‍ ഫോമുകള്‍ ഇലക്ഷന്‍സ് കാനഡയ്ക്ക് ലഭിക്കണം.
രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് രാജ്യത്തുടനീളമുള്ള 500 ഇലക്ഷന്‍സ് കാനഡ ഓഫീസുകളില്‍ ഏതിലെങ്കിലും ഒന്നില്‍ പോയി ഏപ്രില്‍ 22-ന് വൈകിട്ട് ആറു മണിക്ക് മുമ്പ് എപ്പോള്‍ വേണമെങ്കിലും പ്രത്യേക ബാലറ്റ് രേഖപ്പെടുത്താം. വോട്ടുചെയ്യാന്‍ പ്രത്യേക സഹായം ആവശ്യമുള്ള ആര്‍ക്കും അവരുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസില്‍ നിന്ന് സഹായം ലഭിക്കും. ലോങ് ടേം കെയര്‍ ഹോമുകളിലെ താമസക്കാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ഏപ്രില്‍ 16 വരെ രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും 109 ‘വോട്ട് ഓണ്‍ കാമ്പസ്’ ഓഫീസുകള്‍ തുറന്നിട്ടുണ്ടെന്ന് ഇലക്ഷന്‍സ് കാനഡ മീഡിയ റിലേഷന്‍സ് നതാലി ഡി മോണ്ടിഗ്‌നി അറിയിച്ചു. വിദേശത്ത് താമസിക്കുന്ന കനേഡിയന്‍ പൗരന്മാര്‍, അവര്‍ കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവരും മുമ്പ് രാജ്യത്ത് താമസിച്ചവരുമാണെങ്കില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്.