ജോസഫ് ഇടിക്കുള
(ഫോമാ ന്യൂസ് ടീം)

ന്യൂയോര്‍ക്ക്: കേരളത്തിലെ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും കോര്‍പറേഷനുകളിലേക്കും ജനപ്രതിനിധികളെ കണ്ടെത്തുന്നതിനായി 2020 ഡിസംബര്‍ 8,10,14 തീയതികളില്‍ നടത്തപ്പെടുന്ന പൊതുതിരഞ്ഞെടുപ്പില്‍ എട്ടാം തീയതി കായകുളം നഗരസഭയിലെ മുപ്പതാം വാര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കന്‍ മലയാളികളുടെ ഇടയിലും സംസാരവിഷയമാകുന്നത്. എംഎസ് എം സ്‌കൂളിലെയും, എസ് എന്‍ സെന്‍ട്രല്‍ സ്‌കൂളിലെയും മുന്‍ അധ്യാപികയും, എംഎസ് എം കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പരേതനായ കെ ജി തങ്കപ്പന്റെ ഭാര്യയുമായ സുഷമ ടീച്ചറാണ് കായംകുളം നഗരസഭ മുപ്പതാം വാര്‍ഡിലെ യുഡിഎഫിന്റെസാരഥി.

നോര്‍ത്ത് അമേരിക്കയിലെ 76- ലധികം വരുന്ന മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്റെ അമ്മയാണ് സുഷമ ടീച്ചര്‍ എന്നതാണ് അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധയിലേക്ക് തെരഞ്ഞെടുപ്പ് വരാന്‍ കാരണം.
അമേരിക്കന്‍ സംഘടനകളില്‍ നിന്നും, മലയാളികളില്‍ നിന്നും ധനസമാഹരണം നടത്തി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു കൊടുക്കുവാനും കൂടാതെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് മറ്റുസഹായങ്ങളെത്തിക്കുവാനും മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ച ഉണ്ണികൃഷ്ണന് പ്രചോദനമേകിയതു കുടുംബപരമായി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ എന്നും മുന്‍പിലുണ്ടായിരുന്നത് മാതാപിതാക്കളായിരുന്നു.
പ്രഫസര്‍ തങ്കപ്പന്‍ സാറിന്റെയും തന്റെയും ബൃഹത്തായ വിദ്യാര്‍ഥിവലയമാണ് ഈ തിരഞ്ഞെടുപ്പില്‍ തന്റെ ശക്തിയെന്നും, തങ്ങള്‍ പഠിപ്പിച്ച വിദ്യാര്‍ഥികളും അവരുടെ കുട്ടികളും മാതാപിതാക്കളുമൊക്കെയടങ്ങുന്ന ഒരു വലിയ സമൂഹം തന്നെയാണ് തന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെന്നും മുപ്പതു വര്‍ഷത്തെ അധ്യാപന പാരമ്പര്യമുള്ള സുഷമ ടീച്ചര്‍ പറയുന്നു.
സമഗ്രവികസനം ആവശ്യമുള്ള കായംകുളം നഗരസഭയെയും മുപ്പതാം വാര്‍ഡിനെയും കൂടാതെ അവിടുത്തെ നിവാസികള്‍ക്കും കൂടുതല്‍ സൗകര്യങ്ങളും,വികസനവുമെത്തിക്കുവാന്‍ നിങ്ങളെല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്ന് സുഷമ ടീച്ചര്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ (യൂഡിഎഫ്) മുന്നണിപ്പോരാളി നിങ്ങളുടെ സമ്മദിദാനാവകാശം സുഷമ ടീച്ചറിന് മണ്‍വെട്ടി (മണ്‍കോരി) അടയാളത്തില്‍ രേഖപ്പെടുത്തി വന്‍ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ഫോമയുടെ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് കായംകുളത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു,
വരുന്ന തിരഞ്ഞെടുപ്പില്‍ സുഷമ ടീച്ചറിനെ നിങ്ങളുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ അമേരിക്കയിലെ മലയാളികള്‍ക്ക് സുഷമ ടീച്ചര്‍ വഴി വാര്‍ഡിലെ ജനങ്ങള്‍ക്ക് നേരിട്ട് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുവാനുള്ള സാദ്ധ്യതകള്‍ കൂടുതലാണെന്നു ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍ പറഞ്ഞു,
ഫോമയുടെ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്റെ അമ്മയും കായകുളം നഗരസഭയിലെ മുപ്പതാം വാര്‍ഡ് സ്ഥാനാര്‍ഥിയുമായ സുഷമ ടീച്ചറിന് എല്ലാ പ്രവാസി മലയാളി സമൂഹത്തിന്റെയും കുടുംബങ്ങളുടേയും സമ്പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും എല്ലാവിധ വിജയാശംസകളും ടീച്ചറിന് നേരുന്നുവെന്നും ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്,ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ അറിയിച്ചു.