THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം

കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം

ന്യൂ യോർക്ക് :കോവിഡ് കാലത്ത് ജനം വീട്ടിലിരുന്ന് ടിവിയുടേയും കംപ്യൂട്ടറിന്റേയും മുന്നില്‍ ചടഞ്ഞിരുന്ന് പ്രോഗ്രാമുകൾ കാണുന്നത് ഹരമാക്കിയെങ്കിലും മാധ്യമങ്ങളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും വിഷമതകള്‍ അവര്‍ അറിഞ്ഞില്ല. പരസ്യം കിട്ടാതെ ചാനലുകളും മാധ്യമങ്ങളും ദാരിദ്ര്യത്തിലായി. രോഗത്തെ പേടിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ തേടിയിറങ്ങി. പലരും രോഗബാധിതരായി. ചാനലുകള്‍ പലതും ചുരുങ്ങിയ സ്റ്റാഫിനെക്കൊണ്ട് പ്രവര്‍ത്തിക്കേണ്ട സ്ഥിതി വന്നു. അതെ സമയം ജനജീവിതത്തിൽ മാറ്റമുണ്ടായി. കാഴ്ചപ്പാടുകൾ മാറി.

adpost

ഈ സ്ഥിതിവിശേഷം ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ സംഗമത്തില്‍ ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ ഇൻ ചീഫ് എം.ജി രാധാകൃഷ്ണന്‍, കൈരളി ടിവി എഡിറ്റര്‍ ഡോ. ചന്ദ്രശേഖരന്‍ എന്നിവര്‍ അമേരിക്കയിലെ പത്രപ്രവര്‍ത്തകരുമായി പങ്കുവെച്ചത് വ്യത്യസ്തമായ അനുഭവമായി.

adpost

കോവിഡ് കാലത്താണ് 24 ന്യൂസ് ശ്രദ്ധനേടിയതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പദങ്ങള്‍ കോവിഡ്, കൊറോണ എന്നിവയായിരുന്നു. ഇവയെപ്പറ്റി 400 മണിക്കൂറെങ്കിലും സംസാരിച്ചു കാണും. ഇപ്പോള്‍ 24 മണിക്കൂറും ക്വാറന്റൈനിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയതാണ്. പതിനൊന്നു മാസമായി. ചാനലില്‍ മിക്കവാറും സമയവും ചെലവിടുന്നു.

വിനോദ ചാനലില്‍ ആയിരിക്കുമ്പോഴും വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതു നടപ്പിലായത് 24 ന്യൂസ് സ്ഥാപിതമായപ്പോഴാണ്. ഇരിക്കുന്നതിനു പകരം നിന്നുകൊണ്ട് വാര്‍ത്ത വായിക്കുക, ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുക എന്നതൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

ദൂരദര്‍ശനില്‍ “ജസ്റ്റ് എ മിനിറ്റ്’ എന്ന തന്റെ ഷോ കണ്ടാണ് ഏഷ്യാനെറ്റ് “നമ്മള്‍ തമ്മില്‍’ എന്ന ടോക് ഷോ ചെയ്യാന്‍ ക്ഷണിച്ചത്. മലയാളത്തിലെ ആദ്യ ടോക് ഷോ ആയ അത് വിജയമായി. അതു കണ്ടിരുന്നവര്‍ക്കിപ്പോള്‍ പ്രായമായി. അതിനാല്‍ ചെറുപ്പക്കാരേയും കുട്ടികളേയും കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ വാര്‍ത്തകൾ ഓര്‍മ്മയില്‍ നിന്നു അവതരിപ്പിക്കുന്ന രീതി കൊണ്ടുവന്നു. ഈ കോവിഡ് കാലത്താണ് ഏറ്റവും അധികം പേർ ന്യുസ് ടിവി കണ്ടത്. സ്ത്രീകളും കുട്ടികളും കൂടി ന്യുസ് ടിവി കാണാന്‍ തുടങ്ങി എന്നതാണ് പ്രധാനം.

ചാനലില്‍ എല്ലാവരും അടുത്തിടപഴകിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എല്ലാവരും ക്വാറന്റൈനില്‍ പോകണം. എന്റെ വീട്ടില്‍ രണ്ടു പേര്‍ക്ക് കോവിഡ് വന്നപ്പോള്‍ വീട്ടിലിരുന്ന് പ്രോഗ്രാം ചെയ്തു. റിപ്പോര്‍ട്ടര്‍മാര്‍ പലര്‍ക്കും രോഗം വന്നു.

സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി. പരസ്യം ഇല്ല. അതേസമയം മൂന്നു മിനിറ്റ് വൈകുന്നതുപോലും സഹിക്കാത്ത പ്രേക്ഷകരുണ്ട്.

വിവാദങ്ങളുടെ പിന്നാലെ പോയപ്പോള്‍ കോവിഡ് റിപ്പോര്‍ട്ടിംഗ് കുറഞ്ഞു. മരണം കുറവാണെങ്കിലും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് കൂടുന്നത്. പക്ഷെ മികച്ച ആരോഗ്യരംഗമാണ് നമുക്ക്. ഒരു സുഹൃത്തിനുവേണ്ടി വെന്റിലേറ്ററുള്ള ആശുപത്രി അന്വേഷിച്ചപ്പോള്‍ ഒരിടത്തും ഒഴിവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

കോവിഡുണ്ടെന്നു സംശയിക്കുന്ന നഴ്‌സിനെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാന്‍ പ്രതിഷേധ ജാഥ നടത്തിയവരുണ്ട്. തനിക്കും വീട്ടുകാർക്കും കോവിഡ് വരരുത് എന്നതായി ചിന്ത.

കോവിഡ് കാലത്ത് നല്ല വ് കാര്യങ്ങളുമുണ്ടായി. കൃഷിയോട് ബഹുമാനം കൂടി. പുതു തലമുറ പോലും ഏതു തൊഴിലിനും മാന്യതയുണ്ടെന്നു കണ്ടു. തന്നെ സംബന്ധിച്ചിടത്തോളം ഓഗമെന്റല്‍ റിയാലിറ്റിയും ഗ്രാഫിക്‌സും മറ്റും അവതരിപ്പിക്കാന്‍ കഴിഞ്ഞു.

മലയാളിയുടെ താന്‍പോരിമ കൊറോണ ഇല്ലാതാക്കി. അയല്‍ക്കാരെപ്പറ്റി കരുതലും സ്‌നേഹവും വന്നു. ഏറ്റവും വലിയ സോഷ്യലിസ്റ്റായി കോവിഡ്. എത്ര പണം ഉണ്ടെങ്കിലും നിങ്ങള്‍ സുരക്ഷിതരല്ല എന്നു കൊറോണ പഠിപ്പിച്ചു.

അമേരിക്കയിൽ വച്ച് ഇന്‍വെസ്റ്റ്‌മെന്റ് ചോദിച്ചുചെന്ന ഒരാളെ ഇന്നു കണ്ടു. അന്ന് അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവിശ്വസനീയതയോടെയാണ് അദ്ദേഹം അതു കേട്ടിരുന്നത്. ഇന്‍വെസ്റ്റ് ചെയ്തുമില്ല. ഇന്നിപ്പോൾ അദ്ദേഹത്തിന് ഖേദമുണ്ടോ എന്തോ? ആരെയും ചെറുതായി കാണരുതെന്നാണ് താന്‍ പഠിച്ച പാഠം. തന്റെ അടുത്ത് ചാന്‍സ് തേടി വന്നവരെ ഒരിക്കലും നിസാരമായി കണ്ടിട്ടില്ല. നാളെ അവർ ആരാകുമെന്ന് ആരറിഞ്ഞു.

മീഡിയ കണ്ണും കാതും തുറന്നുവച്ചതുകൊണ്ടാണ് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത്.

പുതിയൊരു പദ്ധതിക്ക് ഇറങ്ങുമ്പോള്‍ അതു വിജയിക്കുമെന്ന് നമ്മള്‍ തന്നെ വിശ്വസിക്കണം. ഇല്ലെങ്കില്‍ പിന്നെ അതിനു ഇറങ്ങിയിട്ട് കാര്യമില്ല. ജീവിതം തന്നെ റിസ്കാണ്. ഒരിക്കൽ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ നല്ലൊരു പരിപാടി ചെയ്തത് മാനേജ്‌മെന്റിന് ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ തോന്നി സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയാലോ എന്ന്. അങ്ങനെയാണ് ഏതാനും പേരെ സംഘടിപ്പിച്ച് ചാനല്‍ രംഗത്തു വന്നത്-ശ്രീകണ്ഠൻ നായർ പറഞ്ഞു.

കോവിഡ് വലിയ വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാക്കിയപ്പോള്‍ തന്നെ പുതിയ പരീക്ഷണങ്ങള്‍ക്കും വഴിതെളിച്ചുവെന്ന് എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. വിപണി വളരുകയും സാമ്പത്തിക രംഗം തകരുകയും ചെയ്യുന്ന അപൂർവ പ്രതിഭാസമാണ് കണ്ടത്.

മാധ്യമങ്ങളും കോവിഡിനെതിരെ മുന്നണി പോരാളികളായിരുന്നു. ഒരുപാട് ജോലിക്കാർക്ക് കോവിഡ് ബാധിച്ചു.

എല്ലാ വിഭാഗത്തെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കായി. ജിഹാദും മറ്റും പറഞ്ഞ് ചിലരെ മറ്റിടങ്ങളില്‍ മാറ്റിനിര്‍ത്തിയെങ്കിലും കേരളത്തില്‍ അതുണ്ടാകുന്നില്ല.

വാര്‍ത്തകള്‍ സംബന്ധിച്ച അത്യാവശ്യ വിവരങ്ങള്‍ (ഇമ്മീഡിയസി) മാത്രം ജനത്തിനു മതി എന്ന സ്ഥിതി വന്നു. അവര്‍ക്ക് വിശദമായ വിവരമോ അതിന്റെ മുന്‍കാല ചരിത്രമോ അറിയേണ്ട എന്നതായി സ്ഥിതി.

തുടര്‍ ഭരണം കേരളത്തില്‍ 1977-ല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അടിയന്തരാവസ്ഥയ്ക്കുശേഷം. ജനങ്ങളെ വൈകാരികമായി ഇളക്കിവിട്ടോ, നുണ പറഞ്ഞോ ഒന്നും ആര്‍ക്കും വിജയിക്കാന്‍ കഴിയില്ല. ഓരോ അഞ്ചു വര്‍ഷവും ഭരണം മാറുന്നതില്‍ ഗുണവും ദോഷവുമുണ്ട്.

ഇതിനകം മൂന്ന് അഭിപ്രായ വോട്ടുകള്‍ തുടര്‍ഭരണം പ്രവചിക്കുന്നു. ഏഷ്യാനെറ്റിന്റേതായിരുന്നു ആദ്യത്തേത്. പക്ഷെ പോളുകള്‍ അവസാന വാക്കല്ല. പലപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. ഇനി ഒരു മാസം ദീര്‍ഘമായ കാലയളവാണ്. എന്തു മാറ്റവും വരാം.

കുറ്റിച്ചൂലിനെ നിര്‍ത്തി ജയിപ്പിക്കുന്ന കാലം കഴിഞ്ഞു. ടി-20 ഒരു അദ്ഭുത പ്രതിഭാസമാണ്. അവര്‍ നിയമസഭയില്‍ ഒരു സീറ്റ് നേടിയാല്‍ അതിശയിക്കേണ്ട.

പോളുകള്‍ക്ക് മനസിലാകാത്ത കാര്യമാണ് അടിയൊഴുക്കുകള്‍. പാലാ ഉപതെരഞ്ഞെടുപ്പാണ് തെറ്റിപ്പോയ ഒരു സര്‍വ്വെ. പക്ഷെ പോളുകള്‍ ഒന്നും ദുരുദ്ദേശത്തോടെയുള്ളതല്ല. അതില്‍ പക്ഷപാതിത്വമില്ല. കാരണം മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല.

വിശ്വാസ്യത കൊണ്ടു മാത്രമാണ് ഏഷ്യാനെറ്റ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നിഷ്പക്ഷതയാണ് ചാനലിന്റെ ആധാരശില. തങ്ങളുടെ പ്രക്ഷേപണം വിലക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിനായി. അതുപോലെ സി.പി.എം രണ്ടര മാസം ചാനൽ ബഹിഷ്കരിച്ചു. മാനേജ്‌മെന്റ് ഒരിക്കല്‍ പോലും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല. എഡിറ്റോറിയല്‍ ടീമിന് പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ട്.

സെക്കുലറിസം, സ്ത്രീ പുരുഷ സമത്വം എന്നിവയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദുര്‍ബല വിഭാങ്ങളോടുള്ള ആഭിമുഖ്യം, പരിസ്ഥിതിയോടുള്ള താത്പര്യം എന്നിവയും അതുപോലെ തന്നെ. ഞങ്ങള്‍ക്കും തെറ്റുപറ്റും. പക്ഷെ അതു തിരുതുവാൻ ഒരു മടിയും കാട്ടാറില്ല..

ഇന്ത്യയിൽ അനൗദ്യോഗിക അടിയന്തരാവസ്ഥയുണ്ടെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയോ സെന്‍സര്‍ഷിപ്പോ ഒന്നുമില്ല. എന്നാല്‍ പരോക്ഷമായ പല വെല്ലുവിളികളും ഉണ്ട്- രാധാകൃഷ്ണന്‍ പറഞ്ഞു.

കോവിഡ് കാലത്ത് സുരക്ഷിതത്വമൊന്നും നോക്കാതെയാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഇളം പ്രായത്തിലുള്ളവര്‍ രംഗത്തിറങ്ങിയതെന്നു കൈരളി ടിവി എഡിറ്റര്‍ ഡോ. ചന്ദ്രശേഖരന്‍ പറഞ്ഞു. പലരും നിരന്തരം ക്വാറന്റൈനിലായി. മാധ്യമ പ്രവര്‍ത്തനം അതിസാഹസികമായി. അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞുള്ളവര്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാലഘട്ടത്തിലെ വസ്തുതകള്‍ അറിഞ്ഞ് അത്ഭുതം കൂറും.

കോവിഡ് നമ്മുടെ ഒരുപാട് ബോധ്യങ്ങളെ മാറ്റിമറിച്ചു. ജീവിതക്രമത്തെ മാറ്റി. ജനം മാധ്യമങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. മാധ്യമങ്ങളിലൂടെയാണ് ലോകത്തെ അറിയുന്നതെന്ന സ്ഥിതി വന്നു.

അതേസമയം പരസ്യമില്ലാതെ മാധ്യമങ്ങള്‍ ദരിദ്രരായി. കോവിഡ് പ്രമാണിച്ചുള്ള ഒരു ഇളവും മാധ്യമങ്ങള്‍ക്ക് കിട്ടിയില്ല. മാധ്യമങ്ങള്‍ സ്വന്തം നിലയ്ക്ക് പ്രതിസന്ധിയേയും ദാരിദ്ര്യത്തേയും നേരിടേണ്ട അവസ്ഥയായി. ഈ ദാരിദ്ര്യം ചില തത്പരകക്ഷികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നു. മുമ്പ് പെയിഡ് വാര്‍ത്ത ആയിരുന്നെങ്കില്‍ ഇലക്ഷന്‍ കാലത്ത് മാധ്യമങ്ങളെ മൊത്തം വിലയ്‌ക്കെടുക്കാനുള്ള താത്പര്യം ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്നു.

തീവ്ര ദേശീയത, മതവിശ്വാസം, ദുരാചര ഭ്രാന്ത് എന്നിവയൊക്കെ മാധ്യമങ്ങളുടെ നേരേ തിരിയുന്നു. അതിനെയൊക്കെ പൊരുതി വേണം മാധ്യമ പ്രവര്‍ത്തനം നടത്താന്‍.

മാധ്യമങ്ങള്‍ ദരിദ്രമായാല്‍ അവയുടെ കരുത്ത് ശോഷിക്കും. എങ്കിലും യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനത്തിനുള്ള ദാഹം നിലനില്‍ക്കുന്നു. മാധ്യമമുള്ള നരകം മതി. മാധ്യമമില്ലാത്ത സ്വര്‍ഗം വേണ്ട എന്ന പക്ഷക്കാരനാണ് ഞാന്‍. മാധ്യമമുണ്ടെങ്കില്‍ ആ നരകം ക്രമേണ സ്വര്‍ഗമാകും. മാധ്യമമില്ലാത്ത സ്വര്‍ഗം നരകവും.

പരസ്യം മാത്രം ആശ്രയിക്കുന്ന മോഡല്‍ മാധ്യമങ്ങള്‍ ഉപേക്ഷിക്കാന്‍ സമയമായി. കൈരളി വ്യത്യസ്ത മാധ്യമമാണ്. ഉടമയായി ഒരാളില്ല. എന്നാല്‍ രണ്ടര ലക്ഷം നിക്ഷേപകര്‍.

കാണുന്നവരുടെ എണ്ണം വച്ചല്ല മാധ്യമങ്ങളെ അളക്കേണ്ടത്. സ്വദേശാഭിമാനിയും, കേസരിയും കുറച്ചു കോപ്പികള്‍ മാത്രമേ അടിച്ചിട്ടുള്ളൂ. എങ്കിലും അവയാണ് മാധ്യമ രംഗത്തെ വഴിവിളക്കായി കണക്കാക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യം അതില്‍ എത്രപേര്‍ പങ്കെടുത്തു എന്നതല്ല. വിജയിക്കുകയല്ല മറിച്ച് മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നതാണ് പ്രധാനം. എങ്ങനെ പറഞ്ഞു എന്നതല്ല. എന്തുപറഞ്ഞു എന്നതാണ് കാര്യം.

നിഷ്പക്ഷം എന്നു പറയുന്നതുതന്നെ പക്ഷം പിടിക്കലാണ്. നിഷ്പക്ഷത ഒരു പക്ഷം തന്നെയാണ്. ബ്രേക്കിംഗ് ന്യൂസ് ഇന്നിപ്പോള്‍ ആദ്യം വരുന്നത് സോഷ്യല്‍മീഡിയയില്‍ ആകാം. വാട്ടര്‍ഗേറ്റ് ന്യൂസിനു ഒരു ഉറവിടം ഉണ്ടായിരുന്നു. എന്നാല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുംവരെ കൂടെ ഒരു മീഡിയ ഇല്ലായിരുന്നു. ഇന്നത് മാറി- അദ്ദേഹം പറഞ്ഞു.

പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം, അഡൈ്വസറി ബോര്‍ഡ് ചെയര്‍ മധു കൊട്ടാരക്കര, ചാപ്റ്റര്‍ പ്രസിഡന്റുമാരായ ശങ്കരന്‍കുട്ടി, സണ്ണി മാളിയേക്കല്‍, ജോര്‍ജ് ഓലിക്കല്‍, ബിജു സഖറിയ, അലന്‍ ചെന്നിത്തല, ജോര്‍ജ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. കൃഷ്ണകിഷോര്‍, ടാജ് മാത്യു, ജോര്‍ജ് തെക്കേമല, സജി ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.

ഡോ. സിമി ജെസ്റ്റോ ആയിരുന്നു എം.സി. ബിനു ചിലമ്പത്ത് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com