കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടിടത്ത് തീപിടിച്ചു. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ് കഴിഞ്ഞദിവസം തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ് ഏരിയയിലെ താമസ കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും വീട്ടിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. തീ വ്യാപിക്കുന്നതും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും ഒഴിവാക്കി. അൽ സൂർ, അൽ തഹ് രിർ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീ പിടുത്തത്തിന്റെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്.