ജനാധിപത്യ കേരളം വീറും വാശിയും മുറ്റിയ മറ്റൊരു തിരഞ്ഞെടുപ്പ് ചുടിലമരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് അരങ്ങേറുന്നത്. എല്ലാ സസ്‌പെന്‍സുകളും പൊട്ടിച്ചുകൊണ്ട് 16-ാം തീയതി വോട്ടെണ്ണി ഫലപ്രഖ്യാപനമുണ്ടാവും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ അടിത്തട്ടിലെ നിര്‍ണായക രാഷ്ട്രീയ പോരാട്ടത്തിന് അരങ്ങൊരുങ്ങിയിരിക്കുന്നു. ഭരണ മുന്നണിയായ എല്‍.ഡി.എഫ്, പ്രതിപക്ഷ നിരയായ യു.ഡി.എഫ്, പിന്നെ ബി.ജെ.പി മുന്നണിയായ എന്‍.ഡി.എ എന്നിവരും സ്വതന്ത്രന്‍മാരും അപരന്‍മാരും ഒക്കെ രംഗത്തുണ്ട്.

ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പിന്റെ സ്വഭാവം നിയമസഭ, ലോക്‌സഭ ഇലക്ഷനുകളിലേതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ ഗ്ലാമറിനോ ചുറുചുറുക്കിനോ രാഷ്ട്രീയ ചായ്‌വിനോ ഒന്നും അധികം പ്രസക്തിയില്ല. നമ്മുടെ അയല്‍പക്കക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരിക്കും ഗോദയില്‍ പൊരുതാനുണ്ടാവുക, ഒപ്പം ശത്രുക്കളും. ഇവിടെ വ്യക്തിപരമായ താത്പര്യങ്ങളാണ് പ്രധാനമായും ബാലറ്റ് ബട്ടണില്‍ അമര്‍ത്തപ്പെടുന്നത്. സ്‌നേഹവും കുടിപ്പകയും വാല്‍സല്യവും ബഹുമാനവും ചൂണ്ടുവിരല്‍ത്തുമ്പില്‍ സംഗമിക്കുന്ന തദ്ദേശതിരഞ്ഞടുപ്പ് ലഹരിയിലാണ് നാടും നാട്ടാരും.

കോവിഡ് പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സാമൂഹിക അകലം സുപ്രധാന ഘടകം ആയിരിക്കെ വോട്ടിങ്ങ് സമയം നീണ്ടുപോയേക്കാം. കേരളത്തിലെ 2.71 കോടി വോട്ടര്‍മാര്‍ 34,744 പോളിങ്ങ് സ്റ്റേഷനുകളില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 1199 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഭരണസമിതിയുടെ കാലാവധി തീരുന്ന മുറയ്ക്കായിരിക്കും അവിടുത്തെ തിരഞ്ഞെടുപ്പ്.
കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 സീറ്റുകളാണുള്ളത്. 331 സീറ്റുകളാണ് 14 ജില്ലാ പഞ്ചായത്തുകളിലുള്ളത്. 86 മുനിസിപ്പാലിറ്റികളില്‍ 3078 വാര്‍ഡുകളുണ്ട്. ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളിലും കടുത്ത മത്സരം നടക്കും. ഏതാനും ഇടങ്ങളില്‍ എതിരില്ലാതെ കടന്നുകയറിയവരുമുണ്ട്.
കേരളം ഇതുവരെ കണ്ട തിരഞ്ഞെടുപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ രൂപഭാവങ്ങളിലാണ് ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ ഒരു പ്രത്യേകത എന്തെന്നു വച്ചാല്‍ പോസ്റ്ററുകളിലും ബോര്‍ഡുകളിലും സ്ഥാനാര്‍ഥിയുടെ മുഖം കാണാം. എന്നാല്‍ വീടുകളിലെത്തുന്ന സ്ഥാനാര്‍ഥികളും അവരുടെ സംഘങ്ങളും മാസ്‌ക് അണിഞ്ഞിരിക്കും. ഉമ്മറത്തെത്തി മാസ്‌ക് ഒന്നു ഊരിമാറ്റിയ ശേഷമായിരിക്കും വോട്ട് ചോദിക്കുക. അങ്ങനെ കോവിഡ് പേടിയിലാണ് പ്രചാരണവും വരാന്‍ പോകുന്ന കൊട്ടിക്കലാശവും വോട്ടെടുപ്പും എല്ലാം.
കേരളം കോവിഡ് പ്രതിരോധത്തിലായതിനാല്‍ വാര്‍ഡ് വിഭജനമുണ്ടായില്ല. നിലവിലുള്ള വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഇലക്ഷന്‍. കേരളത്തിലെ ആറ് കോര്‍പറേഷനുകള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ്. ഇതില്‍ കണ്ണൂര്‍ കഴിഞ്ഞ തവണ പുതുതായി രൂപീകരിച്ചതാണ്. കൊട്ടാരക്കര, പന്തളം, ഹരിപ്പാട്, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, കൊണ്ടോട്ടി, ഫറോക്ക്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ എന്നിവയാണ് കഴിഞ്ഞ തിരഞ്ഞടുപ്പിന് മുമ്പ് രൂപീകരിച്ച പുതിയ മുനിസിപ്പാലിറ്റികള്‍. ഇവയും കണ്ണൂര്‍ കോര്‍പറേഷനും രൂപീകരിച്ചതോടെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 987ല്‍ നിന്ന് 941 ആയി കുറഞ്ഞു. ആകെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ നിന്നായി 21,871 ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം. 50 ശതമാനത്തില്‍ കുറയാത്ത സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്.
ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ അനുസരിച്ചാണ് ത്രിതല സമ്പ്രദായം ഇന്ത്യയില്‍ നിലവില്‍ വന്നത്. വികസന പരിപാടികള്‍ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായ ഏജന്‍സികളായി ഉയര്‍ന്നിരിക്കുകയാണ്. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന അനുബന്ധ വകുപ്പുകളാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നത് ഈ വിഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാണ്. വകുപ്പിന് ഒരു ഗവണ്‍മെന്റ് സെക്രട്ടറിയാണ് നേതൃത്വം നല്‍കുന്നത്. മന്ത്രിമാര്‍ ചേര്‍ന്നാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എന്നാല്‍ ഈ മൂന്നു വിഭാഗങ്ങളുടേയും ഏകോപനം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം എടുക്കുന്നത് ഈ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ഒരു സമിതിയാണ്. 1994 ല്‍ കേരളാ പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നു. 1997ല്‍ ഇ.എം.എസ് ഗവണ്‍മെന്റ് ഊര്‍ജ്ജം, ധനകാര്യം, വൈദഗ്ദ്ധ്യം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യാനുള്ള ധീരമായ സംരംഭം ഏറ്റെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശീയ പങ്കാളിത്തവും 1996-2001ലെ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിലൂടെ പ്രോത്സാഹിപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എക്കാലത്തും തികച്ചും പ്രാദേശികമായ സ്വഭാവമാണുള്ളത്. അഖില ലോകപ്രശ്‌നങ്ങളും അഖിലേന്ത്യാ പ്രശ്‌നങ്ങളും ഇവിടെ പ്രസക്തമല്ല. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഒക്കെ വോട്ടായിമാറുന്നത് അവിടങ്ങളിലെ പ്രശ്‌നങ്ങളിലും പരാതികളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈക്കൊള്ളുന്ന ജനപക്ഷനിലപാടുകളുമാണ്.
അതുകൊണ്ട് ഇടതുമുന്നണി നല്ല ആത്മവിശ്വാസത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കൊറോണ വൈറസ് മാരകമാണെങ്കിലും ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം അതൊരു ബോണസാണ്. കേരള സര്‍ക്കാരിന്റെ കൊറോറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകകത്തിന്റെ വരെ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ ട്രംപ് കാര്‍ഡാണ് കോവിഡ് 19. ബി.ജെ.പിക്കാര്‍ക്കും നെഞ്ചു വിരിക്കാനാവും, അവരുമിറക്കുന്നത് കോവിഡ് കാര്‍ഡായിരിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉദാരസമീപനവും റേഷനരി സഹായവും ഒക്കെ അവര്‍ വോട്ടര്‍മാരുടെ മുമ്പില്‍ പൊലിപ്പിക്കും.
യു.ഡി.എഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസിനും തദ്ദേശക്കുളത്തില്‍ ചൂണ്ടയിടാനുള്ള ഇരകള്‍ ഒരുപാട് കിട്ടിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ്, ബിനീഷ് സംഭവം, കിഫ്ബി, ലൈഫ് മിഷന്‍ അങ്ങനെ ആ പട്ടിക നീളുന്നു. ഭരണപക്ഷം വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. കാരണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടനെതന്നെ നിയമസഭാ ഇലക്ഷന്‍ വരും. ഇക്കുറി ഭരണത്തുടര്‍ച്ചയില്‍ക്കവിഞ്ഞൊന്നും ഇടതു മുന്നണി പ്രതീക്ഷിക്കുന്നില്ല. അത് സംഭവിച്ചില്ലെങ്കില്‍ ആ ദുര്യോഗത്തെ ആത്മഹത്യാപരം എന്നേ വിശേഷിപ്പിക്കാനൊക്കൂ. തദ്ദേശ ഇലക്ഷന്‍ എന്ന സെമി ഫൈനല്‍ കടന്നാലേ നിയസഭാ തിരഞ്ഞെടുപ്പ് ഫൈനലില്‍ കപ്പ് ഉയര്‍ത്താനൊക്കൂ…
വാല്‍ക്കഷണം
വാക്‌പോരിനും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മൂര്‍ച്ച കൂടുന്ന വേളയാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണ കാലം. പ്രാദേശിക വിഷയങ്ങളും വ്യക്തി സംബന്ധമായ കാര്യങ്ങളും വരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിര്‍ണായക ആയുധമായി മാറും, തദ്ദേശ തിരഞ്ഞെടുപ്പാകുമ്പോള്‍ പ്രത്യേകിച്ചും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവര്‍, പിന്തുണക്കുന്നവര്‍, മനസ്സുകൊണ്ടെങ്കിലും അതിന്റെ ഭാഗമാകുന്നവര്‍, രണ്ടേമുക്കാല്‍ക്കോടിയിലധികം വരുന്ന വോട്ടര്‍മാര്‍, വോട്ടെടുപ്പ് പ്രക്രിയ വിജയകരമാക്കാന്‍ രാപ്പകല്‍ പ്രയത്‌നിക്കുന്ന ഉദ്യോഗസ്ഥര്‍, സുരക്ഷാ സംവിധാനമൊരുക്കുന്ന പൊലീസ് സേന അങ്ങനെ ഓരോരുത്തരും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നു.നന്മയുടെ രാഷ്ട്രീയം മുറുകെപിടിക്കുന്നവരെയാണ് തിരഞ്ഞെടുക്കേണ്ടത്. നല്ല നാളേക്കു വേണ്ടിയുള്ള ഉറച്ച ചുവടുവെപ്പായി ഈ ജനവിധിക്ക് മാറാന്‍ കഴിയുമെന്ന് ആശിക്കാം.