THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, February 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കൊവിഡ് നിയന്ത്രണം: ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് ഡോ: എസ്.എസ് ലാല്‍

കൊവിഡ് നിയന്ത്രണം: ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് ഡോ: എസ്.എസ് ലാല്‍

അമേരിക്കക്കാരനല്ല, ഞാന്‍ തിരുവനന്തപുരത്തുകാരനാണ്. സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമര്‍ശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയില്‍ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷന്‍ ചാനല്‍ അത് വാര്‍ത്തയാക്കിയിട്ടുമുണ്ട്.

adpost

കേരളത്തില്‍ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഞങ്ങള്‍ സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കുന്നത്. ജനുവരി മുതല്‍ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച ഞങ്ങള്‍ മുഴുവന്‍പേരും ഇപ്പോള്‍ വിമര്‍ശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രിമാര്‍ ശ്രദ്ധിക്കണം.

adpost

അമേരിക്കയില്‍ രണ്ടുലക്ഷം മരണങ്ങള്‍ ഉണ്ടായിട്ടും അവിടെ നിന്ന് വന്ന വിദഗ്ദ്ധന്‍ കേരളത്തെ കുറ്റം പറയുന്നു എന്നാണ് എന്നെപ്പറ്റിയുള്ള ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. കൊവിഡ് നിയന്ത്രണത്തില്‍ കേരളത്തെ അമേരിക്കയോടല്ല താരതമ്യം ചെയ്യേണ്ടത്. ചൈനയോടും തായ്‌വാനോടും വിയറ്റ്‌നാമിനോടും ശ്രീലങ്കയോടും ഒക്കെയാണ് നമ്മള്‍ മത്സരിക്കേണ്ടത്. കേരളത്തിലെ കൊവിഡ് വിഷയത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നവരും നാടിനോട് സ്‌നേഹമുള്ളവരും സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കും. വിമര്‍ശനം പറയുന്ന ആള്‍ ജോലി ചെയ്ത സ്ഥലമല്ല ആരോഗ്യമന്ത്രി അന്വേഷിക്കേണ്ടത്.

മന്ത്രി അമേരിക്കയെന്ന് പറഞ്ഞതുകൊണ്ട് ചിലത് പറയേണ്ടിവരും. ഞാന്‍ തിരുവനന്തപുരത്തുകാരനാണ്. നഗരത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചയാളാണ്. യൂണിവേഴ്‌സിറ്റി കോളേജ്, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, ഇഗ്‌നു സര്‍വകലാശാല, നെതര്‍ലാന്‍ഡ്‌സിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. ആദ്യകാലത്ത് ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിട്ടുണ്ട്. അത് വിടേണ്ടി വന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല. എല്ലാം കൂടി ഒരു ദിവസം വേണ്ട, ഇനിയൊരിക്കല്‍ പറയാം. ഞാന്‍ ജീവിതത്തില്‍ കൈക്കൂലി വാങ്ങിയിട്ടില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് പോലും ജീവിതത്തില്‍ വാങ്ങിയിട്ടില്ല.

അമേരിക്കയില്‍ ഞാന്‍ ജോലി ചെയ്തത് രഹസ്യമായിട്ടല്ല. ലോകത്ത് ആര്‍ക്കും അപേക്ഷിക്കാവുന്ന രീതിയില്‍ പരസ്യം ചെയ്ത ജോലികളായിരുന്നു അവ. ജനീവയില്‍ നിന്ന് രാജിവച്ച് അമേരിക്കയില്‍ പോയത് അന്തര്‍ദേശീയ പ്രസ്ഥാനങ്ങളില്‍ ആഗോള ഡയറക്ടര്‍ ആയിട്ടായിരുന്നു. ഇരുപതാം വയസ്സില്‍ ഏതെങ്കിലും മുതലാളിയുടെ വൈസ് പ്രസിഡന്റ് ആയിട്ടല്ല. നേര്‍വഴിക്ക് ജോലിചെയ്തതിനാല്‍ വൈസ് പ്രസിഡന്റാകാന്‍ ഇനി സമയമാകുന്നതേയുള്ളൂ.

കള്ളക്കടത്തിനോ മയക്കുമരുന്ന് കച്ചവടത്തിനോ അല്ല ഞാന്‍ അമേരിക്കയില്‍ പോയത് എന്ന് എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. മൂന്നുമാസം മുമ്പ് ഞാന്‍ തിരികെ വന്നതും പരസ്യമായിട്ടാണ്. എന്റെ ഇഷ്ടാനുസരണമാണ് തിരികെ വന്നത്. പണാപഹരണക്കേസില്‍ ആരും നാടുകടത്തിയതല്ല. ഇപ്പോഴും ഞാന്‍ ജോലി ചെയ്ത് ജീവിക്കുന്നു. ബാക്കി സമയമാണ് സാമൂഹ്യ പ്രവര്‍ത്തനം. ജീവിക്കാന്‍ പാര്‍ട്ടി ഫണ്ടോ ബക്കറ്റ് പിരിവോ ഇല്ല. ഇപ്പോഴത്തെയും എന്റെ അദ്ധ്വാനത്തിന്റെ പങ്ക് എന്നെപ്പോലെ തൊഴിലാളികളായ സി.പി.എംകാരിലും എത്തുന്നുണ്ട്. എനിക്കതില്‍ സന്തോഷമേയുള്ളൂ.

ഞാന്‍ അമേരിക്കയില്‍ ചെയ്ത ജോലികള്‍ അമേരിക്കന്‍ ജനതയ്ക്ക് വേണ്ടിയായിരുന്നില്ല. ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും ആരോഗ്യ രംഗത്ത് നിരവധി കോടികളുടെ ധനസഹായം എത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആ ധനം നാട്ടിലെ രോഗികള്‍ക്ക് ഉപയോഗപ്പെടുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വലിയ ജോലികള്‍ കിട്ടാനും അത് കാരണമായിട്ടുണ്ട്. അവരൊക്കെ ആ ജോലികളില്‍ തുടരുന്നുണ്ട്. പലരും ഇടതുപക്ഷക്കാരാണ്.

മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും അമേരിക്കയില്‍ വരുന്നത് ഞാന്‍ അവിടെ വച്ച് കണ്ടിട്ടുണ്ട്. ചിലരെ അവിടെ നേരിട്ടും കണ്ടിട്ടുണ്ട്. അവര്‍ മിക്കവരും അവിടെ വന്നത് ചികിത്സയ്‌ക്കോ അമേരിക്കന്‍ മലയാളികളില്‍ നിന്ന് ഫണ്ട് പിരിക്കാനോ അതുമല്ലെങ്കില്‍ ചില തട്ടിക്കൂട്ട് അവാര്‍ഡുകള്‍ വാങ്ങാനോ ആയിരുന്നു.

ആരോഗ്യമന്ത്രി അമേരിക്കയില്‍ ഉണ്ടായ കൊവിഡ് മരണങ്ങളെ കളിയാക്കിയതുപോലെ തോന്നി. ആ മരണങ്ങളില്‍ എനിക്ക് വിഷമമുണ്ട്. കാരണം മരിച്ചവര്‍ എല്ലാവരും മനുഷ്യരാണ്. മലയാളികളും അതില്‍ പെടുന്നുണ്ട്. ആരോഗ്യമന്ത്രിയോട് ഒരു കാര്യം കൂടി പറയാനുണ്ട്. മുഖ്യമന്ത്രിയൊക്കെ ചികിത്സയ്ക്ക് പോയ അമേരിക്കന്‍ ആരോഗ്യസംവിധാനം വളരെ മോശമാണെന്ന ധാരണയുണെങ്കില്‍ അത് മുഖ്യമന്ത്രിയോട് തന്നെ പറയണം. അദ്ദേഹത്തെ ഇനിയും അവിടേയ്ക്ക് ചികിത്സക്കായി വിടരുത്.

ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ പറഞ്ഞതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഞാനത് ആവര്‍ത്തിക്കുന്നു. സര്‍ക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവന്‍ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഓടിനടന്നതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ ഒരുമിച്ചനുഭവിക്കുന്നത്.

ആരോഗ്യ വകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാര്‍ത്ഥമായാണ്. മനുഷ്യരുടെ ദുരിതം കണ്ടിട്ടാണ്. കുട്ടികളുടെ മരണങ്ങളും ഗര്‍ഭിണികളുടെ ദുരിതങ്ങളും കണ്ട വേദനയോടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്താത്തതു കൊണ്ടാണ്. അതിനാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ ഞാന്‍ തയ്യാറാണ്. ഒരു തുറന്ന സംവാദത്തിന് ഞാന്‍ ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com