വാഷിംഗ്ടണ്‍: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തി വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വെച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. വാക്‌സിന്‍ പരീക്ഷണം നടത്തിയ വ്യക്തിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കാനുളള തീരുമാനം. വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണിത്. താല്‍ക്കാലികമായാണ് പരീക്ഷണം നിര്‍ത്തി വെച്ചിരിക്കുന്നത്.

അസുഖവും അപകടങ്ങളും അത്തരത്തിലുളള മറ്റ് തിരിച്ചടികും ഏത് ക്ലിനിക്കല്‍ പരീക്ഷണത്തിലും, പ്രത്യേകിച്ച് വന്‍ പരീക്ഷണങ്ങളില്‍ പ്രതീക്ഷിക്കുന്നതാണ് എന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രസ്തുത വളണ്ടിയറുടെ ആരോഗ്യനില വഷളാകാനുളള കാരണം വിലയിരുത്താന്‍ ഒരു സുരക്ഷാ പരിശോധന സമിതിയെ നിയോഗിക്കുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.

വളണ്ടിയറുടെ സ്വകാര്യത പരിഗണിച്ച് അസുഖ കാരണം അടക്കമുളള വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. എന്‍സെംബിള്‍ എന്ന പേരിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാക്കുന്നത്. അറുപതിനായിരം പേരിലാണ് കമ്പനി കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.
അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി 200 പരീക്ഷണ കേന്ദ്രങ്ങളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കുളളത്. അര്‍ജന്റീന, പെറു, ബ്രസീല്‍, മെക്‌സിക്കോ, കൊളംബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് മറ്റ് പരീക്ഷണ കേന്ദ്രങ്ങള്‍. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നത്. വാക്‌സിന്‍ കുത്തിവെച്ച ഒരാളില്‍ പ്രതികൂല ഫലം കണ്ടെത്തിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി പരീക്ഷണം നിര്‍ത്തുകയാണ് എന്നും പിന്നീട് പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.