വീറും വാശിയും പോരാട്ട വീര്യവും നിറഞ്ഞ നിയമസഭ തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫും സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള എല്‍.ഡി.എഫും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും തമ്മിലുള്ള അതിശക്തമായ ത്രികോണ മത്സരത്തിന് കാഹളം മുഴങ്ങി കഴിഞ്ഞു. ഭരണ തുടര്‍ച്ചയില്‍ കുറഞ്ഞതൊന്നും ഇടതുപക്ഷത്തിന് ചിന്തിക്കാനാവില്ല. എന്നാല്‍ അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള പതിവ് ഭരണ മാറ്റം ഇക്കുറി സംഭവിക്കുമോ എന്ന കാര്യത്തില്‍ യു.ഡി.എഫിന് ആശങ്കയുണ്ട്.

അതുകൊണ്ടാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ തന്നെ നാട്ടിലിറക്കിയിരിക്കുന്നത്. 2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തിയപ്പോള്‍ 20ല്‍ 19 സീറ്റും തൂത്തുവാരാന്‍ യു.ഡി.എഫിനു കഴിഞ്ഞിരുന്നു. വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി വിജയിച്ചതും വലിയ ഭൂരിപക്ഷത്തിനാണ്. ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കേരളത്തില്‍ നിന്നുള്ള എം.പി ആയതിനാല്‍ ഭരണം കിട്ടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിനും അതു വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിച്ചിട്ടും സി.പി.എമ്മിനോ ഇടത് മുന്നണിക്കോ ഒരു കോട്ടവും സംഭവിച്ചിട്ടില്ലന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സാരഥ്യം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നത്. രാഹുല്‍ ഇനി കേരളത്തിലുണ്ടാവും. ബംഗാളും അസമും തല്‍ക്കാലത്തേക്ക് മറ്റ് നേതാക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. രാഹുലിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുഴുവന്‍ കേരളത്തിലാവും. അതുകൊണ്ടാമ് ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ പിന്‍മാറിയത്. മാര്‍ച്ച് ഒന്ന് വരെ തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്ന രാഹുല്‍ തുടര്‍ന്ന് ഒരു മാസം കേരളത്തിലുണ്ടാവും. കോണ്‍ഗ്രസ് ബൃഹത്തായ ഗെയിം പ്ലാന്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. രാഹുല്‍ കോണ്‍ഗ്രസിനെ അടിമുടി മാറ്റുമെന്നാണ് വാര്‍ത്ത.
ഇതിനിടെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തെച്ചൊല്ലിയുള്ള മുറവിളി ശക്തമാവുന്നു. രാഹുലിന്റെ വരവോടെ ഇത് പാരമ്യത്തിലെത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി പകരം കെ സുധാകരനെ കസേരയിലിരുത്തും. സി.പി.എമ്മിനെതിരെ കടുത്ത നിലപാടുമായി വന്നതാണ് സുധാകരനെ രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ പിന്തുണയ്ക്കാന്‍ കാരണം. ഉമ്മന്‍ ചാണ്ടിയും സുധാകരനെ പിന്തുണയ്ക്കുന്നു. അടുത്തിടെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ‘ചെത്തുകാരന്‍’ പരാമര്‍ശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.
അതേസമയം മുല്ലപ്പള്ളിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് നീക്കം. കോഴിക്കോട് നിന്നുള്ള സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. ഇത് മാറ്റത്തിനുള്ള ആദ്യ സൂചനയാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം താമസിയാതെ ഉണ്ടാവും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിനെതിരെ പരസ്യമായ നിലപാട് മുല്ലപ്പള്ളി എടുത്തത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം മുസ്ലീം ലീഗ് രാഹുല്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു. അതേസമയം കൊയിലാണ്ടിയില്‍ ഇല്ലെങ്കില്‍ മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിക്കാനും നീക്കമുണ്ട്.
രാഹുല്‍ കേരളത്തിലെത്തുന്നതിന് പിന്നാലെ എന്‍.സി.പിയെ ഇടതുമുന്നണിയില്‍ നിന്ന് പൂര്‍ണമായി കൊണ്ടുവരാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. മാണി സി കാപ്പനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്‍.ഡി.എഫിലെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ എന്‍.സി.പി പൂര്‍ണമായും യു.ഡി.എഫില്‍ എത്തുമെന്ന് കാപ്പന്‍ പറയുന്നു. പാലാ സീറ്റ് അടക്കം മൂന്ന് സീറ്റില്‍ തന്റെ പാര്‍ട്ടി മത്സരിക്കും. സിറ്റിംഗ് സീറ്റുകള്‍ അടക്കം എന്‍.സി.പിക്ക് നഷ്ടമാകും. അതുകൊണ്ട് ഇവര്‍ മറുകണ്ടം ചാടും. കായംകുളം, വാമനപുരം, എന്നീ സീറ്റുകളാണ് എന്‍.സി.പിക്കായി കോണ്‍ഗ്രസ് നല്‍കുക.
സഖ്യകക്ഷികളെ പരമാവധി നിലയ്ക്ക് നിര്‍ത്തി ഒറ്റയ്ക്ക് കരുത്ത് തെളിയിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലയില്‍ ലീഗിന് പരമാവധി മൂന്ന് സീറ്റാണ് നല്‍കുക. #ുസ്ലീം ലീഗിന് ഇപ്പോള്‍ രണ്ട് സീറ്റാണ് കോണ്‍ഗ്രസ് നല്‍കാമെന്ന് അറിയിച്ചത്. അഞ്ച് കിട്ടില്ലെന്നും അറിയിച്ചു. സി.പി ജോണിന് തിരുവമ്പാടി സീറ്റ് നല്‍കും. കുന്ദമംഗലം സീറ്റ് ലീഗിന് കിട്ടും. ഇവിടെ നജീബ് കാന്തപുരം മത്സരിക്കും. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. തവനൂരും നിലമ്പൂരും കോണ്‍ഗ്രസില്‍ നിന്ന് വേണമെന്ന ആവശ്യം ലീഗിനുണ്ട്.
പക്ഷേ പി.ജെ ജോസഫ് കുടുങ്ങിയ മട്ടാണ്. 12 സീറ്റ് ചോദിച്ച പി.ജെ ജോസഫിന് കൊവിഡ് വന്നതോടെ സീറ്റ് വാങ്ങിച്ചെടുക്കാനാവാത്ത സാഹചര്യമാണ്. പകരക്കാര്‍ വിലപേശല്‍ നടത്തുന്നില്ല. രാഹുലുമായുള്ള ചര്‍ച്ചയ്ക്കും വരാനായില്ല. ജോണി നെല്ലൂരിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് വെച്ച് നീട്ടുന്ന സീറ്റുകള്‍ വാങ്ങേണ്ടി വരും. പരമാവധി ഒമ്പത് സീറ്റ് വരെ കിട്ടിയേക്കും. പഴയ പോലെ ജോസഫിന് സജീവമാകാന്‍ മൂന്നാഴ്ച്ചയെങ്കിലും വേണം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അതിനുള്ളില്‍ പൂര്‍ത്തിയാകും. ഇതോടെ കാര്യങ്ങല്‍ ജോസഫിന്റെ കൈയ്യില്‍ നില്‍ക്കില്ല. ഒമ്പതില്‍ നില്‍ക്കേണ്ടി വരുമെന്നതാണ് സ്ഥിതി.
സുധീരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുന്നതാണ് മറ്റൊരു സംഭവവികാസം. തൃശൂര്‍ ജില്ലയിലെ ചാവക്കാട് ടൗണിലാണ് പ്രകടനം അരങ്ങേറിയത്. മത്സരിക്കാനില്ലെന്ന് സുധീരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മില്‍ വി.എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രവര്‍ത്തകര്‍ തന്നെ മുമ്പ് തെരുവില്‍ ഇറങ്ങിയിരുന്നു. അതുപോലെയുള്ള സംഭവമാണ് ഇത്. സുധീരന്‍ മത്സരിക്കണമെന്ന സമ്മര്‍ദം ഇതോടെ നേതൃത്വം ശക്തമാക്കാനാണ് സാധ്യത.
തന്നെ മത്സരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്ന് നടന്‍ ധര്‍ജന്‍ ബോള്‍ഗാട്ടി വെളിപ്പെടുത്തി. മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ആരുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ മത്സരിക്കാനില്ല. പാര്‍ട്ടിയാണ് താന്‍ മത്സരിക്കുന്നുണ്ടോ എന്ന് തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അറിയപ്പെടണമെന്ന് ഇപ്പോള്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്ന നിലയില്‍ ലോകത്ത് എവിടെ പോയാലും പത്ത് മലയാളികളുണ്ടെങ്കില്‍ തന്നെ തിരിച്ചറിയും. മത്സരിക്കുന്നെങ്കില്‍ എല്ലാവരുടെയും പിന്തുണയോടെ മത്സരിക്കൂ എന്നും ധര്‍മജന്‍ പറഞ്ഞു.
വാല്‍ക്കഷണം
കോണ്‍ഗ്രസ് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞെന്ന് എ.കെ ആന്റണി പറയുന്നു. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോര അവര്‍ക്ക് വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യനായ ആളുകളെ സ്ഥാനാര്‍ത്ഥികളാക്കണം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാവാന്‍ ആരും നില്‍ക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനിച്ചത്. സിറ്റിംഗ് എം.എല്‍.എമാര്‍ ഇല്ലാത്തയിടത്ത് പുതുമുഖങ്ങല്‍ വരും. നാല്‍പ്പതിനും അന്‍പതിനും ഇടയിലുള്ളവര്‍ക്കാണ് മുന്‍ഗണന.