ആശങ്കയുടെ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് 2020 വിടപറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ ആ കാലഘട്ടത്തിലുണ്ടായ വിഷയങ്ങള്‍ കലണ്ടര്‍ കണക്കിലെ കുറ്റമാണെന്നാരോപിച്ചുകൊണ്ട് പതിവു പോലെ 2020നെ മോശമായി ചിത്രീകരിച്ചുകൊണ്ടാണ് ജനപഥം അടുത്ത വര്‍ഷത്തില്‍ കാലൂന്നി നില്‍ക്കുന്നത്. മനുഷ്യന്റെ സഹജമായ സ്വഭാവവിശേഷങ്ങളില്‍ പെട്ടതാണ് കഴിഞ്ഞുപോയ കാര്യങ്ങളെ വിധിയെന്ന് പറഞ്ഞ് സമാധാനിക്കുന്ന മാനസികാവസ്ഥ.

കോവിഡ് എന്ന മഹാവിപത്ത് ലോകത്ത് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വിധി എന്നു പറയുന്നതിനപ്പുറം അത് ദുരന്തമായിക്കണ്ട് പേടിച്ച് അവനവനിലേക്ക് മാറിയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു, ദിനങ്ങള്‍ ഉണ്ടായിരുന്നു, അതായിരുന്നു നമ്മുടെ ജീവിതം. പക്ഷേ, ആ വലിയ പേടിയില്‍ നിന്നും, ഒരു ദുരന്ത സ്വപ്നത്തില്‍ നിന്നും നാം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ശുഭ വാര്‍ത്ത കേട്ടുകൊണ്ടാണ്. വാക്‌സിന്‍ വന്നു… നമ്മില്‍ പലരും അത് എടുത്തുകൊണ്ടിരിക്കുന്നു…

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാന്‍ തിരുമാനിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) പ്രഖ്യാപിച്ചത് ആഹ്ലാദം പകരുന്നു. പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉത്പാദിപ്പിച്ച ‘കൊവിഷീല്‍ഡി’നും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ‘കൊവാക്‌സിനു’മാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിദഗ്ദസമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡി.ജി.സി.ഐയുടെ ഈ സുപ്രധാന പ്രഖ്യാപനം.
ഇനി അല്പം പിന്നോട്ടു പോകാം. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് പോളിയോ എന്ന വാക്‌സിന്‍ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ ക്ഷയം പോലെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ വാക്‌സിനേഷന്‍ എടുത്തുകൊണ്ടാണ് കേരളത്തിലെ എല്ലാ മലയാളികളും, ഇവിടെ നിന്നു വിദേശത്തേക്കു പോയ മലയാളികളും നൂറു ശതമാനം ജീവിക്കുന്നത്. മലമ്പനി, കോളറ, പ്ലേഗ്, വസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങളെ ഈ നാട്ടില്‍ നിന്ന് തൂത്തെറിഞ്ഞ കേരളത്തിന്റെ ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ പൊതുജീവിതത്തിന്റെ അമൃതവാഹിനികളാണ്.
ഏതാണ്ടൊരു വര്‍ഷം മുമ്പ് കൊറോണ വൈറസ് ലോകത്തെ കീഴ്‌പ്പെടുത്തുന്നതിനു മുമ്പ് മലയാളക്കരയെ ഞെട്ടിച്ച വലിയ പകര്‍ച്ചപ്പനികള്‍ ഉണ്ടായിട്ടുണ്ട്. ചിക്കുന്‍ ഗുനിയ, നിപ്പ പോലെയുള്ള വന്‍വ്യാധികളെ മനക്കരുത്തും ശരീരശുദ്ധിയും കൃത്യമായ ആരോഗ്യ സംവിധാനത്തിന്റെ ഇടപെടലും കൊണ്ട് നമുക്ക് അതിനെയെല്ലാം തുടച്ചുമാറ്റാന്‍ കഴിഞ്ഞു. ഒട്ടും വിചാരിക്കാതെയാണ് കോവിഡിന്റെ ആക്രമണം ഉണ്ടായത്. ലോകോത്തരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കേരളം ഈ വൈറസിന്റെ വ്യാപനത്തെ തടഞ്ഞു നിര്‍ത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
തീര്‍ച്ചയായും കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടുകയുണ്ടായി. പ്രവാസി മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാനിക്കത്തക്ക നേട്ടങ്ങളുമായി രോഗനിവാരണ യജ്ഞത്തില്‍ ഉറക്കമൊഴിച്ച് ജീവിക്കുകയാണ് നമ്മുടെ പ്രിയ മന്ത്രി. ആയുസ്സും ആരോഗ്യവും ടീച്ചര്‍ക്ക് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മുന്‍കാലങ്ങളില്‍ നമ്മെ ആക്രമിച്ച രോഗങ്ങള്‍ ഒരുപാടുണ്ട്. ഒരു ഡോസ് ഗുളികയോ ഒരു ഇന്‍ജക്ഷന്‍ കൊണ്ടോ മാറാവുന്ന രോഗങ്ങളായിരുന്നു അതൊക്കെയങ്കില്‍ നിപ്പയ്ക്കു ശേഷമുള്ള കോവിഡ് വ്യാപനം അതൊന്നുമല്ല. തുടക്കത്തില്‍ ഇതെന്തോ ഒരു ചെറിയ ടെമ്പറേച്ചര്‍ വ്യത്യാസം കാണിക്കുന്നു എന്നാണ് കരുതിയിരുന്നത്. അതിനു മുമ്പ് എബോള എന്നൊരു രോഗം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിരുന്നു. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് എബോള ഉണ്ടാക്കിയത്. എബോളയെ അപേക്ഷിച്ച് കോവിഡിന് അത്രമേല്‍ മരണകാരണമാകുന്ന വിഷയങ്ങളില്ല.
എന്നാല്‍, ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസുകള്‍ക്ക് വ്യാപന സാധ്യത കൂടുതലാണെന്ന പഠനവും ലോകാരോഗ്യ സംഘടന ജനങ്ങള്‍ക്കു മുമ്പില്‍ വച്ചിട്ടുണ്ട്. ഫൈസറിന്റെ കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്ക് വലിയ കുഴപ്പങ്ങളൊന്നും കാണുന്നില്ല. ഡി.എന്‍.എ മ്യൂട്ടേഷന്‍ സംഭവിക്കുമ്പോള്‍ ഇന്ന് നിലവില്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ ഭാവിയില്‍ എത്രമേല്‍ കുറ്റമറ്റ രീതിയില്‍ പ്രയോജനപ്പെടും എന്നതു സംബന്ധിച്ച ഊഹാപോഹങ്ങളും ആശങ്കകളും നിലനില്‍ക്കുകയും ചെയ്യുന്നു. നമുക്ക് കാത്തിരിക്കാം, എന്നെന്നേയ്ക്കുമായി ലോകത്തു നിന്നും ഈ പകര്‍ച്ചപ്പനിയെ ഒഴിവാക്കുന്ന പ്രതിരോധ കുത്തിവയ്പ്പിന്റെ ആത്യന്തികമായ ഫലത്തിനായി.
കൊറോണ വൈറസിനു മുമ്പില്‍ ലോകം ഒന്നാകുന്ന കാഴ്ചയാണ് 2020 കണ്ടത്. ലോകമഹായുദ്ധത്തില്‍ ആകാശത്തു നിന്നും വര്‍ഷിച്ച അണുബോംബിന്റെ പ്രഹര ശേഷി ജപ്പാനെ മാത്രമേ ബാധിച്ചിരുന്നുള്ളുവെങ്കില്‍ അതിനുമപ്പുറത്തേയ്ക്ക് ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡ് 19 നമ്മുടെ ശീലങ്ങളെ മൊത്തത്തില്‍ മാറ്റിയിരിക്കുന്നു. ഇന്നും അണുബോംബിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ഒരുപാട് പേരെ കാണാം. ജീവിച്ചിരിക്കുന്ന അവരെല്ലാം പലവിധത്തില്‍ തങ്ങളുടെ ആണവവ്യാപനത്തിന്റെ കഥകള്‍ ലോകത്തോട് പറഞ്ഞിട്ടുമുണ്ട്. കാലത്തിന്റെ ഏടുകളില്‍ വേദനിപ്പിക്കുന്ന കണ്ണീര്‍ നനവുള്ള ആ കഥകളെ ഒരിക്കലെങ്കിലും ഓര്‍ത്ത് വ്യസനിക്കാത്ത ചരിത്രബോധമുള്ള ആള്‍ക്കാര്‍ കുറവാണ്.
അത് ആണവവ്യാപനം ആയിരുന്നുവെങ്കില്‍ ഇത് സൂക്ഷ്മാണുവിന്റെ വിന്യാസമാണ്. ലോകം ഒന്നിച്ച് ഒരു പാഠം പഠിച്ചു. മാസ്‌ക് ധരിക്കാനും, പൊതുസ്ഥലങ്ങളില്‍ എത്താതിരിക്കാനും. വെള്ളം കൊണ്ട് കൈ കഴുകിയിരുന്നവര്‍ സാനിറ്റൈസര്‍ പോക്കറ്റിലിട്ടു നടക്കാന്‍ തുടങ്ങി, പൊതു മീറ്റിംഗുകള്‍ ഒഴിവാക്കപ്പെട്ടു, വലിയ കായിക കളിക്കളങ്ങളിലെ ആരവങ്ങള്‍ ഒഴിഞ്ഞു, സിനിമാശാലകള്‍ അടച്ചു, സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് തുറക്കാന്‍ പറ്റാത്ത ഉത്തരവുകള്‍ വന്നു, പൊതുഗതാഗത സംവിധാനത്തിന് കൃത്യമായ നിയന്ത്രണങ്ങള്‍ ഉണ്ടായി. മാര്‍ക്കറ്റുകള്‍ തുറന്നിരുന്നില്ല. ദിവസത്തെ മണിക്കൂറുകള്‍ ക്രമപ്പെടുത്തിക്കൊണ്ട് അതാതു സമയങ്ങളില്‍ അവശ്യസാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകാനുള്ള സുരക്ഷ മുന്നറിയിപ്പുകള്‍ വന്നുതുടങ്ങി.
ലോക്ഡൗണിന്റെ സമയചക്രവാളങ്ങളില്‍ മനുഷ്യന്‍ വീടുകളില്‍ അടച്ചിരുന്നു. നിത്യത്തൊഴില്‍ ചെയ്യുന്നവര്‍ക്ക് മാര്‍ഗമില്ലാതായി. നിരന്തരം വീടുകളില്‍ നിന്ന് ജോലി സ്ഥാപനത്തിലേക്ക് പൊയ്‌ക്കൊണ്ടിരുന്നവര്‍ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ട അവസ്ഥയില്‍ അവനവനില്‍ തന്നെ ഒതുങ്ങി. വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായ കാലഘട്ടമായിരുന്നു ലോക്ഡൗണ്‍ സമയങ്ങള്‍. ലോകം അവസാനിക്കാന്‍ പോവുകയാണോ എന്ന് ചിന്തിച്ച് ഉള്ള ആയുസ്സും കൈയില്‍ പിടിച്ച് പേടിച്ച് ജീവിക്കുന്ന കാലം. ആരുടെയൊക്കയോ കൃപ കൊണ്ടോ കടാക്ഷം കൊണ്ടോ, അതോ സ്വന്തം ജീവിതത്തില്‍ നാം ചെയ്ത നന്മയുടെ പ്രകാശം കൊണ്ടോ ഇന്നും ജീവിച്ചിരിക്കുന്നതിന് ദൈവത്തോട് നന്ദി പറയാം.
കൊറോണക്കാലത്ത് ലോകത്ത് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. മുന്‍കാലങ്ങളില്‍ ഓരോ രാജ്യങ്ങളിലും ഉണ്ടാകുന്ന കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അതാത് രാജ്യക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ കൊറോണ എന്ന പകര്‍ച്ചപ്പനി പൊതുവായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ലോകജനതയെ പ്രേരിപ്പിച്ചുവെന്നതാണ് ഈ മഹാമാരിയുടെ പ്രയോജനം.
പ്രയോജനം എന്നു പറയുമ്പോള്‍, അത് വളരെ പോസിറ്റീവായ അര്‍ത്ഥത്തിലാണ് നാം ഉള്‍ക്കൊള്ളേണ്ടത്. ഭൂമിയിലെ മനുഷ്യര്‍ എല്ലാവരും ഒരുപോലെ ഒരു വൈറസിനെതിരെ ശക്തമായി പോരാടുമ്പോള്‍, അവിടെ ഒരു തരത്തിലുമുള്ള വംശീയ വ്യത്യാസങ്ങളില്ല. ഒരിക്കലും അവിടെ ഏതെങ്കിലും ഒരു ലോകരാജ്യത്തിന്റെ മേല്‍ക്കോയ്മയില്ല. കറുപ്പില്ല, വെളുപ്പില്ല… മനസ്സു മാത്രമേയുള്ളു.
വലിയ പാഠം ലോകജനതയ്ക്ക് നല്‍കിക്കൊണ്ടാണ് 2020 പിന്‍വാങ്ങുന്നത്. ഈ കുറിപ്പ് എഴുതുന്ന സമയത്തു തന്നെ ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ആക്രമണം എത്രത്തോളം നിയന്ത്രിക്കുവാന്‍ പറ്റുമെന്ന് പറയുവാന്‍ സാധിക്കുകയില്ല. നമുക്ക് പ്രതീക്ഷിക്കാം. ലോകം ഒന്നാകാന്‍ വേണ്ടി ഒരു രോഗം അവതരിച്ചല്ലോ. പക്ഷേ രോഗത്തെ തുടച്ചുമാറ്റുകയും വേണം.
വാല്‍ക്കഷണം
നാമെല്ലാം വാക്‌സിനെടുത്ത് നാളെ രോഗത്തോട് വിടപറഞ്ഞ് ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി പതിവുപോലെ ജോലിയും കുടുംബവും തമാശും ആഘോഷങ്ങളുമായി ജീവിതയാത്ര തുടരുമ്പോള്‍ റ്റാ റ്റാ പറയാം… കോവിഡ് 19 നോട്. ഇനി നമ്മള്‍ ഒരിക്കലും കണ്ടുമുട്ടുകയില്ല… തീര്‍ച്ച…