പി.പി.ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ ഉല്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്നതിന് അമേരിക്കന്‍സിന് പ്രഥമ പരിഗണന നല്‍കുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡിസംബര്‍ 8 ചൊവ്വാഴ്ച ഒപ്പുവെച്ചു വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോവിഡ് വാക്‌സിന്റെ വിതരണം ഉടനടി ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഫൈസര്‍ ആന്റ് ബയോ എന്‍ടെക്ക് ഉല്‍പാദിപ്പിക്കുന്ന വാക്‌സിന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി നല്‍കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 50,000 സൈറ്റുകളില്‍ വിതരണം ചെയ്യുന്ന ഈ വാക്‌സിന്‍ യാതൊരു ചിലവുമില്ലാതെ അമേരിക്കക്കാര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ട്രംപ് പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ ഉറപ്പു വരുത്തിയ ശേഷം മറ്റു രാജ്യങ്ങളുമായി സഹകരിച്ച് അവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും ട്രംപ് അറിയിച്ചു.
രാജ്യ പ്രതിരോധത്തിന് ആവശ്യമെങ്കില്‍ ആഭ്യന്തര കമ്പനികളെ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന് നിര്‍ബന്ധിക്കുന്ന 1950ലെ നിയമം പുനര്‍ജീവിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സീനിയര്‍ ഒഫീഷ്യല്‍സ് എന്നിവരും പങ്കെടുത്തു.