ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് ക്വീന്‍സിലെ ഇരുപത്തിമൂന്നാം ഡിസ്ട്രിക്ടില്‍ നിന്ന് കോശി ഉമ്മൻ തോമസ് മത്സരിക്കുന്നു. ജൂണ്‍ 23-നാണ് ഡമോക്രാറ്റിക് പ്രൈമറി. പ്രൈമറിയില്‍ ജയിക്കുന്ന വ്യക്തി ഡമോക്രാറ്റിക് ഭൂരിപക്ഷമുള്ള സീറ്റിൽ ജയിക്കുമെന്ന് ഉറപ്പാണ്.



ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളികള്‍ക്ക് സുപരിചിതനാണ് സംഘടനാ നേതാവായ കോശി തോമസ്. അറ്റോര്‍ണിയും ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമാണ്. ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡിന്റെ സംഘാടകരിലൊളാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ദിനമായ തിങ്കളാഴ്ച വിവിധ സംഘടനാ നേതാക്കള്‍ ബൈഡന്‍ – ഹാരിസ് വിജയം ആഘോഷിക്കുകയും കോശിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അശോക് വോറ, പണ്ഡിറ്റ് റിഷിദാസ്, ലീല മാരേട്ട്, ലീലാമ്മ അപ്പുക്കുട്ടന്‍, മേരി ഫിലിപ്പ്, ബീന സഭാപതി, ദേവേന്ദ്ര വോറ, വീരേന്ദ്ര ബാങ്കര്‍ തുടങ്ങിയവരും മുഖ്യധാരയിൽ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.
എല്ലാവര്‍ക്കും 1000 ഡോളര്‍ ടാക്‌സ് ഇളവ്, സ്വന്തമായി ജോലി ചെയ്യുന്നവര്‍ക്ക് 2000 ഡോളര്‍ ടാക്‌സ് ഇളവ് എന്നതാണ് കോശിയുടെ വാഗ്ദാനങ്ങളില്‍ ശ്രദ്ധേയമായത്.
ഡിസ്ട്രിക്ടില്‍ ഒന്നര ലക്ഷത്തോളം ജനങ്ങളുണ്ട്. 65000 പേര്‍ വെള്ളക്കാരാണ്. ഏഷ്യക്കാര്‍ 38,000. കറുത്തവര്‍ 19,000. ഹിസ്പാനിക്ക് 19,000 എന്നിങ്ങനെയാണ് കണക്ക്.
പല സ്ഥാനാര്‍ത്ഥികള്‍ ഉള്ളതിനാല്‍ പ്രൈമറിയില്‍ 2000-3000 വോട്ട് കിട്ടിയാല്‍ തന്നെ വിജയിക്കും. ഫ്‌ളോറല്‍ പാര്‍ക്ക് തുടങ്ങിയ മേഖലകള്‍ മുഴുവന്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. മലയാളികൾ ഒത്തുപിടിച്ചാല്‍ തന്നെ കോശിയെ വിജയിപ്പിക്കുക നിഷ്പ്രയാസമാണ്.
നിലവിലുള്ള കൗണ്‍സിലര്‍ ബാരി ഗ്രോഡന്‍ചിക്ക് സ്വയം വിരമിക്കുന്നതിനാല്‍ ഇത് ഓപ്പണ്‍ സീറ്റാണ്. അതിനാല്‍ വിജയ സാധ്യത ഏറെയാണ്.
കുട്ടംപേരൂര്‍ സ്വദേശിയെങ്കിലും മദ്രാസില്‍ വളര്‍ന്ന കോശിക്ക് മലയാളവും തമിഴും വഴങ്ങും. കന്നഡയിലും തെലുങ്കിലും പ്രാവീണ്യമുണ്ട്. എല്ലാ വിഭാഗങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്നു.
27 വര്‍ഷമായി ക്വീന്‍സില്‍ താമസിക്കുന്ന തനിക്ക് ബോറോയുടെ വികസനത്തില്‍ വലിയ സേവനം അനുഷ്ഠിക്കാനാവുമെന്ന് കോശി തോമസ് ചൂണ്ടിക്കാട്ടുന്നു. കൊറോണ മൂലം ഒരുപാട് പേര്‍ മരിച്ചു. പലര്‍ക്കും ജോലി പോയി. എങ്കിലും നാം അവര്‍ക്കുവേണ്ടി പോരാട്ടം തുടരും. ഒരിക്കലും പ്രതീക്ഷ കൈവിടില്ല.
ചെറുകിട ബിസിനസുകളെ സഹായിക്കുക എന്നതാണ് പ്രകടപത്രികയിലെ ആദ്യ ഇനം. ചെറുകിട ബിസിനസാണ് അമേരിക്കയുടെ ശക്തിസ്രോതസ്. നിരവധി പേര്‍ക്ക് അതു ജോലി നല്‍കുന്നു. നിലവിലുള്ള എല്ലാ ബിസിനസിനും ടാക്‌സിലോ ലൈസന്‍സ് ഫീ ഇനത്തിലോ 2000 ഡോളര്‍ ഇളവ് നല്‍കണമെന്ന് താന്‍ ആവശ്യപ്പെടും.
നമ്മുടെ അയല്‍ പ്രദേശങ്ങള്‍ സുരക്ഷിതവും ശക്തവുമാകണം. ബില്‍ഡ് എ ബ്ലോക്ക് പ്രോഗ്രാം വികസിപ്പിക്കും. വീട്ടുടമകള്‍ക്കും വാടകക്കാര്‍ക്കും 1000 ഡോളര്‍ ടാക്‌സ് ഇളവ്. ഇത് യൂട്ടിലിറ്റിക്കും മറ്റും അടയ്ക്കാന്‍ അവരെ സഹായിക്കും.
വിദ്യാഭ്യാസ രംഗത്ത് മാറ്റം വരണം. സ്കൂള്‍ ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കുറയണം. കുട്ടികളുടെ ആരോഗ്യം പരിപാലിക്കണം. സ്‌പെഷലൈസ്ഡ് സ്കൂളുകള്‍ പ്രോത്സാഹിപ്പിക്കണം. ക്വീന്‍സിലും ഒരു സ്‌പെഷലൈസ്ഡ് സ്കൂള്‍ വേണം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കാറുകള്‍ തുടങ്ങിയവ 2025 ഓടെ പൂര്‍ണ്ണമായും ക്ലീന്‍ എനര്‍ജി ഉപയോഗിക്കണം. കാലാവസ്ഥാ മാറ്റം തടയുന്ന പ്രോഗ്രാമുകള്‍ ഉണ്ടാവണം.
റിട്ടയര്‍ ചെയ്തവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അവരുടെ പെന്‍ഷനും മറ്റും സുരക്ഷിതമെന്ന് ഉറപ്പുവരുത്തും.
ഇവയ്‌ക്കെല്ലാം പണം കണ്ടെത്താന്‍ 100 മില്യനിലേറെ വരുമാനമുള്ള വന്‍കിട ബിസിനസുകളില്‍ നിന്ന് ഒറ്റത്തവണത്തേയ്ക്ക് മാത്രം അഞ്ചു ശതമാനം നികുതി ഈടാക്കും. അവര്‍ വളര്‍ന്നത് ന്യൂയോര്‍ക്കുകാരുടെ സഹായംകൊണ്ടു കൂടിയാണ്. ഇപ്പോള്‍ തിരിച്ചൊരു സഹായം ആവശ്യപ്പെടുകയാണ്.
ഭാര്യ ലിസി; രണ്ട് മക്കൾ
വിവരങ്ങള്‍ക്ക്: 347 867 1200; Email: [email protected]


