വാഷിങ്ടണ്‍: ഏവരെയും ഞെട്ടിച്ച കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ആക്രമണം നടത്തിയ ട്രമ്പ് അനുകൂലികളോടൊപ്പം ചിലര്‍ ഇന്ത്യന്‍ പതാക വീശിയെത്തിയത് വിവാദമാകുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമെന്ന് പറയാവുന്ന നിര്‍ഭാഗ്യകരമായ ഒരു സംഭവത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്തത് രാജ്യത്തിന് തന്നെ നാണക്കേടാകുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാരോപിച്ചായിരുന്നു ആയിരക്കണക്കിന് വരുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തിലേയ്ക്കിരച്ച് കയറിയത്. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നാലുപേര്‍ മരിക്കുകയും ചെയ്തു. വോട്ടെണ്ണല്‍ തടയുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.

‘ഞങ്ങളാഗ്രഹിക്കുന്നത് ട്രമ്പ് വരണമെന്നാണ്’ എന്ന മുദ്രാവാക്യവുമായി പൊലീസുമായി ഏറ്റുമുട്ടുന്ന അക്രമികളില്‍ ചിലര്‍ ഇന്ത്യന്‍ പതാക വീശിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ നടത്തിയ അക്രമത്തിനിടയിലാണ് ഇന്ത്യന്‍ പതാക വീശിയിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രമ്പിനും അദ്ദേഹത്തിന്റെ വംശീയനിലപാടുകള്‍ക്കും അമേരിക്കയിലും ഇന്ത്യയിലുമുള്ള ഹിന്ദുത്വവാദികളുടെ വലിയ പിന്തുണയാണുണ്ടായിരുന്നത്. തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രമ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തിന് നേരേയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ യുദ്ധങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അപലപനീയമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.