പതിവില്ലാത്ത കോവിഡ് വേദനകളോടെ കലണ്ടര്‍ കണക്കില്‍ നിന്ന് 2020 വിടപറയുകയാണ്. ഗുണദോഷ സമ്മിശ്രമായ ഒരു സംവത്സരമാണ് പിന്നിടുന്നത്. ആ അടയാളപ്പെടുത്തലിന്റെ ജാഗ്രതാ വഴികളിലൂടെയായിരിക്കണം ഇനി നാം സഞ്ചരിക്കേണ്ടത്.

മെച്ചപ്പെട്ട തുടക്കങ്ങള്‍ക്ക് കരുത്തുറ്റ മനസോടെ പ്രതിജ്ഞയുടെ തിളക്കത്തില്‍ തുടക്കം കുറിക്കുന്നതായിരിക്കണം പുതുവര്‍ഷപ്പുലരിയും തുടര്‍ ദിനങ്ങളും. പോയ വര്‍ഷത്തിന്റെ കണക്കെടുപ്പുകളില്‍ നിന്ന് പഠിക്കാന്‍ ഗുണമുള്ളതായി കാണുന്നത് ഒന്നുമാത്രമേയുള്ളൂ, പകര്‍ച്ചപ്പനിയുടെ പ്രതിരോധ പരിപാടികളും നിലപാടുകളും ശാരീരിക ശുചിത്വവുമാണ് അത്. വൈറസിന് കീഴ്‌പ്പെടാതിരിക്കാന്‍ വലിയ ശ്രദ്ധ വേണം.

ജീവിതത്തിന്റെ നന്‍മയുടെ പാലത്തിലൂടെയാണ് നമ്മള്‍ 2021 ലേക്ക് പ്രവേശിക്കുന്നത്. പോയ വര്‍ഷം നമുക്ക് എന്തു നല്‍കി എന്ന ചോദ്യത്തെക്കാള്‍ വരും വര്‍ഷം നമ്മള്‍ എന്തായിരിക്കണം എന്ന ഉത്തരത്തിലേക്കാണ് ഇനിയുള്ള കാല്‍വയ്പുകള്‍. തിന്‍മകളെ ഉപേക്ഷിച്ച് പശ്ചാത്തപിക്കാം.
തീര്‍ച്ചയായും ഒരു പ്രതീക്ഷയുണ്ട്. പ്രത്യാശയുണ്ട്. 2021ന്റെ വഴികള്‍ സുഗമമാക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ആ പ്രതീക്ഷാ വഴികളിലൂടെ ഒപ്പമുള്ളവരുടെ ഹൃദയത്തിലേറ്റി സഞ്ചരിക്കുകയും വേണം.
നമ്മുടെ സഞ്ചാര പഥങ്ങള്‍ അനന്തമാണ്. സുഖവും ദുഖവും പിന്നെ സ്വപ്നങ്ങളും പേറിക്കൊണ്ടുള്ള യാത്ര തുടരും. ആ തുടര്‍ച്ചയുടെ കരുത്തുറ്റ കണ്ണികളാവാന്‍ ആഗ്രഹിക്കുക, പരിശ്രമിക്കുക. ഒപ്പം കൊറോണ വൈറസിന്റെ ജനിതകമാറ്റ വ്യാപനത്തെ ചെറുക്കാന്‍ ജാഗരൂകരാവുക. 2021 നമ്മുടെയെല്ലാം വിജയവര്‍ഷമായിരിക്കും…തീര്‍ച്ച…
‘ഗ്ലോബല്‍ ഇന്ത്യന്‍’ കുടുംബത്തിലെ എല്ലാ മാന്യ അംഗങ്ങള്‍ക്കും പ്രത്യാശയുടെ അതിസമ്പന്നമായ പുതു വര്‍ഷം നേരുന്നു.
”ഹാപ്പി ന്യൂ ഇയര്‍…”
സ്‌നേഹാശംസകളോടെ
ജെയിംസ് കൂടല്‍
ചെയര്‍മാന്‍ ആന്റ് മാനേജിങ് എഡിറ്റര്‍