നൂറ്റാണ്ടു കണ്ട ഈ മഹാമാരിയുടെ കാലത്ത് മനസിനും ശരീരത്തിനും മാനവിക സ്‌നേഹത്തിന്റെ ശാന്തിദൂത് പകരുന്ന നക്ഷത്രക്കൂട്ടങ്ങളുടെ വെള്ളിവെളിച്ചവുമായി മറ്റൊരു ക്രിസ്തുമസ് പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. കോവിഡ് 19 വൈറസുകള്‍ ലോകമാകെ ദുരന്തം വിതച്ചതിനു ശേഷമുള്ള ആദ്യത്തെ തിരുപ്പിറവി ആഘോഷമാണിത്. യേശുക്രിസ്തുവിന്റെ പുണ്യജന്മത്തെ അനുസ്മരിപ്പിക്കുന്ന ഈ ആഹ്‌ളാദവേളയില്‍ പ്രാര്‍ത്ഥനയുട കരുത്തുകൊണ്ടും കൂട്ടായ്മയുടെ ശബ്ദം കൊണ്ടും ഈ വൈറസിനെ പൂമുഖത്തു നിന്നു തുടച്ചുനീക്കാന്‍ കഴയുമെന്ന് പ്രത്യാശ നമുക്കേവര്‍ക്കുമുണ്ട്.

ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം വൈറസ് ബാധയേറ്റ് അകാലത്തില്‍ വേര്‍പെട്ടുപോയ ഉറ്റവരുടെയും ഉടയവരുടെയും ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേളയും കൂടിയാണിത്. അതോടൊപ്പം ഈ സൂക്ഷ്മാണു നമ്മുടെ ജീവനെ അപകടത്തിലാക്കാന്‍ ഇനിയും കടന്നുവരികയില്ല എന്ന ആത്മവിശ്വാസത്തോടു കൂടി യേശുദേവന്റെ തിരുപ്പിറവിയെയും നമുക്ക് സര്‍വ്വാത്മനാ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു വിളക്ക് ഒരു വീട്ടില്‍ തെളിയുമ്പോള്‍ അത് ലോകത്തിന്റെ തന്റെ പ്രകാശമായി മാറുന്നു.

യേശുദേവന്റെ ഓരോ വാക്കും ലോകത്തിന് പ്രകാശം നല്‍കിയതിനോടൊപ്പം പ്രതീക്ഷയുടെ സന്ദേശവും വിതച്ചു. ബേത്‌ലഹേം പുല്‍ത്തൊഴുത്തിലെ ആ പിറവിയുടെ മൂഹൂര്‍ത്തം തൊട്ടു തന്നെ ലോകം സാഹോദര്യത്തിന്റെ കണ്ണികളാല്‍ കൂട്ടിയിണക്കപ്പെട്ടു. ആ ഈടുറ്റ ബന്ധം ഇനിയും കൈമോശം വരാതിരിക്കാന്‍ മാനവരാശി ഒരേ മനസ്സോടെ നിലനില്‍ക്കേണ്ട വര്‍ത്തമാനകാലം യാഥാര്‍ത്ഥ്യത്തിലേക്കു കൂടിയും വിരല്‍ചൂണ്ടുന്നതാണ് ഈ ക്രിസ്മസ് കാലം.
ഇത് ‘ഗ്ലോബല്‍ ഇന്ത്യ’ എന്ന ആഗോള ഇന്ത്യന്‍ വാര്‍ത്താ മാധ്യമത്തിന്റെ ആദ്യത്തെ ക്രിസ്മസ് ആണ്. പ്രസിദ്ധീകരണം ആരംഭിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രശംസയും താത്പര്യവും വിമര്‍ശനങ്ങളും ആണ് ഞങ്ങളെ മുന്നോട്ടു നയിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടെ ഒരു കാര്യം സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ഭാരതീയരുടെ ആത്മാംശം ഏറ്റുവാങ്ങി വാര്‍ത്തകളും വിശേഷങ്ങളുമായി അനുനിമിഷം വായനക്കാരുടെയും കാഴ്ചക്കാരുടെയും കേള്‍വിക്കാരുടെയും മനസ്സിലേക്ക് എത്തുന്ന ഒരു പ്രസിദ്ധീകരണവും തളരില്ല എന്നതിന്റെ ഉദാഹരണമാണ് ‘ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്’.
ഈ നാള്‍ വരെ വായനക്കാര്‍ ഓരോരുത്തരും ചൊരിഞ്ഞു തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ആത്മാര്‍ത്ഥതയ്ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും വര്‍ധിത സന്തോഷത്തിന്റെയും ക്രിസ്മസ് മംഗളങ്ങള്‍ നേരുന്നു.
സ്‌നേഹാശംസകളോടെ
ജെയിംസ് കൂടല്‍
ചെയര്‍മാന്‍ ആന്റ് മാനേജിങ് എഡിറ്റര്‍