ന്യുയോര്‍ക്ക്: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ ഡോ . പ്രിസില്ല ചാനും ചേര്‍ന്ന് രൂപീകരിച്ച ചാന്‍സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവിന്റെ ഏഴു ലക്ഷം ഡോളര്‍ വരുന്ന ഗ്രാന്‍ഡ് ഡോ . പ്രമോദ് പിഷാരടിക്ക്.

മിനസോട്ട യൂണിവേഴ്‌സിറ്റിയില്‍ മാഗ്‌നറ്റിക് റെസൊണന്‍സ് റിസര്‍ച്ച് സെനറ്ററില്‍ ഗവേഷകന്‍ ആണ് ഡോ. പിഷാരടി. എ.എല്‍.എസ്, പാര്‍ക്കിന്‍സണ്‍സ്, ആള്‍സൈമേഴ്‌സ് തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇമേജിംഗ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ഗവേഷണമാണ് ഗ്രാന്റിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.

കോട്ടയം കടുത്തുരുത്തി കൈലാസപുരത്ത് പിഷാരത്ത് പരേതനായ ത്രിവിക്രമ പിഷാരടിയുടെയും പ്രേമ പിഷാരസ്യാരുടെയും പുത്രനാണ്. ഭാര്യ രാധിക. മകള്‍: പാര്‍വതി.
പാലക്കാട് എന്‍.എസ.എസ് . എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് 2003 ല്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ പ്രമോദ് പിഷാരടി പിന്നീട് സിംഗപ്പുര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യുട്ടര്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി. നേടി. തുടര്‍ന്ന് എം.ഐ.ടിയില്‍ നിന്ന് ബയോളജിക്കല്‍ എഞ്ചിനിയറിംഗില്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടി.
