അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയ ഫോമായെ നയിക്കാന്‍ രണ്ടു വര്‍ഷത്തേയ്ക്ക് മാന്‍ഡേറ്റ് നേടിയ അനിയന്‍ ജോര്‍ജ് മലയാളി സമൂഹത്തിലെ തലയെടുപ്പുള്ള നേതാവാണ്. ഇരുത്തം വന്ന വാക്കുകളും ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന സമ്പത്തും അനിയന്‍ ജോര്‍ജിനെ വ്യത്യസ്തനാക്കുന്നു. കാരണം കൃത്യമായ സംഘാടന വൈഭവവും പൊതുപ്രവര്‍ത്തന പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. അനിയന്‍ ജോര്‍ജുമായി, ജിനേഷ് തമ്പി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍…

? ഫോമാ പ്രസിഡന്റ് എന്ന നിലയില്‍ മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തമായി എന്തൊക്കെ കര്‍മപദ്ധതികളാണ് ശ്രീ അനിയന്‍ ജോര്‍ജ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്…

- നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നതു കോവിഡ് അതിജീവനത്തിന്റെ പാതയിലൂടെയാണല്ലോ. പരസ്പരം കാണുവാനൊക്കെ ഒരുപാട് ബുദ്ധിമുട്ടുള്ള സമയം. എന്നാലും ഫോമാ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ആദ്യത്തെ ഉദ്യമം ഫോമ പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ട് റീജിയനുകളും, അതില്‍ ഉള്‍പ്പെടുന്ന എഴുപത്തിയാറ് അംഗസംഘടനകളുടേയും നേതാക്കളെ നേരില്‍ കണ്ട് ബന്ധം ഊട്ടിയുറപ്പിക്കുവാനും, അവരെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള കൂടുതല്‍ ഊഷ്മളമായിട്ടുള്ള പ്രവര്‍ത്തന ശൈലി നടപ്പില്‍ വരുത്താനുള്ള ശ്രമമാണ്.
- ഫോമയെ സംഘടനകളുടെ സംഘടന എന്നാണല്ലോ വിശേഷിപ്പിക്കാറ്. ഫോമയില്‍ അംഗമായിട്ടുള്ള സംഘടനകള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചാല്‍ അത് ഫോമക്ക് കൂടുതല്‍ ഗുണകരമാകും. കോവിഡ് സമയത്തു യാത്ര ചെയ്യുന്നതും, ഫോമയുടെ പ്രതിനിധികളെ നേരിട്ട് കാണുന്നതുമൊക്കെ എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര ചെയ്യുന്നതും ഫോമയുടെയും, അംഗ സംഘടനകളുടെയും നേതാക്കളെ സന്ദര്‍ശിക്കുന്നതുമൊക്കെ. ഓണ്‍ലൈന്‍ സൂം പോലെയുള്ള മീറ്റിങ്ങുകളെ അപേക്ഷിച്ച് ആളുകളെ നേരിട്ട് കാണുന്നതാണ് കൂടുതല്‍ പ്രയോജനം എന്ന് ഉറപ്പായും കരുതുന്നു.
- ഇപ്പോള്‍ കോവിഡ് മൂലം വിസ സംബന്ധിച്ചുള്ള സങ്കീര്‍ണ്ണമായ ഒരു പാട് പ്രശ്‌നങ്ങള്‍ ആളുകള്‍ നേരിടുന്നുണ്ട്. വിസ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് കാരണം, മരണം പോലെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ പോലും നാട്ടില്‍ പോകാന്‍ പറ്റാത്ത ആളുകളുണ്ട്. അവരെയൊക്കെ സഹായിക്കുവാന്‍ അഞ്ചു കോണ്‍സുലേറ്ററുമായും നല്ല ബന്ധം സ്ഥാപിച്ച് ‘ഫോമാ ലൈഫ്’ എന്ന പേരില്‍ വിസ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്‍ ആളുകളെ സഹായിച്ചു വരികയാണ്. അതുപോലെ ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് എന്ന പേരില്‍ നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമേകുന്നതിനായി ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സൗകര്യത്തിനായി വെബ്‌സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കികൊണ്ടിരിക്കുകയാണ്. ഫോമയുടെ ബിസിനസ് ഫോറം പ്രഗത്ഭരായ ബിസിനസുകാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രൂപീകരണത്തിന് ശേഷം പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കിവരുന്നു. എല്ലാ റീജിയനുകളിലും യൂത്ത്, വനിതാ ഫോറം പ്രാതിനിധ്യം ഉറപ്പാക്കി കഴിഞ്ഞിരിക്കുന്നു. ലീഡര്‍ഷിപ് ക്യാമ്പ്, കരിയര്‍ പ്ലാനിംഗ്, പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് എന്നിവയില്‍ യൂത്ത് ഫോറം ശ്രദ്ധചെലുത്തുമ്പോള്‍, വനിതാ ഫോറം നാട്ടില്‍ നിര്‍ധനരായ നൂറില്‍ പരം നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സഹായമേകുവാനുള്ള ശ്രമത്തിനുമാണ്. പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ കര്‍മപദ്ധതികള്‍ ഫോമാ ആവിഷ്‌കരിക്കുന്നുണ്ട്.
? എഴുപത്തിയാറു സംഘടനകള്‍ അംഗമായുള്ള ഫോമയില്‍ പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ സംഘടനകളേയും ഒരുമിച്ചു കൊണ്ട് പോവുക വളരെ ശ്രമകരമായ ദൗത്യമാണല്ലോ. ഈ വെല്ലുവിളിയെ എങ്ങനെ നേരിടുന്നു…
- സത്യത്തില്‍ എനിക്ക് ഇതൊരു വെല്ലിവിളിയായി തോന്നുന്നതേയില്ല. പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോയാല്‍ ഒരു പ്രശ്‌നവും കാണുന്നില്ല. ‘Give respect and take respect ‘ എന്നതില്‍ ഉറച്ചു വിശ്വസിക്കുന്നു. താങ്ക്‌സ് ഗിവിങ്ങിനു പല റീജിയന്‍, മെമ്പര്‍ സംഘടനകളുടെ നേതാക്കളെയും നേരിട്ട് വിളിച്ചു സംസാരിച്ചിരുന്നു.
- ഫോമയിലെ റീജിയന്‍, മെബര്‍ അസോസിയേഷന്‍ നേതാക്കളെയൊക്കെ വിശ്വാസത്തില്‍ എടുത്ത് പരസ്പര ധാരണയോടെ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ആരെയും മാറ്റിനിര്‍ത്താന്‍ താല്പര്യമില്ല. ഫോമായിലെ തിരഞ്ഞെടുപ്പ് സമയത്തു മാത്രമല്ല മെമ്പര്‍ അസ്സോസിയേഷനുകളുമായി ബന്ധം സ്ഥാപിക്കുന്നത്. ഫോമായുടെ എല്ലാ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും, റീജിയന്‍, മെബര്‍ സംഘടനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും, ഉത്തരവാദിത്വങ്ങളും ഉറപ്പായും നല്‍കും. മുന്‍കാലങ്ങളില്‍ ചിലഘട്ടങ്ങളിലൊക്കെ ഫോമയിലെ അംഗ സംഘടനകളുമായുള്ള ആശയവിനിമയത്തില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാം. അതൊക്കെ തിരുത്തിയാക്കും ഈ ഭരണസമിതി മുന്നോട്ടു പോവുക.
? 2008ല്‍ ഫോമയുടെ സ്ഥാപക സെക്രട്ടറി ആയതിനു ശേഷമാണല്ലോ ഫോമാ പ്രസിഡന്റ് പദവിയിലേക്ക് കടന്നു വരുന്നത്. എന്തായിരുന്നു ഇത്രയും കാലതാമസത്തിനു കാരണം…
- ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശ്രീ ശശിധരന്‍ നായര്‍ക്ക് ശേഷം വേണമെങ്കില്‍ എനിക്ക് പ്രസിഡന്റ് ആകാമായിരുന്നു. പക്ഷെ സീനിയര്‍ നേതാക്കള്‍ ഒരുപാടുള്ള സ്ഥിതിക്ക് അവര്‍ ആകട്ടെ എന്ന് കരുതി. എന്നാലും ഒരു നിഴല്‍ പോലെ ഇക്കാലമത്രെയും ഫോമായുടെ കൂടെയുണ്ടായിരുന്നു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, ഇലക്ള്‍ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, കേരളത്തില്‍ നിര്‍ധനര്‍ക്ക് നാല്‍പതു വീടുകള്‍ ഫോമാ പണി കഴിപ്പിച്ചതിന്റെ ഫോമാ വില്ലജ് പ്രൊജക്റ്റ് ഇന്‍ ചാര്‍ജ് എന്നിങ്ങനെ ഒരുപാടു ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. ഇപ്പോള്‍ പ്രസിഡന്റ് ആകാനായിട്ടു അവസരം വന്നപ്പോള്‍ അത് ഏറ്റെടുക്കുകയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാമെന്നുള്ള വിശ്വാസവുമുണ്ട്.
? ഇന്ത്യന്‍ വംശജയായ കമല ഹാരിസിന്റെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള ചുവടുവെപ്പ് ഇന്ത്യക്കാരെയും മലയാളികളേയും കൂടുതലായി അമേരിക്കന്‍ മുഖ്യധാരഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുമെന്നു കരുതുന്നുണ്ടോ…
- ഉറപ്പായും അങ്ങനെ കരുതുന്നു. കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് ഇന്ത്യക്കാര്‍ക്കൊക്കെ വലിയ ആവേശം തന്നെയായിരിക്കും. പ്രത്യേകിച്ചും യുവാക്കള്‍ക്ക് അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്കു കടന്നു വരാനുള്ള കൂടുതല്‍ പ്രചോദനമാകുമെന്നും കരുതുന്നു. ഫോമാ പൊളിറ്റിക്കല്‍ ഫോറം ഞങ്ങള്‍ ഇതിനോടകം രൂപികരിച്ചു കഴിഞ്ഞു . കെവിന്‍ തോമസ്, വിന്‍ ഗോപാല്‍ മുതലായ അമേരിക്കന്‍ രാഷ്ട്രീയത്തിലെ നമ്മുടെ വലിയ വാഗ്ദാനങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് വരുംതലമുറയ്ക്ക് രാഷ്ട്രീയ പ്രവേശനത്തിനായുള്ള മാര്‍ഗ്ഗദര്‍ശനത്തില്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികളും ആവിഷ്‌കരിച്ചു വരുന്നുണ്ട്.
? അമേരിക്കയിലെ നമ്മുടെ യുവതലമുറ മലയാളി സംഘടനകളോട് പൊതുവെ വിമുഖത കാണിക്കുന്നതായാണല്ലോ കണ്ടു വരുന്നത്. യുവാക്കളെ കൂടുതലായി എങ്ങനെയാണു ഫോമാ പോലെയുള്ള സംഘടനകള്‍ ഉള്‍ക്കൊള്ളിക്കുന്നത്…
- അത് ശരിയാണ്. യുവാക്കളെ മലയാളി സംഘടനകളിലേക്ക് കൂടുതലായി ആകര്‍ഷികേണ്ടത് അത്യന്താപേക്ഷിതമാണ്. മുന്‍പൊക്കെ ദേശിയ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ യുവാക്കളുടെ വലിയ സാന്നിധ്യമുണ്ടാക്കുമായിരുന്നു. അതൊക്കെ തിരികെ കൊണ്ടു വരണം പല മലയാളി സംഘടനകളിലും അധികാരത്തിനായി നടക്കുന്ന കിടമത്സരങ്ങള്‍ യുവാക്കളെ നിരുത്സാഹപ്പെടുന്നുണ്ടാകാം. യുവതലമുറക്കായി നല്ലൊരു പ്ലാറ്റഫോം ഒരുക്കി അവര്‍ക്കു ഉപകാരപ്രദമായ പ്രോഗ്രാമുകള്‍, അതായത് കരിയര്‍ ഫെസ്റ്റ്, കുട്ടികള്‍ക്കായി സ്‌പെല്ലിങ് ബീ, ക്വിസ് മുതലായ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ യുവതലമുറ ഉറപ്പായും നമ്മുടെ കുടകീഴിലേക്കു വീണ്ടും വരുമെന്നാണ് പ്രതീക്ഷ. യുവാക്കള്‍ക്കായി നിലകൊളുന്നു എന്ന് പറഞ്ഞിട്ട് സംഘടനകള്‍ ബഡ്ജറ്റില്‍ അവര്‍ക്കു വേണ്ടി നയാ പൈസ നീക്കി വെക്കാതെ, വാചകക്കസര്‍ത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കിയാല്‍ യുവാക്കളുടെ സഹകരണം നമ്മള്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അവര്‍ക്കു പ്രയോജനകരമായ പരിപാടികള്‍ കൊണ്ടുവരിക തന്നെ ചെയ്യണം.
? അമേരിക്കയിലെ സംഘടനാ നേതാക്കളില്‍ ഏറ്റവും ജനകീയനായ വ്യക്തിത്വങ്ങളിലൊരാളാണല്ലോ ശ്രീ അനിയന്‍ ജോര്‍ജ്. സമൂഹത്തിലെ നാനാതുറകളിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വലിയ സുഹൃത് വലയവും വ്യക്തിബന്ധങ്ങളും എങ്ങനെ കത്ത് സൂക്ഷിക്കുന്നു…
- ചെറുപ്പം മുതലേ നല്ല സുഹൃദബന്ധങ്ങള്‍ എപ്പൊഴും കൂട്ടിനുണ്ട്. അതൊരു മുതല്‍ക്കൂട്ടായി കരുതുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയില്‍ കൂട്ടുകാരുടെ സാന്നിധ്യമില്ലാത്ത സമയമുണ്ടായിരുന്നില്ല. നല്ല സുഹൃത്ത് ബന്ധങ്ങള്‍ക്കായുള്ള വലിയ ഭാഗ്യം എപ്പൊഴും ലഭിച്ചിട്ടുണ്ട്. സമൂഹത്തിലെ പല പ്രമുഖരേയും പരിചയപ്പെടുമ്പോള്‍ സൗഹൃദത്തിന്റെ ഒരു കെമിസ്ട്രി എങ്ങനെയോ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജുമായി വളരെ വര്‍ഷങ്ങളായി അടുത്ത പരിചയമുണ്ട്. ഗായകര്‍ എം.ജി ശ്രീകുമാര്‍, വേണുഗോപാല്‍ ഉള്‍പ്പെടെ പല പ്രമുഖരുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ട്. ഇതൊക്കെ ഒരു ഭാഗ്യമായി കരുതുന്നു. നാട്ടില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ സ്‌റ്റേറ്റ് സെക്രട്ടറി ആയി പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ വലിയ കൂട്ടായ്മയുടെ ഭാഗമാകാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചിരുന്നു.
? അനിയന്‍ ജോര്‍ജ് ഫോമയുടെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ഫോമയും ഫൊക്കാനയില്‍ തമ്മിലുള്ള യോജിപ്പിനുള്ള എന്തെങ്കിലും സാധ്യത കാണുന്നുണ്ടോ…
- ഫോമയും ഫോകാനയും ഇപ്പോള്‍ രണ്ടു രീതിയിലുള്ള പ്രവര്‍ത്തന ശൈലിയുമായല്ലേ മുന്നോട്ടു പോകുന്നത്. ഫൊക്കാനയില്‍ നിന്നും വ്യത്യസ്തമായി ഫോമാ അമേരിക്കന്‍ മലയാളികളുടെയൊപ്പം നമ്മുടെ ജന്മനാടായ കേരളത്തിലുമുള്ള ജീവരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം കൊടുത്താണ് പ്രവര്‍ത്തിച്ചു പോരുന്നത്. ഫോമാ-ഫൊക്കാന യോജിപ്പിനെ പറ്റി സംസാരിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഉണ്ട് എന്ന് തോന്നുന്നില്ല. അങ്ങനെ ഒരു അവസ്ഥ വന്നാല്‍ അപ്പോള്‍ പരിഗണിക്കാം.
? ഫോമാ പ്രസിഡന്റ് പദവിയില്‍ എത്തി നില്‍ക്കുന്ന സംഘടനാ നേതൃപാടവത്തിലും അംഗീകാരമികവിലും കുടുംബത്തിന്റെ പിന്തുണ എത്രത്തോളമുണ്ട്…
- സംഘടനാപ്രവര്‍ത്തനത്തില്‍ ഭാര്യ സിസിയുടേയും മകന്‍ കെവിന്റെയും അകമഴിഞ്ഞ പിന്തുണ വലിയ ഭാഗ്യമായി കരുതുന്നു. കുടുംബവും സംഘടനാപ്രവര്‍ത്തവും ഒരുമിച്ചു കൊണ്ടുപോവുക വളരെ ശ്രമകരമാണെന്നിരിക്കെ കുടുംബത്തിന്റെ പിന്തുണക്കു എപ്പൊഴും കടപ്പെട്ടിരിക്കുന്നു. അമ്മയെയും, അച്ചാച്ചനെയും സന്ദര്‍ശിക്കുവാന്‍ നാട്ടില്‍ വര്‍ഷത്തില്‍ അഞ്ചു പ്രാവശ്യം പോകേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ പോലും ഒരിക്കലും സിസ്സി എതിര്‍പ്പ് പറഞ്ഞിട്ടില്ല. എന്റെ പാത പിന്തുടര്‍ന്ന് അറ്റോര്‍ണിയായ മകന്‍ കെവിനും പൊതുരംഗത്തു കൂടുതല്‍ സജീവമാകാന്‍ താല്പര്യമുണ്ട്.
? പൊതു പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും റോള്‍ മോഡലുണ്ടോ…
- വലിയ പ്രചാരണങ്ങള്‍ക്കും പബ്ലിസിറ്റിക്കുമൊന്നും കാത്തു നില്‍ക്കാതെ ആത്മാര്‍ഥത മാത്രം കൈമുതലാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരും എനിക്ക് റോള്‍ മോഡലാണ്. ഉദാഹരണത്തിന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായി ശ്രീ ദിലീപ് വര്‍ഗീസ്. കൊച്ചിയിലെ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലം അദ്ദേഹം ചാരിറ്റിക്കായി സംഭാവന ചെയ്തത് അടുത്ത സുഹൃത്തായ എനിക്ക് പോലും അറിയില്ലായിരുന്നു . അങ്ങനെയുള്ള ആളുകളാണ് എനിക്ക് റോള്‍ മോഡല്‍.
? സംഘടനാ നേതാക്കളില്‍ വലിയ ഗ്ലാമര്‍ പരിവേഷമുള്ള നേതാവാണ് താങ്കള്‍ എങ്ങനെയാണു യുവത്വം നിലനിര്‍ത്തുന്നത്…
- നന്നായി ഉറങ്ങുക, ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, എപ്പൊഴും സന്തോഷവാനായിരിക്കാന്‍ ശ്രമിക്കുക. എത്ര തിരക്കിലും ഒരു മിനിറ്റ് കണ്ണടച്ചാല്‍ എനിക്ക് ഉറങ്ങാന്‍ സാധിക്കും. അത് പോലെ വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന ശീലവും ഇല്ല. ഇതൊക്കെയായാകാം യുവത്വം നിലനില്‍ക്കാന്‍ കാരണം…
അനിയന്‍ ജോര്‍ജ് പറഞ്ഞു നിര്‍ത്തി…അദ്ദേഹത്തിന് ‘ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്’ എല്ലാ ഭാവുകങ്ങളും നേരുന്നു.