THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ജനപക്ഷ പ്രവര്‍ത്തന സമ്പത്തുമായി റോബിന്‍ ഇലക്കാട്ട് മിസ്സോറി സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി

ജനപക്ഷ പ്രവര്‍ത്തന സമ്പത്തുമായി റോബിന്‍ ഇലക്കാട്ട് മിസ്സോറി സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി

ബ്ലെസന്‍ ഹൂസ്റ്റന്‍

adpost

ഹൂസ്റ്റന്‍: ടെക്‌സാസ് സംസ്ഥാനത്തേക്കുള്ള മിസ്സോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് മലയാളിയായ റോബിന്‍ ഇലക്കാട്ട് മത്സരിക്കുന്നു. ഇതേ സിറ്റിയില്‍ കൗണ്‍സില്‍മാനായി മൂന്ന് പ്രാവശ്യം വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പരിചയവും ജനസമ്മതിയുമാണ് റോബിന്‍ ഇലക്കാട്ട് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രധാന കാരണം. സിറ്റി കൗണ്‍സില്‍മാനായിരുന്ന വേളകളില്‍ അദ്ദേഹം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതില്‍ കൂടി ഏറെ ജനസമ്മതി നേടുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലൂടെ സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ റോബിന് ഏറെ പ്രതീക്ഷയുണ്ട്, വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുമെന്ന്. പാര്‍ക്ക് ആന്റ് റിക്രിയേഷന്റെ ചുമതലകളാണ് സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം വഹിച്ചത്. തുടക്കത്തില്‍ തന്നെ ഏറെ മികവ് പ്രകടിപ്പിച്ച പ്രവര്‍ത്തനമായിരുന്നു റോബിന്റേത്.

adpost

സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന് കൂടുതല്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചു. ഓരോ പ്രാവശ്യം തിരഞ്ഞെടുക്കപ്പെടുമ്പോഴും പ്രവര്‍ത്തന മികവ് കൂട്ടാന്‍ റോബിനു കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ തുടക്കം കുറിച്ചുകൊണ്ട് സിറ്റി കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച റോബിന്‍ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു.

സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം പോലീസ് മിനിസ്റ്റേഷന്‍ നിര്‍മ്മിക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സിറ്റി കൗണ്‍സില്‍മാനായിരുന്നപ്പോള്‍ സാധിച്ചുയെന്നതാണ് ഒരു വസ്തുത. തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം തിരഞ്ഞെടുക്കപ്പെടുകയും ഓരോ പ്രാവശ്യവും ഭൂരിപക്ഷം വര്‍ദ്ധിക്കുകയും ചെയ്തത് അതിന്റെ ഉദാഹരണമാണ്. യുവത്വത്തിന്റെ പ്രസരിപ്പും കര്‍മ്മോത്സുകതയും കാഴ്ചവച്ചുകൊണ്ടുള്ള റോബിന്റെ പ്രവര്‍ത്തനം ശ്രദ്ധ നേടുകയും ഏറെ ജനസമ്മതിയുണ്ടാക്കുകയും ചെയ്തു.

പ്രതീക്ഷയോടെ ജനങ്ങള്‍ അദ്ദേഹത്തില്‍ രാഷ്ട്രീയഭാവി കാണുന്ന അവസരത്തിലാണ് റോബിന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും പൊതു പ്രവര്‍ത്തനത്തില്‍ നിന്നും പൊടുന്നനെ മാറി നില്‍ക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. റോബിന്റെ ഈ തീരുമാനം അടുത്തറിയാവുന്നവര്‍ക്കു പോലും അതിശയവും അംഗീകരിക്കാന്‍ കഴിയാത്തതുമായിരുന്നു. ഈ പിന്മാറ്റത്തിന് അദ്ദേഹം പറയുന്ന കാരണം കുടുംബത്തോടും ബിസിനസ്സിലും കൂടുതല്‍ സമയം ചെലവഴിക്കുകയെന്നായിരുന്നു.

ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഹൂസ്റ്റനിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം സ്വന്തമായി ബിസിനസ് എന്ന ആശയം രൂപപ്പെടുത്തിയത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു അദ്ദേഹത്തിന്റെ ബിസിനസ്സ്. ഏതാനും വര്‍ഷങ്ങള്‍ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തു നിന്നും മാറി നിന്നു കൊണ്ട് ബിസിനസ്സ് രംഗം വിപുലീകരിക്കുകയും ചെയ്ത റോബിന്‍ ഇന്ന് ബിസിനസ്സ് രംഗത്തും വിജയം കൈവരിച്ച വ്യക്തിത്വത്തിനുടമയാണ്.

ഇങ്ങനെ ബിസിനസ്സില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്ന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുടെയും ആവശ്യവും അഭ്യര്‍ത്ഥനയുമുണ്ടാകുന്നത്. ഒപ്പം നേരത്തെ പാതിവഴിയില്‍ നിര്‍ത്തിവച്ച പൊതുപ്രവര്‍ത്തനവും വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ആവശ്യവും ഇക്കുറി കൗണ്‍സില്‍മാന്‍ എന്ന നിലയ്ക്കല്ല മറിച്ച് പണ്ട് കൗണ്‍സില്‍മാനായി മത്സരിച്ചു വിജയിച്ച സീറ്റില്‍ മേയറാകുകയെന്ന ആവശ്യവും അഭ്യര്‍ത്ഥനയും.

അതിനും പല കാരണമുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം മേയറായിരുന്ന വ്യക്തിയെ തോല്‍പ്പിച്ച് നിലവിലുള്ള മേയല്‍ വിജയിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്തായി മാറി. മേയറെന്ന നിലയ്ക്ക് പൂര്‍ണ്ണ വിജയം കൈവരിക്കാന്‍ ഇപ്പോഴുള്ള മേയര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ച് റോബിനോട് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെടുകയും ചെയതവരില്‍ ഇപ്പോഴുള്ള കൗണ്‍സില്‍ അംഗങ്ങളുമുണ്ട്. അങ്ങനെ ഏവരുടെയും ആവശ്യവും അഭ്യര്‍ത്ഥനയും കണക്കിലെടുത്ത് സിറ്റിയുടെ നഷ്ട പ്രതാപം വീണ്ടെടുക്കാനായി റോബിന്‍ മിസ്സോറി സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.

മത്സരരംഗത്ത് നിലവിലെ മേയറോടൊപ്പം മത്സരിക്കുകയാണെങ്കിലും അദ്ദേഹത്തിന് ആത്മവിശ്വാസം ഏറെയുണ്ട്. കാരണം കൗണ്‍സില്‍മാനായി പ്രവര്‍ത്തിച്ചതിന്റെയും നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെയും ആത്മ ധൈര്യം തന്നെയാണ്. മറ്റു പല കാരണം കൂടിയുണ്ട് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍. വികസന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സിറ്റിക്കു പൊതുവായും ജനങ്ങള്‍ക്ക് പ്രയോജനപ്രദവുമായി നടത്തുകയെന്നതാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സിറ്റിയെന്ന നിലയ്ക്ക് മിസ്സോറി സിറ്റിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കാനുണ്ട്. സംരംഭങ്ങല്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കിക്കൊണ്ട് വന്‍ വളര്‍ച്ച സിറ്റിക്ക് കൈവരിക്കാന്‍ തനിക്ക് മേയറായി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ സാധിക്കുമെന്ന് റോബിന്‍ പറയുന്നു.

കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശക്തമായ നേതൃത്വം സിറ്റിക്കുണ്ടാകണം. കരുത്തുറ്റതും ക്രിയാത്മകവുമായതും ലക്ഷ്യപ്രാപ്തിയോടെയുള്ള നേതൃത്വത്തിന് കഴിയും. മുമ്പ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയവും മറ്റുമുള്ളതു കൊണ്ട് ഏതൊക്കെ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ വികസനത്തിന് വളര്‍ച്ച കൈവരിക്കാമെന്ന് ബോദ്ധ്യമുണ്ട്. അടിയന്തിരമായും ആവശ്യമായതുമായ പദ്ധതികള്‍ ഏതെന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ട് അതിന് രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. അത് പൂര്‍ണ്ണതയിലെത്തിക്കണമെങ്കില്‍ ജനങ്ങലുടെ പരിപൂര്‍ണ്ണ പിന്തുണ ആവശ്യമാണ്. അവരുടെ സഹായസഹകരണങ്ങള്‍ അത്യാവശ്യമാണ്.

ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പദ്ധതികള്‍ സിറ്റികളില്‍ ഉണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അറിവ് പൊതുജനങ്ങള്‍ക്കോ വ്യവസായികള്‍ക്കോ ഇല്ല. ഈ സിറ്റിയില്‍ മലയാളികള്‍ നിരവധി വ്യവസായ സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഇങ്ങനെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഉള്ള പദ്ധതികള്‍ക്ക് അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും റോബി ഉറപ്പിച്ചു പറയുന്നു.

ഒരാള്‍ക്ക് എത്ര പ്രാവശ്യം വേണമെങ്കിലും മേയറായി തിരഞ്ഞെടുക്കപ്പെടാമെന്നതാണ് മിസ്സോറി സിറ്റിയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേകത. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് രണ്ട് പ്രാവശ്യമായി നിജപ്പെടുത്തുമെന്ന് റോബിന്‍ പറയുന്നു. സിറ്റി കൗണ്‍സിലില്‍ ഉണ്ടായിരുന്ന വേളയില്‍ അതിനൊരു ശ്രമം നടത്തിയെങ്കിലും അത് പൂര്‍ണ്ണ വിജയത്തിലെത്തിയല്ല. മേയറിന്റെ അധികാര പദവിയില്‍ കൂടി അത് സാധിക്കാമെന്ന് റോബിന്‍ കരുതുന്നു.

ഇങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ അധികാരം ഒരാള്‍ക്ക് കുറെക്കാലത്തേക്ക് കൈയിലിരിക്കുകയെന്നതിന് മാറ്റം ഉണ്ടാകുകയെന്നതാണ്. അധികാരം കൂടുതല്‍ പേരിലെത്തുകയും കൂടുതല്‍ അവസരങ്ങള്‍ പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പേര്‍ക്കുമുണ്ടാകാനുമാണ് ഇതിന്റെ ലക്ഷ്യം. അധികാരത്തില്‍ കടിച്ചു തൂങ്ങുന്നവര്‍ക്ക് ഈ തീരുമാനം അത്ര സുഖകരമാകില്ലെങ്കിലും ഇത് ഒരു മാറ്റത്തിന് തുടക്കം കുറിക്കും. അങ്ങനെ ഏറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയാണ് റോബിന്റെ ലക്ഷ്യം.

നന്നെ ചെറുപ്പത്തില്‍ തന്നെ അമേരിക്കയില്‍ എത്തിയ റോബന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ചിക്കാഗോയിലായിരുന്നു. ബിരുദാനന്തര ബിരുദത്തിനു ശേഷം ന്യൂയോര്‍ക്കിലും താമസിച്ച ശേഷമാണ് ടെക്‌സാസിലെ മിസ്സോറി സിറ്റിയില്‍ സ്ഥിരതാമസമാക്കുന്നത്. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഹൂസ്റ്റനിലെ സ്ഥാപകരിലൊരാളാണ് റോബിന്‍. ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്.

കോളനി ലെക്ക്‌സ് ഹോം ഓണേഴ്‌സ് അസ്സോസിയേഷന്‍ ബോര്‍ഡ് അംഗമായി പൊതുപ്രവര്‍ത്തനം തുടങ്ങിയ റോബിന്‍ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടര്‍ന്നാണ് മിസ്സോറി സിറ്റിയുടെ ഭരണരംഗത്തേക്ക് ചുവടു വയ്ക്കുന്നത്. കോട്ടയം ജില്ലയില്‍ കുറുമള്ളൂര്‍ ഇലക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും പുത്രനാണ് റോബിന്‍ ഇലക്കാട്ട്. ഫിസിഷ്യന്‍ അസിസ്റ്റന്റായ റ്റീനയാണ് ഭാര്യ. ലിയ, കേറ്‌ലിന്‍ എന്നവരാണ് മക്കള്‍.

മലയാളികള്‍ ഏറെയുള്ള സിയന്നാ, റിവര്‍ സ്റ്റോണ്‍, ലേയ്ക്ക് ഷോര്‍ ഹാര്‍ബര്‍ ലേക്ക് ഒളിമ്പിയ തുടങ്ങിയ സബ് ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് മിസ്സോറി സിറ്റി. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് റോബിന്‍. ആദ്യമായാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റോബിനില്‍ കൂടിയാണ് ഒരു മലയാളി ആധ്യമായി ഈ സിറ്റിയില്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മലയാളികളുടെ പൂര്‍ണ്ണ പിന്തുണ ഇതിനോടകം കിട്ടിയത് റോബിനില്‍ ആത്മവിശ്വാസം ഉളവാക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ ചിന്താഗതിക്കാരനാണ് റോബിനെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും സഹകരണം കിട്ടുന്നുണ്ട്. മിസ്സോറി സിറ്റിയില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല മേയര്‍ തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇതിനോടകം എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കഴിഞ്ഞു.

കൊറോണയുടെ പിടിയില്‍ നാടമര്‍ന്നപ്പോള്‍ തിരഞ്ഞെടുപ്പ് രംഗവും കര്‍ശന നിബന്ധനകളില്‍ കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയായും മറ്റും സജീവമായിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ നേരില്‍ കാണാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും കഴിയാത്തതില്‍ അദ്ദേഹത്തിന് ദു:ഖമുണ്ട്. എന്നാലും ഫോണിലൂടെയും സോഷ്യല്‍ മീഡിയയില്‍ കൂടിയും അതിനു പരിഹാരം കണ്ടെത്തുന്ന തിരക്കിലാണ് റോബിന്‍. വിജയം ഉറപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ട് പോകുമ്പോള്‍ ഏവരുടെയും സഹായസഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com