കോണ്‍ഗ്രസിലെ എക്കാലത്തെയും ജനപ്രിയ മുഖമാണ് കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിരവധി പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തിലേക്കു കൊണ്ടുവന്ന രമേശ് ചെന്നിത്തലയും തന്റെ പ്രതിഛായ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുമെന്ന വാര്‍ത്ത ഏറെ സന്തോഷജനകമാണ്. അതേസമയം ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഗൗരവതരമായ നിര്‍ദ്ദേശങ്ങളിലാണ് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ ഉള്ളത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെയായിരിക്കും യു.ഡി.എഫ് ഗോദയിലിറക്കുക. സ്ത്രീകള്‍ക്കും അവശ, ദുര്‍ബല വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയമാവും നടക്കുക. വിജയ സാധ്യതയ്ക്ക് ജനബന്ധത്തിനും സാമൂദായിക പ്രാതിനിധ്യത്തിനുമാകണം മുഖ്യ പരിഗണനയെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ചര്‍ച്ചയില്‍ സീനിയര്‍ വര്‍ക്കിങ്ങ് കമ്മറ്റി അംഗം എ.കെ ആന്റണിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും പങ്കെടുത്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടര്‍ച്ച തടയാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന അത്യന്തം ഗൗരവമുള്ള കല്‍പ്പനയാണ് ഹൈക്കമാന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഈ സുപ്രധാന മീറ്റിംഗിന്റെ അജണ്ടയില്‍ നിന്നും വായിച്ചെടുക്കാം. തന്റെ ഇതപര്യന്തമുള്ള പൊതു പ്രവര്‍ത്തനത്തിലൂടെ ജനകീയ മുഖം കാഴ്ചവച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ സജീവമായ പ്രവര്‍ത്തനം കേരളം ഇനിയും ആഗ്രഹിക്കുന്നു എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞതിന്റെ സൂചനകളാണിത്.
അതേസമയം പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്നുകൊണ്ട് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ ഈ മാസം 31ന് കാസര്‍ഗോഡു നിന്ന് ആരംഭിക്കുകയാണ്. ‘സംശുദ്ധം, സത്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഫെബ്രുവരി 22ന് രമേശിന്റെ യാത്ര തിരുവനന്തപുരത്ത് സമാപിക്കും. അതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി നേരിട്ട പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും തിരുത്തല്‍ പ്രക്രിയ നടത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും കടിഞ്ഞാണ്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകളില്‍ ഹൈക്കമാന്‍ഡ് ആത്മവിശ്വാസത്തോടെ ഏല്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം. ജോസ് കെ മാണി മുന്നണി വിട്ടതോടെ കൊഴിഞ്ഞ വോട്ടര്‍മാരെ മടക്കി യു.ഡി.എഫ് ക്യാമ്പിലെത്തിക്കുക… പിണങ്ങി നില്‍ക്കുന്ന വിവിധ വിഭാഗങ്ങളെ ഒപ്പമാക്കുക… ജോസ്-സി.പി.എം സഖ്യത്തോടെ മാറ്റം വന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നിര്‍ണയം… കോട്ടയം, വൈക്കം, പുതുപ്പള്ളി എന്നീ സ്ഥിരം മണ്ഡലങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസിന് എത്ര സീറ്റുകൂടി മത്സരിക്കാന്‍ കിട്ടുമെന്നത്… വര്‍ഷങ്ങളായി കാത്തിരിക്കുന്ന രണ്ടാം നിര… മൂന്നാംനിര നേതാക്കള്‍ക്കും യുവജനങ്ങള്‍ക്കും അവസരം നല്‍കല്‍… ഗ്രൂപ്പുപോര് പരിഹരിക്കല്‍.
കോണ്‍ഗ്രസ് കേരള ഘടകത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നത് പാര്‍ട്ടി അണികള്‍ മാത്രമല്ല, യു.ഡി.എഫ് ഘടക കക്ഷികളും മുന്നണിയുടെ സഹയാത്രികരും നിഷ്പക്ഷരും ചില ജാതിമത സംഘടനകളും ഒക്കെയാണ്. കേരളത്തിന്റെ കോണ്‍ഗ്രസ് പാരമ്പര്യ കുടുംബത്തില്‍ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മന്‍ ചാണ്ടി എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
ഇത്തരത്തില്‍ മറ്റു സമുദായ നേതാക്കന്മാരുടെ അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞു വരാനിരിക്കുന്നതേയുള്ളു. ഏതായാലും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡ് നടത്തിയ അവസരോചിതമായ ഇടപെടല്‍ പോസിറ്റീവായ ഒരു റിസല്‍റ്റ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ നീക്കങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൃത്തങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിണറായി സര്‍ക്കാരിന്റെ പോരായ്മകള്‍ കേരളീയ ജനതയ്ക്കു മുമ്പില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ പറ്റാത്തതു കൊണ്ടാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്ന് പോയതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ പറ്റുന്ന കവചമായി കോണ്‍ഗ്രസ് നേതാക്കളുടെ ഒരുമ അത്യാവശ്യമാണ്. ആ കൂട്ടായ്മ ഉണ്ടാക്കാന്‍ ഏറ്റവും പറ്റിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. തന്റെ നിസ്തുലമായ കോണ്‍ഗ്രസ് പ്രവര്‍ത്തന സപര്യയില്‍ ഉമ്മന്‍ ചാണ്ടി വഹിക്കാത്ത പദവികള്‍ ഒന്നും തന്നെ ബാക്കിയില്ല.
ഇനി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രക്ഷാകര ദൗത്യമാണ് ഉമ്മന്‍ ചാണ്ടിയുടെ ചുമലില്‍ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിട്ടുള്ളത്. അത് നിര്‍വഹിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം തന്റെ പ്രായം ഒരു പ്രശ്‌നവുമല്ല. വലം കൈയായി രമേശ് ചെന്നിത്തലയും ഉള്ളപ്പോള്‍ നേട്ടം യു.ഡി.എഫ് കോട്ടയില്‍ തന്നെ എന്ന് ഉറപ്പിക്കാനുള്ള ദിനങ്ങളാണ് ഇനി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ജനബന്ധമുള്ള നേതാക്കളില്‍ ഇന്നും ഉമ്മന്‍ ചാണ്ടി തന്നെയാണ് ഒരുപാട് മുഴം മുന്നില്‍ നില്‍ക്കുന്നത്. ആദര്‍ശത്തിന്റെ പരിവേഷം ഉള്ള എ.കെ ആന്റണിയും കൂട്ടത്തിലുണ്ടല്ലോ.
കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതാദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടര്‍ച്ച നേടും എന്ന ശക്തമായ പ്രചാരണവും തോന്നലുമാണ് ഇപ്പോള്‍ എല്ലാത്തരത്തിലുമുള്ള ഗ്രൂപ്പു വൈരവും മറ്റും മറന്ന് കൂട്ടായ നേതൃത്വം എന്ന അനിവാര്യമായ ആശയത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് കൊണ്ടു വന്നത്. പാര്‍ട്ടിയിലെ എല്ലാ ഗ്രൂപ്പ് അധിപന്മാര്‍ക്കും പ്രാതിനിധ്യം നല്‍കിയും ജില്ലാതലങ്ങളില്‍ അഭിപ്രായ സമന്വയത്തോടെയുള്ള അഴിച്ചുപണികള്‍ നടത്തിയും വരുന്ന മെയ്മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാടാനുള്ള കരുത്ത് നേടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.
വാല്‍ക്കഷണം
ആരായിരിക്കും യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന ചോദ്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാരെല്ലാം തല്‍ക്കാലം അവഗണിക്കുന്നതായാണ് കാണുന്നത്. അതിനര്‍ഥം ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്തിക്കൊണ്ടായിരിക്കില്ല കോണ്‍ഗ്രസും യു.ഡി.എഫും വരുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇപ്പോള്‍ അവലംബിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഐക്യജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്ന പശ്ചാത്തലത്തില്‍ എം.എല്‍.എമാരുമായി കൂടി ആലോചിച്ചായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
ഉചിതമായ ഒരു തീരുമാനത്തിനാണ് ഹൈക്കമാന്‍ഡ് ഇവിടെ കൃത്യമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. എന്തായാലും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രഭാവലയത്തിലായിരിക്കും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നിക്ക് വിയര്‍പ്പൊഴുക്കേണ്ടിവരും.