THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 25, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ജനമനസുകളില്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ താരമായി കെ സുധാകരന്‍; മുല്ലപ്പള്ളി യുഗം അവസാനിക്കുന്നുവോ..? കർണാടകത്തിന് ഡികെയെങ്കിൽ ...

ജനമനസുകളില്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ താരമായി കെ സുധാകരന്‍; മുല്ലപ്പള്ളി യുഗം അവസാനിക്കുന്നുവോ..? കർണാടകത്തിന് ഡികെയെങ്കിൽ കേരളത്തിന്റെ പടനായകനായി കെ എസ് !!!

adpost

adpost

ജെയിംസ് കൂടല്‍

കേരള രാഷ്ട്രീയം കഴിഞ്ഞ 24 മണിക്കൂറായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം കോണ്‍ഗ്രസിന്റെ സമുന്നത നേതാവും എം.പിയുമായ കണ്ണൂരിലെ കരുത്തുറ്റ സാന്നിദ്ധ്യം കെ. സുധാകരനെ കുറിച്ചാണ്. അദ്ദേഹം നടത്തിയ ‘ചെത്തുകാരന്‍’ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ആണ്. ഇന്നീ നിമിഷം വരെയും താന്‍ നടത്തിയ പ്രസ്ഥാവനയില്‍ കെ. സുധാകരന്‍ എന്ന ജനപ്രതിനിധി ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

തുടക്കത്തില്‍ തന്നെ പറയട്ടെ, ‘ചെത്തുകാരന്‍’ എന്നത് ഒരിക്കലും ഒരു ജാതിപ്പേരല്ല. മറിച്ച് ഒരു വിഭാഗം ജനങ്ങള്‍ ജീവിതമാര്‍ഗമായി സ്വീകരിച്ച തൊഴിലിനെ സൂചിപ്പിക്കാന്‍ സമൂഹം അംഗീകരിച്ച തൊഴില്‍പ്പേരാണത്. മുഖ്യമന്ത്രി പിണറായി വിജയനെ കെ. സുധാകരന്‍ ചെത്തുകാരന്‍ എന്നു വിളിച്ചു എന്നതാണ് വലിയ ആക്ഷേപമായി ഉയര്‍ന്നു വന്നിട്ടുള്ളത്. അതിന് അദ്ദേഹം പറഞ്ഞ മറുപടി എന്താണെന്നു പരിശോധിച്ചു കൊണ്ട് നമുക്ക് കാര്യത്തിലേക്ക് കടക്കാം.

”പിണറായി വിജയന്റേത് ചെത്തുതൊഴിലാളി കുടുംബമായിരുന്നു. അവിടെ നിന്ന് തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായി ചെങ്കൊടിയേന്തി പാവപ്പെട്ടവര്‍ക്കു വേണ്ടി സമരം ചെയ്തു വളര്‍ന്നു വന്നു. അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണാധികാരിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു. ആ സാഹചര്യങ്ങളും അതിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ വികാരങ്ങളും വിചാരങ്ങളും തൊഴിലാളി വര്‍ഗത്തിന് അനുസൃതമാണോ എന്നാണ് ഉദ്ദേശിച്ചത്…” സുധാകരന്‍ പറഞ്ഞു.

തൊഴിലാളി വര്‍ഗ നേതാവിന്റെ വളര്‍ച്ചയില്‍ നാമൊക്കെ അഭിമാനിക്കുന്നു. നേതാവിന്റെ വളര്‍ച്ച പാരമ്യതയിലെത്തുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് പ്രതീക്ഷയുണ്ടാവും. അത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം വിനിയോഗിച്ചോ, അതോ സ്വന്തം സുഖസൗകര്യങ്ങള്‍ക്കും കുടുംബ ഭദ്രതയ്ക്കും ഈ വളര്‍ച്ചയും വികാസവും ഭരണസ്വാധീനവും ഉപയോഗപ്പെടുത്തിയോ എന്നതാണ് പറഞ്ഞതിന്റെ സാംഗത്യമെന്ന് ആവര്‍ത്തിച്ച് കെ. സുധാകരന്‍ ചോദിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെടാന്‍ യോഗ്യതയുള്ള കെ. സുധാകരന്റെ വാക്കുകളെ അത്രമേല്‍ തള്ളിക്കളയാനാവില്ല. കണ്ണൂരില്‍ സി.പി.എം മേധാവിത്വത്തിന്റെ ശാരീരികവും മാനസികവുമായ മുറകള്‍ക്ക് മറുപടി പറയുന്ന ചങ്കൂറ്റമുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണ് കെ. സുധാകരന്‍. ചില കാലങ്ങളില്‍ അദ്ദേഹം ഒറ്റയാനായി സഞ്ചരിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തു പകരാന്‍ കെ. സുധാകരന് എന്തു കൊണ്ടും സാധിക്കുമെന്ന അഭിപ്രായം ഉരുത്തിരിഞ്ഞ വേളയിലാണ് ഈ വിവാദം ഉടലെടുത്തത്.

കെ.പി.സി.സിയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ കടമകള്‍ എത്രമാത്രം നിര്‍വഹിച്ചു എന്ന പശ്ചാത്തലത്തില്‍ വേണം കെ. സുധാകരന്റെ അനുദിനമുള്ള പ്രസ്താവനകളെ വിലയിരുത്താന്‍ പിണറായി വിജയനെ ചെത്തുകാരന്‍ എന്നു വിളിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള ജാതീയ അധിക്ഷേപം ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായിട്ടും നീതിന്യായ കോടതിക്ക് സ്വമേധയാ ഒരു കേസിന്റെ വലുപ്പത്തില്‍ പരിഗണിക്കാവുന്നതാണ്.

അതേസമയം ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു തന്നെ പിണറായി വിജയന്‍ ‘പരനാറി’, ‘നികൃഷ്ട ജീവി’, ‘കുലംകുത്തി’ എന്നുള്ള പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ മാപ്പു പറയണം എന്ന ആവശ്യങ്ങളൊന്നും ആ കാലഘട്ടങ്ങളിലൊന്നും നടന്നിട്ടില്ല. അത്രയൊന്നും രൂക്ഷമല്ലാത്ത ഒരു പ്രയോഗത്തില്‍ കെ. സുധാകരന്‍ മാപ്പു പറയണമെന്ന ആവശ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല.

എന്നാല്‍ കെ. സുധാകരന്റെ ചങ്കൂറ്റത്തിനു മുമ്പില്‍ സൈബര്‍ ഇടങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഇരട്ടച്ചങ്കനായ പിണറായി വിജയനെ വെല്ലാന്‍ കോണ്‍ഗ്രസിന്റെ തട്ടകങ്ങളില്‍ നിന്ന് ധൈര്യമുള്ള ഒരു വ്യക്തി ഉദയം ചെയ്തു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ സുധാകരനെ മാലയിട്ടു സ്വീകരിക്കുന്നത്.

പിണറായി വിജയനെതിരെ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കെ സുധാകരനെ തള്ളിപ്പറയുമ്പോഴും സുധാകരന് പിന്തുണയുമായി സാമൂഹ്യ മാധ്യമങ്ങളിലെ കോണ്‍ഗ്രസ് അനുഭാവികള്‍ രംഗത്തുണ്ട് എന്നത് ശ്രദ്ധേയമാണ്. സുധാകരന്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ മെറിറ്റ് ചര്‍ച്ച ചെയ്യാതെ പ്രസ്താവന വിവാദമാക്കുന്നതിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതിഷേധമുള്ളത്.

കണ്ണൂരില്‍ സി പി എമ്മുമായി നേര്‍ക്കുനേര്‍ നിന്നു പോരാടുന്ന സുധാകരനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മറ്റു ചില താല്‍പര്യങ്ങള്‍ ഉള്ളതിനാലാണെന്നാണ് വിമര്‍ശനം. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലശേരിയില്‍ എത്തിയപ്പോഴായിരുന്നു സുധാകരന്റെ പ്രസംഗം. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞ് വിവാദമാക്കാനായി ഈ പ്രസംഗം ടെക്സ്റ്റ് അടക്കം ചിലര്‍ ചാനലുകളില്‍ എത്തിക്കുകയായിരുന്നു.

‘സുധാകരന് ജാതിവെറി’ എന്ന തലക്കെട്ടിട്ട് പല ചാനലുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ചില താക്കളാകട്ടെ സുധാകരനെ കടന്നാക്രമിക്കുകയും ചെയ്തു. സി.പി.എമ്മുകാരെക്കാള്‍ കോണ്‍ഗ്രസുകാരായിരുന്നു സുധാകരനെ ആക്രമിക്കാന്‍ മുന്‍പന്തിയില്‍ നിന്നത്. ഷാനിമോള്‍ ഉസ്മാനും പന്തളം സുധാകരനുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ സുധാകരനെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഇവര്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വളര്‍ന്നുവന്നതില്‍ സുധാകരന്റെ പങ്കറിയാതെ വിമര്‍ശിക്കരുതെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം.

പിണറായി വിജയനെതിരെ സുധാകരന്‍ നടത്തിയ പ്രസംഗത്തില്‍ പലര്‍ക്കും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുണ്ടാകുമെങ്കിലും അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രിയം ഇവിടെ ചര്‍ച്ചയാവാത്തതില്‍ കടുത്ത എതിര്‍പ്പിലാണ് സുധാകരന്റെ അണികള്‍. തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് അധികാര കസേരയില്‍ എത്തിയപ്പോഴേക്കും മുതലാളിവര്‍ഗ മനോഭാവമുള്ളൊരു നേതാവായി വിജയന്‍ മാറി എന്ന രാഷ്ട്രിയ പ്രസ്താവനയാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ നടത്തിയത്.

സുധാകരനൊപ്പം നില്‍ക്കാന്‍ നേതാക്കള്‍ അധികം കാണില്ലെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണം കൂടുകയാണ്. കാരണം അവര്‍ കാത്തിരിക്കുന്നത് നട്ടെല്ലുള്ള ഒരു നേതാവിനെയാണ്. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഇപ്പോള്‍ നടത്തേണ്ടത് യാത്രയും ഉപ്പുകുറുക്കല്‍ സമരവുമല്ലെന്ന് നേതാക്കള്‍ക്ക് ബോധ്യമല്ലെങ്കിലും പ്രവര്‍ത്തകര്‍ക്ക് അതറിയാം. അതുകൊണ്ടാണവര്‍ സുധാകരന് കയ്യടിക്കുന്നത്. ഷാനിമോള്‍ ഉസ്മാനും പന്തളം സുധാകരനുമെല്ലാം റിവേഴ്‌സ് ക്വാറന്റീനില്‍ പോകേണ്ടിവരും എന്നതുറപ്പാണ്.

നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവാണ് ഡി.കെ. ശിവകുമാര്‍. കര്‍ണാടകത്തോടു തോളോടു തോളുരുമ്മി നില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഡി.കെയോട് ഉപമിക്കാന്‍ പറ്റുന്ന വ്യക്തിയാണ് കെ. സുധാകരന്‍. വെട്ടും കുത്തും വിപ്ലവവും ചോരപ്പുഴയുമൊഴുക്കി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കെ. സുധാകരന്‍ താന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളില്‍ നിന്നോ ഒരിക്കല്‍ സ്ഥാപിച്ചെടുത്ത നിലപാടുകളില്‍ നിന്നോ ഇന്നേവരെ പിന്നാക്കം പോയിട്ടില്ല.

ആ നിലപാട് തറയില്‍ നിന്ന് സുധാകരന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കോണ്‍ഗ്രസിലെ ചില ബിംബങ്ങള്‍ക്ക് അതിഷ്ടപ്പെടാതിരിക്കുന്നത് സ്വാഭാവികം. കേരളത്തിന്റെ ഭരണം കണ്ണൂരിലെ സി.പി.എം രാഷ്ട്രീയം നിയന്ത്രിക്കുമ്പോള്‍ കണ്ണൂരിന്റെ സ്വന്തം സുധാകരന് കേരള രാഷ്ട്രീയത്തില്‍ പറയാന്‍ ഒരുപിടിയുണ്ട്. കലാപത്തിന്റെ ഭൂമയില്‍ നിന്ന് പൊട്ടിമുളച്ച സുധാകരന് കാര്യങ്ങള്‍ അറിയാം. പക്ഷേ, രക്തപ്പുഴയൊഴുകാത്ത സമന്വയത്തിന്റെ ഒരു രാഷ്ട്രീയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉള്ളതുകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി എങ്ങനെ ഇത്രമേല്‍ പരാജയപ്പെട്ടു എന്ന് പൊതുജനസമക്ഷം വിശദീകരിക്കാന്‍ അവര്‍ക്കിനിയും സാധിച്ചിട്ടില്ല. ബി.ജെ.പി എന്ന രാഷ്ട്രീയ മുന്നണിയെ മാറ്റി വച്ചുകൊണ്ട് തങ്ങള്‍ക്ക് പറ്റിയ പരാജയകാരണങ്ങള്‍ സത്യസന്ധമായി വോട്ടര്‍മാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ യു.ഡി.എഫിന് ഇന്നും സാധിച്ചിട്ടില്ല. ഒരുപക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ വിശാരദന്മാര്‍ അത്തരത്തിലൊരു ബോധ്യപ്പെടുത്തല്‍ ജനസമക്ഷം നടത്തിയേക്കാം. അതിനെ നമുക്ക് വിശകലനം ചെയ്യാം.

കെ. സുധാകരന്‍ ബി.ജെ.പിയിലേക്കു പോകുന്നു എന്നുള്ള വാര്‍ത്തകള്‍ എത്രമേല്‍ അദ്ദേഹത്തെ വേദനിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. പരിണിതപ്രജ്ഞരായ ഒട്ടേറെ നേതാക്കള്‍ ഇരുന്ന കസേരയിലേക്ക് കെ.പി.സി.സി. അദ്ധ്യക്ഷനായി പ്രിയപ്പെട്ട കണ്ണൂരിന്റെ കരുത്തന്‍ കെ. സുധാകരനെ ആനയിക്കേണ്ടത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനു മാത്രമല്ല കേരളത്തില്‍ യു.ഡി.എഫിന്റെ ഭരണ സാധ്യതയ്ക്കു കൂടി ആവേശം പകരുന്ന ഒന്നാണ്.

വാല്‍ക്കഷണം
കെ. സുധാകരനെ വിളിക്കൂ, കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കൂ… എന്നൊന്നും മുദ്രാവാക്യ ശൈലിയില്‍ പറയുന്നില്ല പക്ഷേ, കെ. സുധാകരന് പറയാനുള്ളത് കേള്‍ക്കാം… പറയുന്നത് ചെയ്യാന്‍ പ്രാപ്തിയുള്ള വ്യക്തിയുമാണ് അദ്ദേഹം.

”ജയ് ഹിന്ദ്…”

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com