ജീമോന്‍ റാന്നി

ഫിലാഡല്‍ഫിയ: വള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സ് കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന് ഏര്‍പ്പെടുത്തിയ ജനസേവനാ പുരസ്‌ക്കാരത്തിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അര്‍ഹനായി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 5 വര്‍ഷക്കാലത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌ക്കാരം. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജനറല്‍ സെക്രട്ടറി സിജു ജോണ്‍ കണ്‍വീനര്‍ ആയുള്ള ഒരു പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് സിനു നായര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. നവംബര്‍ 14 ആം തീയതി നടക്കുന്ന വെര്‍ച്ച്വല്‍ മീറ്റിങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കുന്നതാണെന്ന് ചെയര്‍മാന്‍ സന്തോഷ് എബ്രഹാം അറിയിച്ചു. പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ ക്രിസ്റ്റി മാത്യു കേരളത്തിലെത്തി നേരില്‍ അവാര്‍ഡ് കൈമാറുന്നതാണ്. ഡോക്ടര്‍.ബിനു ഷാജിമോന്‍, റെനി ജോസഫ്, ജസ്റ്റിന്‍ ജോസ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
സമൂഹത്തില്‍ ഏറ്റവും അധികം പ്രാധാന്യം അര്‍ഹിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടത്തിയത്.
വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനൊപ്പം തോറ്റകുട്ടികളുടെ വീടുകളില്‍ നേരിട്ട്‌പോയി രക്ഷിതാക്കളുമായും മറ്റും കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ഇത് സംബന്ധിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനും ജില്ലാ കളക്ടര്‍ക്കും നല്‍കി എന്നതും മറ്റൊരു ജനപ്രതിനിധിയും ചെയ്യാത്ത പ്രവര്‍ത്തിയാണ്.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് അഭിനന്ദനകത്തുകള്‍ വര്‍ഷംതോറും സ്വന്തം ചെലവില്‍ അയക്കുന്നതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. പ്രമുഖരെ പങ്കെടുപ്പിച്ച് ഓരോ സ്‌കൂളിലും പ്രതിഭാസംഗമവും അവാര്‍ഡ് ദാന ചടങ്ങുകളും നടത്തി. സൗജന്യ ദന്തക്ഷയരോഗ ചികിത്സാക്യാംപ്, പ്രഥമം പ്രധാനം ജീവന്‍ രക്ഷാ പരിശീലനം, സ്‌കൂള്‍ ബാഗുകളും, പുസ്തകങ്ങളും സൗജന്യമായി നല്‍കിയതും , സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുവാന്‍ നേതൃത്വം നല്‍കിയതും എടുത്ത് പറയത്തക്കതാണ്. ഡിവിഷനിലെ ഓരോ പഞ്ചായത്തുകളിലെയും അംഗനവാടി കുട്ടികളുടെയും അദ്ധ്യാപകരുടെയും സംഗമം സംഘടിപ്പിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി.
പ്രളയത്തില്‍ തകര്‍ന്നുനശിച്ച ഇരവിപേരൂര്‍ വള്ളംകുളം തേജസ്സ് ബഡ്‌സ് സ്‌കൂളിലെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. ടെലിവിഷന്‍, കമ്പ്യൂട്ടറുകള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, മിക്‌സി, ഫാന്‍, കിടക്കകള്‍ തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും നല്‍കിയത്.
ജില്ലയിലെ ആരോഗ്യരംഗത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം നേതൃത്വം നല്‍കിയത്. നൂറു കണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായ കോഴഞ്ചേരി ജില്ലാ ആശുപത്രി, അയിരൂര്‍ ആയുര്‍വേദാശുപത്രി എന്നിവിടങ്ങളില്‍ ചെറുതും വലുതുമായ അനേകം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ്, ആധുനിക ഐ.സിയു ആംബുലന്‍സ് , 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വിഭാഗം, ഫാര്‍മസി, മദേഴ്‌സ് കോര്‍ണര്‍, ആധുനിക ലാബോറട്ടറി, ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം , സൗജന്യ മരുന്നു വിതരണം, ആധുനിക മോര്‍ച്ചറി, ഹൈടെന്‍ഷന്‍ കണക്ഷന്‍, കാത്തിരിപ്പ് കേന്ദ്രം, നവീകരിച്ച നടപ്പാത, സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ യൂണിറ്റ്, ലാബോറട്ടറി ഉപകരണങ്ങള്‍ വാങ്ങല്‍, പാലിയേറ്റീവ് കെയര്‍, കെട്ടിടത്തിന്റെ അറ്റകുറ്റപണി, ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ്, ഇന്‍സിനേറ്റര്‍,
അര്‍ഹരായവര്‍ക്ക് സൗജന്യ ഡയ്‌ലാസിസ്, കാന്‍സര്‍ രോഗികള്‍ക് സൗജന്യ കിമോ, തുടങ്ങി ഏകദേശം 5 കോടിയോളം രൂപയുടെ വികസനമാണ് നടത്തിയത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുള്ള പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസപ്രദമായ നടപടികളാണിത്.
അയിരൂര്‍ ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ്, ജനറേറ്റര്‍, മരുന്ന് വിതരണം, ഖരമാലിന്യ പ്ലാന്റ്, ആശുപത്രി ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ്, യോഗാ ട്രെയിനിംഗ് സെന്റര്‍, ആശുപത്രി കെട്ടിടം അറ്റകുറ്റപണി എന്നിവ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായി 5 കോടി രൂപയുടെ പേ വാര്‍ഡ് നിര്‍മ്മാണത്തിന് അനുകൂലമായ നടപടികള്‍ സ്വീകരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റ് സാമൂഹിക ഇടപെടലുകളിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശസ്തനീയമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഓണറേറിയം നിര്‍ദ്ധനരായവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍വാങ്ങുന്നതിനും മറ്റുമായി ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പ്രളയകാലത്ത് വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് അടുക്കള ഉപകരണങ്ങളും മറ്റു സാധനസാമഗ്രികളും വിതരണം ചെയ്തതും, കോവിഡ് കാലത്ത് സാമൂഹിക അടുക്കളകളില്‍ സൗജന്യ അരി വിതരണവും, പ്രതിരോധ മരുന്നുകളുടെ വിതരണവും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക്, സാനിറ്റെസര്‍, കൈയ്യുറകള്‍ എന്നിവ വിതരണം ചെയ്തുവരുന്നതും ഇദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കു മുതല്‍കൂട്ടാണ്.