അജു വാരിക്കാട്

വാഷിങ്ടണ്‍ ഡി.സി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 195500 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയധികം കോവിഡ് കേസുകള്‍ തുടര്‍മാനമായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നിരുത്തരവാദപരമായി ആണ് അമേരിക്കന്‍ പ്രസിഡന്റ് പെരുമാറുന്നത് എന്ന ആരോപണം ശക്തമായി. പാന്‍ഡമിക്ക് മൂലം ലോകമെമ്പാടുമുള്ള ഉള്ള നേതാക്കള്‍ ഇകൊല്ലത്തെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ്.

ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനുള്ള താല്പര്യമില്ലായ്മ ശനിയാഴ്ച രാവിലെ തന്നെ ട്രംപ് പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ ഉദ്ഘാടന സമയത്ത് പ്രസിഡന്റ് വീഡിയോ ലിങ്ക് വഴി വഴി പ്രത്യക്ഷപ്പെട്ടെങ്കിലും 10 മണിയോടെ മീറ്റിങ്ങില്‍ നിന്ന് ഒഴിവായി വാഷിംഗ്ടണ്‍ ഡി.സിക്ക് പുറത്തുള്ള ഗോള്‍ഫ് കോഴ്‌സിലേക്ക് പോവുകയായിരുന്നു. എന്നാല്‍ മീറ്റിങ്ങില്‍ നിന്ന് പോകുന്നതിനു മുമ്പ് ഈ ലോക നേതാക്കളോട് തനിക്ക് അവരോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് സൂചിപ്പിച്ചു.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ താന്‍ നടത്തുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയായി ആണ് ഇതിനെ കണക്കാക്കുന്നത്. നിങ്ങളുമായി വീണ്ടും വളരെകാലം പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…ട്രംപ് ലോക നേതാക്കളോടായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തന്റെ തോല്‍വി അംഗീകരിച്ചില്ലെങ്കിലും, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെയുള്ളവര്‍ ബൈഡന്റെ വിജയത്തെ അഭിനന്ദിച്ചിരുന്നു.
ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ജെയ് ഇന്‍ എന്നിവര്‍ പാന്‍ഡെമിക്കിന്റെ രണ്ടാംവരവില്‍ എടുക്കേണ്ട മെച്ചപ്പെട്ട തയ്യാറെടുപ്പും ജാഗ്രതയേയും സംബന്ധിച്ച് അവരുടെ പ്രതികരണം അറിയിച്ചു.
പ്രസിഡന്റ് ആയിരിക്കെ ഡൊണാള്‍ഡ് ട്രംപ് നാലുവര്‍ഷത്തിനിടെ 303 തവണയാണ് ഗോള്‍ഫ് ക്ലബ്ബില്‍ സന്ദര്‍ശിച്ചത്. 2016ലെ തന്റെ പ്രചാരണ വേളയില്‍ അന്ന് പ്രസിഡണ്ട് ആയിരുന്ന ബറാക് ഒബാമ ഗോള്‍ഫ് ക്ലബ്ബുകള്‍ സന്ദര്‍ശിച്ചിരുന്നതിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. താന്‍ പ്രസിഡന്റ് ആയാല്‍ ഗോള്‍ഫ് കളിക്കാന്‍ തനിക്ക് സമയം കിട്ടില്ല കാരണം താന്‍ ജോലിയില്‍ ശ്രദ്ധാലുവായിരിക്കും എന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.