ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ പാസഡീന മലയാളീ അസ്സോസിയേഷന്‍ (പി.എം.എ) സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഏഴു രോഗികള്‍ക്ക് സാന്ത്വനമേകി മുപ്പതാം വര്ഷത്തിലേക്ക് ചുവടു വയ്ക്കുന്നു. സംഘടനയുടെ അംഗങ്ങളുടെ എണ്ണത്തില്‍ കുറവെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന പി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

ഈ കോവിഡ് പശ്ചാത്തലത്തില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടെങ്കിലും സംഘടനയുടെ ക്രിസ്മസ് പുതുവത്സര സമ്മാനമായി പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനുള്ള സംരംഭത്തില്‍ അംഗങ്ങളുടെ നിര്‍ലോഭമായ സഹായമാണ് ലഭിച്ചതെന്ന് പ്രസിഡണ്ട് ജോണ്‍ ജോസഫ് (ബാബു കൂടത്തിനാലില്‍) അറിയിച്ചു. സംഭാവനായി ലഭിച്ച 3000 ഡോളര്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഏഴു രോഗികള്‍ക്കായി തുല്യമായി ക്രിസ്മസ് സമ്മാനമായി അവര്‍ക്കു ലഭിക്കത്തക്കവിധത്തില്‍ ക്രമീകരണം ചെയ്തുവെന്നും പ്രസിഡണ്ട് അറിയിച്ചു.
പി.എം.എ കഴിഞ്ഞ 29 വര്‍ഷമായി നടത്തി വരാറുള്ള പിക്‌നിക്, വാര്‍ഷിക സംഗമം എന്നിവ നടത്താന്‍ പറ്റാത്ത ഈ കോവിഡ് കാലത്ത് ഇങ്ങനെ ഒരു ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്ന് സെക്രട്ടറി ബിജു ഇട്ടനും ട്രഷറര്‍ തോമസ് ഉമ്മനും പറഞ്ഞു.
2021 ല്‍ മുപ്പതാം വര്ഷത്തിലേക്കു കടക്കുമ്പോള്‍ കേവലം 50 സജീവ അംഗങ്ങള്‍ മാത്രമുള്ള ഈ സംഘടന അമേരിക്കയിലെ മറ്റു പല വലിയ സംഘടനകളേക്കാളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. വിവിധ നിലകളില്‍ ദുരിതമനുഭവിച്ച 200 ല്‍ പരം വ്യക്തികളെ സാമ്പത്തികമായി സഹായിച്ചു.
ഹൂസ്റ്റണില്‍ ഹാര്‍വി ആഞ്ഞടിച്ചപ്പോള്‍ ആരെക്കാളും മുമ്പില്‍ തന്നെ പാസഡീന മേയറെ കണ്ട് 5000 ഡോളര്‍ നല്‍കുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. ചുറ്റുപാടിലും നാട്ടിലും ഉള്ള പാവപെട്ടവരോടുള്ള കടപ്പാടുകള്‍ കാലാകാലങ്ങളില്‍ ഒത്തൊരുമയോടെ ഒരു കുടുംബമായി മുമ്പോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഓരോ അംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായും ബാബു കൂടത്തിനാലില്‍ പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് വര്‍ക്കി, രാജന്‍ ജോണ്‍, ബിനു കോശി, വില്‍സണ്‍ ജോണ്‍, ജോഷി വര്‍ഗീസ്, ജോമോന്‍ ജേക്കബ്, ഫെലിക്‌സ് കരിയിക്കല്‍, റിച്ചാര്‍ഡ് സ്‌കറിയ എന്നിവര്‍ പ്രത്യേക യോഗത്തില്‍ സംസാരിച്ചു. മുപ്പതാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ പുതുവത്സരത്തില്‍ എല്ലാ അംഗങ്ങളെയും ആദരിക്കുന്നതിനും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു സംഘടയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു.