വാഷിങ്ടണ്‍: ജോര്‍ജിയ സംസ്ഥാനത്ത് നിന്നും സെനറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡൊണാള്‍ഡ് ട്രംപിനും തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം നടന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ റഫായേല്‍ വാര്‍നോക്ക്, ജോണ്‍ ഓസോഫ് എന്നിവര്‍ വിജയിച്ചു. ഇതോടെ യു.എസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചു. വിജയത്തോടെ 100 അംഗ സെനറ്റില്‍ ഇരു പാര്‍ട്ടികള്‍ക്കും 50 സീറ്റുകള്‍ വീതം ലഭിച്ചു.

ജോ ബൈഡന്റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികളുടെ ആക്രമണം ഉണ്ടായത്. കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷ വലയം ഭേദിച്ച് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികലികളാണ് പാര്‍ലമെന്റിന് അകത്തേക്ക് കടന്നത്. പൊലീസുകാരുമായി ഉന്തുംതള്ളലും ആരംഭിച്ച പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്റിന്റെ കവാടങ്ങള്‍ ഉടന്‍ തന്നെ അടച്ചു പൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ അകത്തേക്ക് കടക്കുന്നത് തടയാന്‍ സാധിച്ചില്ല. പ്രതിഷേധത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും മികച്ച രീതിയില്‍ സമ്മേളിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ സെനറ്റിലേക്കും സഭാഹാളിലും വരെ എത്തിയതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചിരുന്നു. യു.എസ് കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. അമേരിക്കന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമത്തിന്റെ ഞെട്ടലിലാണ് ലോകം. യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.
സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ജോബൈഡന്‍ രംഗത്ത് എത്തി. കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നാണ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ആക്രമത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പല ലോക നേതാക്കളും സംഭവത്തെ അപലപിച്ചു.