വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനിടെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപിനെക്കാളും ജോ ബൈഡനെക്കാളും കെന്റുക്കിയില്‍ സര്‍വ്വേയില്‍ മുന്നിലെത്തി എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് റാപ്പര്‍ ആയ കെയ്‌നി വെസ്റ്റ്. ചൊവ്വാഴ്ച മുതല്‍ കെന്റുക്കിയില്‍ വോട്ടിംഗ് ആരംഭിച്ചിട്ടുളളതാണ്.

താന്‍ മുന്നിലെത്തിയത് നൃത്തം ചെയ്ത് ആഘോഷിക്കുന്ന കെയ്‌നി വെസ്റ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ പിന്നീടാണ് സത്യാവസ്ഥ പുറത്ത് വന്നത്. സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ച ഒരു വ്യാജ സര്‍വ്വേ ഫലം ആണ് കെയ്‌നി വെസ്റ്റ് ട്വീറ്റ് ചെയ്തത്. ഡൊണാള്‍ഡ് ട്രംപിനേയും ജോ ബൈഡനേയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് കെയ്‌നി വെസ്റ്റ് എത്തി എന്നാണ് വ്യാജ സര്‍വ്വേയിലുളളത്. ലെക്‌സ് 18 എന്ന ന്യൂസ് മീഡിയ തങ്ങളുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി തയ്യാറാക്കിയ ടെസ്റ്റ് സര്‍വ്വേ ഫലത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് യഥാര്‍ത്ഥത്തില്‍ പ്രചരിച്ചത്.

യഥാര്‍ത്ഥ സര്‍വ്വേ അല്ലെന്ന് വ്യക്തമായതോടെ സോഷ്യല്‍ മീഡിയയില്‍ കെയ്‌നി വെസ്റ്റിന് ട്രോള്‍ പൂരമാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മുന്നോടിയായ സര്‍വ്വേകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ് മുന്നിലുളളത്. വാഷിംഗ്ടണ്‍ പോസ്റ്റ് എബിസി ന്യൂസ് സര്‍വേയില്‍ ബെഡന് പിന്തുണ 55 ശതമാനം ആണ്. നിലവിലെ പ്രസിഡണ്ട് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് 43 ശതമാനം ആളുകളുടെ പിന്തുണയാണ് ഉളളത്. സി.എന്‍.എന്‍, എസ്.എസ്.ആര്‍എ.സ്, ഫോക്‌സ് ന്യൂസ് സര്‍വ്വേകളിലും ഡൊണാള്‍ഡ് ട്രംപിനേക്കാളും മുന്നിലാണ് ജോ ബൈഡന്‍.