വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ തിരഞ്ഞെടുപ്പ് വിധി ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കാത്ത കാലത്തോളം രാജ്യത്ത് മരണങ്ങള്‍ വര്‍ധിക്കുമെന്ന് ജോ ബൈഡന്‍. കോവിഡില്‍ ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു ബൈഡന്റെ മുന്നറിയിപ്പ്. തന്റെ ഭരണകൂടത്തിന് കോവിഡ് പ്രതിരോധത്തില്‍ ഇടപെടാനും വാക്‌സിനുകള്‍ വിതരണം ചെയ്യാനും ഇത് തടസ്സമാകുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മള്‍ ഇത് ഏകോപിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് കാണേണ്ടി വരുമെന്ന് ഡെലവേറില്‍ മാധ്യമപ്രവര്‍ത്തകരോട് ബൈഡന്‍ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. താനാണ് തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ട്രംപ് ഇതുവരെ അധികാരം ബൈഡനായി നല്‍കിയിട്ടില്ല. ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനിലെ ട്രംപ് നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ഇതുവരെ ഭരണകൈമാറ്റത്തിന് നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ഇത് നിയമപരമായി ചെയ്യേണ്ട കാര്യമാണ്.

ഇത് ലഭിച്ചാല്‍ മാത്രമേ ബൈഡന്റെ ടീമിന് ബജറ്റ് ലഭിക്കൂ. അത് കൊണ്ട് മാത്രമേ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുമാകൂ. ഇന്റലിജന്‍സ് ചര്‍ച്ചകളും ഫെഡറല്‍ ഏജന്‍സികളുടെ മേലുള്ള നിയന്ത്രണവും ഇതിലൂടെ മാത്രമേ ലഭിക്കൂ. ഇത് കൈമാറിയാല്‍ വൈറ്റ് ഹൗസിലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന് ട്രംപ് കരുതുന്നുണ്ട്. എന്നാല്‍ ട്രംപിനെ മാറ്റുക ദുഷ്‌കരമാകുമെന്നാണ് സൂചന.
ഇപ്പോഴുള്ള രീതിയില്‍ പ്രശ്‌നങ്ങളുണ്ട്. പ്രസിഡന്റ ്ട്രംപ് പങ്കെടുത്താല്‍ മാത്രമേ പ്രതിസന്ധികള്‍ പരിഹരിക്കാനാവൂ. ജനുവരി 20ന് മുമ്പ് ആ ബോധം ട്രംപിന് ഉണ്ടാവുമെന്നാണ് കരുതുന്നത്. യുഎസ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടു. വ്യാപാരങ്ങള്‍ക്കും തൊഴില്‍രഹിതരായ അമേരിക്കന്‍ യുവാക്കള്‍ക്കും ധനസഹായം നല്‍കുന്ന കാര്യത്തില്‍ ട്രംപിന് ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചില്ലെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.
ട്രംപ് ഇപ്പോഴും ഗോള്‍ഫ് കളിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നും ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. മാസ്‌ക് ധരിക്കാനുള്ള റിപബ്ലിക്കന്‍ ഗവര്‍ണര്‍മാരുടെ ആഹ്വാനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.ട്രംപിന്റെ കോവിഡ് പ്രതിരോധ ഉപദേഷ്ടാവ് സ്‌കോട്ട് അറ്റ്‌ലസിനെതിരെയും ബൈഡന്‍ രംഗത്തെത്തി. നേരത്തെ അറ്റ്‌ലസ് മാസ്‌ക് ധരിക്കണമെന്ന ആഹ്വാനത്തിനെതിരെ പ്രതികരിച്ചിരുന്നു. എല്ലാവരും ഇതിനെ എതിര്‍ക്കണമെന്നായിരുന്നു ആവശ്യം.
ഇവര്‍ക്കൊക്കെ എന്താണ് സംഭവിച്ചിരിക്കുന്നത്. ആരോഗ്യത്തിലും ജീവനിലും എന്തെങ്കിലും ആശങ്കയുള്ളവര്‍ മാസ്‌കിലൂടെ ജീവന്‍ രക്ഷിക്കാമെന്ന് പറയുന്നു. ഇവര്‍ എന്താണ് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും ബൈഡന്‍ ചോദിച്ചു. യുഎസ് ഇക്കോണമി പ്രതിസന്ധി ഘട്ടത്തിലേക്കാണ് പോകുന്നത്. കോവിഡ് വാക്‌സിന്‍ വരുന്നതിനേക്കാള്‍ മുമ്പ് നമുക്ക് വളരെ കഠിനമായ ശൈത്യ കാലത്തെ നേരിടേണ്ടി വരും. അതേസമയം യുഎസ് കോണ്‍ഗ്രസ് വിവിധ സംസ്ഥാന സര്‍ക്കാരുകളെയും തൊഴിലാളികളെയും അധ്യാപകരെയും ആരോഗ്യ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.