വാഷിങ്ടണ്: കൊവിഡി ബാധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് വേണ്ടി അദ്ദേഹത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചു. അടുത്തമാസം മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപിന്റെ പ്രചാരണം ഈ ഘട്ടത്തില്‍ നടക്കില്ല. അതേസമയം, പാര്‍ട്ടി പ്രചാരണം ശക്തമാക്കുന്നുണ്ട്. ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് രോഗത്തെ നിസാരമായി കണ്ടിരുന്ന വ്യക്തിയാണ് ട്രംപ്. പലപ്പോഴും കൊറോണയെ കുറിച്ചുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ താക്കീതുകള്‍ അദ്ദേഹം നിസാരവല്‍ക്കരിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഭാര്യ മെലാനിയ ട്രംപിനും രോഗമുണ്ട്. ഈ പ്രഖ്യാപനം വന്ന ശേഷം ട്രംപിനെ പരസ്യമായി കണ്ടിട്ടില്ല. വൈറ്റ് ഹൗസില്‍ നിന്ന് മാസ്‌ക് ധരിച്ച് പുറത്തേക്ക് പോകുന്നതാണ് ഏറ്റവും ഒടുവിലുള്ള കാഴ്ച. നേരത്തെ മാസ്‌ക് ധരിക്കാതെയാണ് പലപ്പോഴും ട്രംപ് യാത്ര ചെയ്തിരുന്നത്. വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ട്രംപ് വാഷിങ്ടണ് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് പോയി. ഇവിടെ ചികില്‍സയിലാണ് ട്രംപ്.

തനിക്കും പത്‌നിക്കും രോഗം ബാധിച്ചുവെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ട്രംപ് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. അടുത്ത കുറച്ച് ദിവസം പ്രസിഡന്റിന്റെ ജോലി സൈനിക ആശുപത്രിയില്‍ വച്ച് ട്രംപ് നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലിങ് മക് എനാനി പറഞ്ഞു. കൊറോണ രോഗത്തിന്റെ നേരിയ ലക്ഷണങ്ങളാണ് ട്രംപിനുള്ളത് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. രോഗം മൂര്‍ഛിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് കരുതുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണമാണ് ഈ ഘട്ടത്തില്‍ പ്രതിസന്ധിയിലാകുന്നത്.
നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് പിന്നിലാണ് ട്രംപ്. പുതിയ സാഹചര്യത്തില്‍ അദ്ദേഹം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുക കൂടി ചെയ്താല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നു. നിലവില്‍ പ്രചാരണ രംഗത്ത് ബൈഡന്‍ മാത്രമാണുള്ളത്. ട്രംപ് കുഴിച്ച കുഴിയില്‍ ട്രംപ് തന്നെ വീണ കഥ ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം നഷ്ടം വിതച്ച രാജ്യമാണ് അമേരിക്ക. രാജ്യത്ത് രോഗവ്യാപന ഭീതി ഉയര്‍ന്ന വേളയിലും ട്രംപ് നിസാരമാക്കിയാണ് പ്രതികരിച്ചത്.
കൊറോണയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്ന വിലയിരുത്തലാണുള്ളത്. അതേസമയം, പ്രചാരണം തുടങ്ങി ദിവസങ്ങള്‍ പിന്നിടവെ അദ്ദേഹം നേരിയ മുന്നേറ്റം നടത്തിയിരുന്നു. തീവ്ര വലതുപക്ഷ സംഘടനകള്‍ ഇദ്ദേഹത്തിന്റെ പ്രചാരണത്തിന് ശക്തി പകര്‍ന്നുവരവെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചത്.