ജീമോന്‍ റാന്നി

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഒരു മലയാളി ടച്ച്. അതെ ഒരു കുമ്പനാട്ടുകാരന്‍ സ്റ്റാന്‍ലി ജോര്‍ജ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാവുന്നു. സ്ഥാനാര്‍ത്ഥിയായല്ല എന്ന് മാത്രം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്ന സംഘത്തിലെ ഏക ഇന്ത്യന്‍ അംഗമാണ് സ്റ്റാന്‍ലി ജോര്‍ജ്. ട്രംപിന്റെ രണ്ടാമൂഴം സ്റ്റാന്‍ലിയുടെ തന്ത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് പറയാം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരെ പ്രചാരണത്തിന് ഇറക്കുക, അവരെ പ്രചാരണ വിഷയങ്ങള്‍ പഠിപ്പിക്കുക, താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുക, തന്ത്രങ്ങളെക്കുറിച്ചു ബോധമുള്ളവരാക്കുക തുടങ്ങി പിടിപ്പതു പണിയുണ്ട് സ്റ്റാന്‍ലിക്ക്. അതിനൊപ്പം വോട്ടര്‍മാരുടെ മനസ് പഠിക്കണം. കാറ്റ് വീശുന്നത് ഏതു പക്ഷത്തേക്കെന്ന് മനസിലാക്കണം. പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തണം. ഇടയ്ക്കിടെ സര്‍വേ നടത്തി ട്രെന്‍ഡ് മനസിലാക്കണം. വോട്ടര്‍മാരുമായി നിരന്തര ആശയ വിനിമയം, കോണ്‍ഫറന്‍സ് കോളുകള്‍, ചര്‍ച്ചകള്‍.
ഇതിനിടെ കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍, സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പടെ നേരിടുന്ന എതിര് പ്രചാരണങ്ങളില്‍ നിന്ന് ജന ശ്രദ്ധ തിരിക്കണം. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉദാരവല്‍ക്കരണ അജന്‍ഡകളെ തുറന്നു കാട്ടി എതിരാളികളുടെ നാവടപ്പിക്കണം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും കോവിഡ് ഭീഷണി മറികക്കാനുമുള്ള മാര്‍ഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും വാര്‍ത്താ മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നതും സ്റ്റാന്‍ലിയുടെ പ്രചാരണ സംഘമാണ്.
അമേരിക്കയിലെ മുതിര്‍ന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ എഡ് റോളിന്‍സിന്റെ അസോഷ്യേറ്റായി 20 വര്‍ഷമായി സ്റ്റാന്‍ലി ജോലി ചെയ്യുന്നു. മാര്‍ച്ച മുതല്‍ ട്രംപിന്റെ പ്രചാരണ ചുമതലയിലാണ്. ഓരോ ദിവസവും 16 മണിക്കൂറിലേറെ പ്രചാരണസംഘത്തില്‍ ജോലി ചെയ്യുന്ന സ്റ്റാന്‍ലി ട്രംപ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ യുള്ള ക്യാമ്പയിന് ലീഡേഴ്സുമായി നിരന്തരം ബന്ധപ്പെട്ടു ഡെയിലി അപ്ഡേറ്റ്സ് നല്‍കുന്നത് സ്റ്റാന്‍ലിയാണെന്ന് പറഞ്ഞപ്പോള്‍ ലേഖകനു അഭിമാനം തോന്നി.
ഓരോ വോട്ടും ട്രംപിന് ഉറപ്പിക്കുന്ന പരിപാടികളുമായി വാക്കേപ്പടിക്കല്‍ സ്റ്റാന്‍ലി ജോര്‍ജ് തിരക്കിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ പഴയ തിരഞ്ഞെടുപ്പു കാലമാണ് മനസിലെന്നു ലേഖകനുമായി സംസാരിച്ചപ്പോള്‍ സ്റ്റാന്‍ലി പറഞ്ഞു. നാട്ടിലെ പ്രചാരണ പരിപാടികളുമായി പുലബന്ധമില്ലെങ്കിലും തിരഞ്ഞെടുപ്പു കാലം വോട്ടു പിടിക്കാനിറങ്ങുന്ന മലയാളിയുടെ ആവേശം സ്റ്റാന്‍ലിയുടെ ഓരോ നീക്കങ്ങളിലുമുണ്ട്, കുമ്പനാട്ടെ പഴയ കെ.എസ്.യുക്കാരന്റെ ആവേശം.
70കളുടെ അവസാനം പുനലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമാകാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് സ്റ്റാന്‍ലി. അന്ന് കെ.എസ്.യു പ്രസിഡന്റായിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പറ്റി പറയുമ്പോള്‍ നൂറു നാവാണ് സ്റ്റാന്‍ലിയ്ക്ക്. രമേശും മറ്റു കോണ്‍ഗ്രസ് നേതാക്കളുമായുണ്ടായിരുന്ന സുദൃഢ ബന്ധങ്ങള്‍ ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
റാന്നി സെന്റ് തോമസ് കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം തിരുവല്ല മാര്‍ത്തോമ്മാ കോളജിലും ബെംഗളൂരു എന്‍.ഐ.ഐ.ടി.യിലുമാണ് പിന്നീട് സ്റ്റാന്‍ലി പഠിച്ചത്. ബാലജന സഖ്യത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യന്‍ പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായിരുന്ന പരേതനായ വി.സി ജോര്‍ജിന്റെ മകനായ സ്റ്റാന്‍ലി ഐ.പി.സി സഭയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐ.പി.സി യുവജന സംഘടയായ പി.വൈ.പി.എ, വൈ.എം.സി.എ, ഇന്ത്യന്‍ യൂത്ത് അസോസിയേഷന് തുടങ്ങിയ സംഘടനകളിലും നേതൃരംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റാന്‍ലി 90കളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറി. യു.എസില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദം എടുത്തു. ഭാര്യ: ഷിര്‍ലി മക്കള്‍: ഷേബാ, ഷെറിന്, സ്റ്റെയ്സി,സ്റ്റെയ്സണ്‍, ഷെയ്ന.