ന്യൂയോര്‍ക്ക്: മറവി രോഗത്തെ (ഡിമെന്‍ഷ്യ) കുറിച്ചുള്ള ഗവേഷണത്തിന് അമേരിക്കന്‍ മലയാളി ഉള്‍പെട്ട ഗവേഷണ സംഘത്തിന് 102കോടി. കോഴിക്കോട് സ്വദേശിയും ന്യൂയോര്‍ക്കിലെ വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. ജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് 13.8 മില്യണ്‍ ഡോളറിന്റെ (102 കോടി രൂപ) അമേരിക്കന്‍ സ്റ്റേറ്റ് ഗവേഷണ സഹായധനം ലഭിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ആല്‍ബെര്‍ട്ട് ഐന്സ്റ്റൈന് സ്കൂള്‍ ഓഫ് മെഡിസിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററാണ് ഡോ. ജോ വര്‍ഗീസ്.
മറവിരോഗം തടയുന്നതിനും തലച്ചോറിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെത്തുന്നതിനും ചികിത്സയ്ക്കുമുള്ള ഗവേഷണങ്ങളാണ് ഡോ. ജോയും സംഘവും നടത്തുന്നതെന്ന് ഡോ. ജോ വര്‍ഗീസ് പറഞ്ഞു. ഗ്രാന്‍ഡിന്റെ വിനിയോഗം ഭാഗികമായി ഇന്ത്യയിലെ ആശുപത്രികളുമായി സഹകരിച്ചായിരിക്കും. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍, മെയ്ത്ര ആശുപത്രികളെ ഗവേഷണത്തില്‍ പങ്കാളികളാക്കും.
ഐ.സി.എം.ആറിന്റെ അനുമതിയോടെയായിരിക്കും ഇത്. മുമ്പ് ശ്രീചിത്ര ആശുപത്രിയുമായി സഹകരിച്ച് ഐന്സ്റ്റൈന് സ്കൂള്‍ ടീം ഗവേഷണം നടത്തിയിട്ടുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏജിങ് ആണ് ഡോ. ജോയെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും ഗവേഷണ സഹായധനത്തിന് തിരഞ്ഞെടുത്തത്. അഞ്ചുവര്‍ഷമാണ് ഗവേഷണ കാലാവധി.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയും ഹവാക്കര്‍ ഫുട്വേര്‍ സ്ഥാപകന്‍ വര്‍ഗീസ് ജോസഫിന്റെ മകനുമായ ഡോ. ജോ 20 വര്‍ഷമായി അമേരിക്കയിലാണ്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലും ദേവഗിരി കോളജിലും ബംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലും പഠനം നടത്തി. യു.കെയില്‍ നിന്ന് എം.ആര്.സി.പി നേടി. ഡോ. ആന്‍ ഫെലീഷ്യ ഭാര്യയും എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ഡേവിഡ്, സോഷ്യോളജി വിദ്യാര്‍ഥിനി ടാനിയ എന്നിവര്‍ മക്കളുമാണ്.