തൃശൂര്‍: മലയാളികളുടെ എന്നല്ല ലോകത്തിന്റെ പ്രിയ ഫുട്‌ബോള്‍ താരമായിരുന്ന ഡീഗോ മറഡോണയെ സുഹൃത്തും ബ്രാന്‍ഡ് അംബാസഡറും ആക്കി മാറ്റി വിസ്മയിപ്പിച്ച ആളാണ് ബോബി ചെമ്മണ്ണൂര്‍. അടുത്തതായി ചെമ്മണ്ണൂരിന്റെ സുഹൃദ് വലയത്തിലേക്ക് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടന്നുവരുമോ എന്നാണറിയേണ്ടത്.

ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം കാര്‍ ലേലത്തിന് വയ്ക്കുകയാണെന്നാണ് വാര്‍ത്തകള്‍. ആ കാര്‍ ലേലത്തില്‍ പിടിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂര്‍. ബോബി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മെക്കം ഓക്ഷന്‍സ് ആണ് കാര്‍ ലേലത്തില്‍ വച്ചിരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ ലേല വെബ്‌സൈറ്റ് ആണിത്. മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 2.2 കോടിയ്ക്കും 2.9 കോടിയ്ക്കും ഇടയില്‍.

പുതിയ മോഡല്‍ റോള്‍സ് റോയ്‌സ് ആണ് ഇത് എന്ന് കരുതരുത്. 2010 ല്‍ ആണ് ട്രംപ് ഈ കാര്‍ സ്വന്തമാക്കുന്നത്. അന്ന് ആകെ റോള്‍സ് റോയ്‌സ് പുറത്തിറക്കിയത് വെറും 573 കാറുകള്‍ മാത്രമായിരുന്നു. ചുരുങ്ങിയ കാറുകള്‍ മാത്രമേ റോള്‍സ് റോയ്‌സ് ഓരോ വര്‍ഷവും പുറത്തിറക്കാറുള്ളു. പത്ത് വര്‍ഷം പഴക്കമുള്ള ഈ റോള്‍സ് റോയ്‌സ് ഫാന്റം ഇതുവരെ ഓടിയത് 91,249 കിലോമീറ്ററുകള്‍ ആണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിന് മുമ്പായിരുന്നു ഈ കാര്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴിത് ട്രംപിന്റെ ഉടമസ്ഥതയിലും അല്ല.
പുതിയ റോള്‍സ് റോയ്‌സ് ഫാന്റം കാറുകള്‍ക്ക് ഇന്ത്യയിലെ വില ഒമ്പത് കോടി രൂപയോളം ആണ്. അത് നിരത്തിലിറങ്ങുമ്പോള്‍ പത്ത് കോടിയ്ക്ക് പുറത്ത് വരും ചെലവ്. അങ്ങനെ നോക്കുമ്പോള്‍ പത്ത് വര്‍ഷം പഴക്കമുള്ള ട്രംപിന്റെ കാറിന്റെ വില അത്ര കൂടുതലല്ല എന്നാണ് പറയുന്നത്. ആഡംബരത്തിന്റെ അവസാന വാക്കുകളായ തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ എന്നിവയെല്ലാം ഈ 2010 ഫാന്റത്തിലും ഉണ്ട്.
ബോബി ചെമ്മണ്ണൂര്‍ ഒരു തമാശയ്ക്ക് വേണ്ടിയോ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയോ വെറുതേ പറഞ്ഞതല്ല ഇത്. തങ്ങളുടെ ടെക്‌സാസ് ഓഫീസ്, ലേലത്തില്‍ പങ്കെടുക്കാനുള്ള പ്രാരംഭ നടപടികളില്‍തുടങ്ങി എന്ന് ബോബി ചെമ്മണ്ണൂര്‍ വാര്‍ത്ത ഏജന്‍സിയായ അയാന്‍സിനോട് പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി പിന്നീട് ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. അടിസ്ഥാന വില മാത്രം മൂന്ന് കോടിയോളം പരൂപ പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. എന്നാല്‍ ലേലത്തുക എത്രത്തോളം ഉയര്‍ന്നുപോകുമെന്ന് പറയാന്‍ പറ്റില്ല. എന്തായാലും ഈ കാറിന് പിറകേ താന്‍ ഉണ്ടാകുമെന്ന് തന്നെയാണ് ബോബി വ്യക്തമാക്കുന്നത്.
കാറിനൊപ്പം മറ്റൊരു ബോണസ് കൂടിയുണ്ട്. അത് ഡൊണാള്‍ഡ് ട്രംപിന്റെ കൈയ്യൊപ്പാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത് എന്നും ഏറ്റവും മികച്ചതാണെന്നും, ബെസ്റ്റ് ഓഫ് ലക്ക് എന്നും എഴുതിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കൈയ്യൊപ്പാണിത്. ലേലം നടക്കുമ്പോഴേക്കും ഡൊണാള്‍ഡ് ട്രംപ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി മാറിയിട്ടുണ്ടാകും. 1പത്ത് വര്‍ഷം പഴക്കമുണ്ടെങ്കിലും ഇപ്പോഴും മികച്ച ശ്രേണിയില്‍ തന്നെ നില്‍ക്കും ഈ ഫാന്റം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്നതിന് വെറും 5.2 സെക്കന്റുകള്‍ മാത്രം മതി. 240 കിലോമീറ്റര്‍ ആണ് ഒരു മണിക്കൂറില്‍ ഈ കാറിന്റെ പരമാവധി വേഗം.
ഉണ്ട് ബോബി ചെമ്മണൂരിന്റെ കൈയ്യില്‍ ഇതിനകം തന്നെ ഒരു റോള്‍സ് റോയ്‌സ് ഫാന്റം കാര്‍ ഉണ്ട്. ഫാന്റം 6 സീരീസിലുള്ള ഈ കാര്‍ റോള്‍സ് റോയ്‌സ് ടാക്‌സിയായി ഓടിച്ചും ബോബി ചെമ്മണൂര്‍ ശ്രദ്ധ നേടിയിരുന്നു. സാധാരണക്കാരുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി എന്നാണ് അതിനെ ബോബി വിശദീകരിച്ചത്.