പി.പി ചെറിയാന്‍

ഡാളസ്: ഈശ്വരസൃഷ്ടിയുടെ മകുടമാണ് മനുഷ്യനും, മനോഹരിയായ പ്രകൃതിയും ഇവ രണ്ടിനേയും ഒരു പോലെ സ്‌നേഹിക്കുകയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്ഥതപുലര്‍ത്തുകയും അജഗണപരിപാലനത്തില്‍ പുതിയ മാനംകണ്ടെത്തുകയും ചെയ്ത മുന്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രപൊലീത്ത മാര്‍ത്തോമാ സഭയുടെ ഇരുപത്തിരണ്ടാമത് പരമാധ്യക്ഷനായി നവംബര്‍ 14 ശനിയാഴ്ച രാവിലെ 8 ന് സ്ഥാനാരോഹണം ചെയ്യപ്പെടുന്നുവെന്നത് ആഗോള മാര്‍ത്തോമാ സഭാ വിശ്വാസികളെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണ്.

ഡോ അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ പ്രത്യകം കൂദാശ ചെയ്യപ്പെട്ട മദ്ഹബഹയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. .തുടര്‍ന്നു കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു രാവിലെ 11 നു ചേരുന്ന അനുമോദന സമ്മേളനത്തില്‍ സഹോദരിസഭകളിലെ മേലധ്യക്ഷന്മാരും സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കുമെന്നു ഡോ യുയാകിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അറിയിച്ചു.
അഷ്ടമുടി ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകയിലെ കിഴക്കേ ചക്കാലയില്‍ ഡോ. കെ.ജെ ചാക്കോയുടേയും മേരിയുടെയും മകനായി 1949 ഫെബ്രുവരി 19ന് ആയിരുന്നു ജനനം. കോട്ടയം എ.ംടി സെമിനാരി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബസേലിയസ് കോളജില്‍ നിന്നും ബിരുദ പഠനവും പൂര്‍ത്തീകരിച്ചു. തുടര്‍ന്നു ദൈവീകവിളി ഉള്‍കൊണ്ട് ജബല്‍പൂര്‍ ലിയനോര്‍ഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. 1972 ഫെബ്രുവരി 4ന് സഭയുടെ പൂര്‍ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.
1989 ഡിസംബര്‍ 9ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, യൂയാക്കിം മാര്‍ കൂറിലോസ് എന്നിവരോടൊപ്പം ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് സഭയുടെ മേല്‍ പട്ടസ്ഥാനത്ത് അവരോധിതനായി..2020 ജൂലൈ 12 നു ഞായറാഴ്ച രാവിലെ 9ന് തിരുവല്ല പൂലാത്തിന്‍ ചാപ്പലില്‍ സഫ്രഗന്‍ ഇന്‍സ്റ്റലേഷന്‍ സര്‍വീസില്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയമിതനായി. ജോസഫ് മാര്‍ത്തോമാ 2020 ഒക്ടോബര്‍ 18 നു കാലം ചെയ്തതിനെ തുടര്‍ന്നു മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ചുമതലകള്‍ നിര്‍വഹിച്ചു.